2019 November 22 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നിപാ: യജ്ഞത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും; സ്‌കൂളുകള്‍ 12 ന് തന്നെ തുറക്കും

കോഴിക്കോട്: നിപാ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

ജീവന്‍ പണയം വെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും മറ്റും മുന്നില്‍ നില്‍ക്കുകയും അപകടകരമായ വൈറസ് ഭീതി എത്രയും വേഗത്തില്‍ ഇല്ലാതാക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത എല്ലാവരെയും ആദരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല. ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കും.

നിപാ അകന്നു, ജാഗ്രത ജൂണ്‍ അവസാനം വരെ തുടരും

നിപായുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകന്നതായും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും എന്നാലും ജൂണ്‍ അവസാനം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയില്‍ ഇതുവരെ 18 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ 16 പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളെ തിങ്കളാഴ്ചയും, മറ്റൊരാളെ 14 നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബാക്കി പരിശോധിച്ച 317 കേസുകളും നെഗറ്റീവാണ്. സമ്പര്‍ക്ക ലിസ്റ്റില്‍ 2649 പേരാണ് ഉണ്ടായിരുന്നത്. നിരീക്ഷണ സമയപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ 1219 പേരെ ഒഴിവാക്കി. ഇനി പട്ടികയില്‍ അവശേഷിക്കുന്നത് 1430 പേരാണ്. 12ാം തിയ്യതിയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

നിപാ വൈറസ് വ്യാപനം തടുന്നതിന് തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ വകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു. കൂട്ടായ്മയുടെ വിജയമാണിതെന്ന് യോഗം വിലയിരുത്തി.

യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍:

 • ആശങ്ക അകന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ ഇളവു വരുത്തി. കൂട്ടായ്മകള്‍ക്കും നിയന്ത്രണമില്ല. എന്നാലും ജൂണ്‍ അവസാനം വരെ സ്വയം നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്.
 • സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 ന് തന്നെ തുറക്കും
 • സ്‌കൂളുകളുകള്‍ തുറക്കുന്നതിനു മുമ്പ് ശുചീകരണം ഉറപ്പാക്കണം
 • സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളവരെ പേടിക്കുകയോ അവരോട് സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. അവരെ ഒറ്റപ്പെടുത്താന്‍ പാടില്ല. ജാഗ്രത ഉണ്ടായാല്‍ മതി.
 • സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയ 23 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
 • കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കലക്ടറുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിപ സെല്ലും കോള്‍ സെന്ററും 15 വരെ തുടരും
 • 15 നുശേഷം സിവില്‍ സ്റ്റേഷനില്‍ സെല്‍ പ്രവര്‍ത്തിക്കും. ജൂണ്‍ അവസാനം വരെ ഇത് തുടരും
  വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരും.
 • ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും, പോരായ്മകള്‍ പരിഹരിക്കും
 • മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം മെച്ചപ്പെടുത്തും
 • നിലവിലുള്ള ചെസ്റ്റ് ഹോസ്പിറ്റല്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് ആക്കുന്ന കാര്യം പരിശോധിക്കും. ചെസ്റ്റ് ആശുപത്രിക്ക് മെഡിക്കല്‍ കോളേജിനകത്ത് വേറെ സൗകര്യം കണ്ടെത്തും.
 • മെഡിക്കല്‍ കോളേജിന് 13 വെന്റിലേറ്ററുകള്‍ കൂടി ജില്ലയിലെ എം.എല്‍.എമാര്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കും.
 • ബീച്ച് ആശുപത്രിക്കും രണ്ട് വെന്റിലേറ്ററുകള്‍ അനുവദിക്കും. ജില്ലയിലെ എം.പിമാരോടും വെന്റിലേറ്ററുകള്‍ അനുവദിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.
 • കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ വൈറോളജി ലാബ് യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്ട
 • വൈറോളജി ഗവേഷണ കേന്ദ്രവും എത്രയും വേഗം യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി.
 • ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാലിന്യ നിര്‍മാര്‍ജ്ജനവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ജൂണ്‍ 14 നുള്ളില്‍
 • എല്ലാ നിയോജക മണ്ഡലങ്ങളിലും രാഷ്ട്രീയ പ്രതിനിധികളുടയും ജനപ്രതിനിധികളുടെയും യോഗം ചേരും.
  തുടര്‍ന്ന് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ യോഗം ചേരും
 • വീടുകള്‍ മുതല്‍ ഓഫീസുകള്‍ വരെ ശുചീകരണം ഉറപ്പാക്കും. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു ചേർന്ന യോഗം

യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, സി.കെ നാണു, പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, പാറക്കല്‍ അബ്ദുള്ള, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി. അരുണ്‍കുമാര്‍, എ.ഡി.എം. ടി.ജനില്‍കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News