2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നിപായ്ക്ക് കാരണം പ്രകൃതിയെ മുറിവേല്‍പ്പിച്ചത്

  • നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി
  • ജീവികളുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടുന്നത് ഭീഷണിയാകും
കെ.ജംഷാദ്

കോഴിക്കോട്: നിപാ വൈറസ് ബാധയ്ക്കു പിന്നില്‍ പ്രകൃതിയിലുണ്ടായ വ്യതിയാനങ്ങളെന്ന് വൈറസിനെക്കുറിച്ച് പഠിച്ച പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ലോക പരിസ്ഥിതി ദിനത്തിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. പ്രകൃതിയെ മുറിവേല്‍പ്പിച്ചതു മൂലമാണ് നിപാ വൈറസ് പൊട്ടിപുറപ്പെടാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോഴിക്കോട്ടെ വൈറസ് ബാധയെക്കുറിച്ച് കേന്ദ്രത്തിനു വേണ്ടി പഠനം നടത്തുന്നത് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ആദ്യം മരിച്ച മൂന്നു പേരുടെ സ്രവങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വൈറസിനെക്കുറിച്ചുള്ള പഠനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി കേന്ദ്രം ലോകാരോഗ്യ സംഘടനക്കും റിപ്പോര്‍ട്ട് കൈമാറും. ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക ഘടനയുമായി കോഴിക്കോട്ടെ വൈറസിനും സാമ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇവിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു.

പ്രകൃതിയുടെ താളം തെറ്റിക്കുന്ന വനനശീകരണത്തെക്കുറിച്ച് കണക്ക് സഹിതം റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം 1920 നും 1975 നും ഇടയില്‍ കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ 62.7 ശതമാനം വനം നശിച്ചുവെന്നാണ് കണക്ക്. നിപാ പോലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസുകള്‍ കൂടാന്‍ ഇത് ഇടയാക്കുമെന്നാണ് നിരീക്ഷണം. മനുഷ്യരുടെ ഇടപെടല്‍മൂലം വവ്വാലുകളുടെ ആവാസവ്യവസ്ഥ തകരുന്നതിനാല്‍ അവ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നതാണ് ഇത്തരം രോഗവ്യാപനത്തിന് കാരണം. ആവാസവ്യവസ്ഥയിലെ വ്യതിയാനം മൂലം വവ്വാലുകളുടെ പ്രതിരോധശേഷി കുറയുകയും അവയിലെ വൈറസ് മൂത്രവും ഉമിനീരും വഴി വ്യാപകമായി പുറംതള്ളപ്പെടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നതായാണ് വിവരം. എബോള, സാര്‍സ്, ചികുന്‍ഗുനിയ പോലുള്ള രോഗങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
14ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ 50 ദശലക്ഷം പേര്‍ മരിച്ചെന്ന് കരുതുന്ന പ്ലേഗ് രോഗവും ഈയിടെ ആഫ്രിക്കയില്‍ നിരവധി പേരുടെ ജീവനെടുത്ത എബോളയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗമാണെന്നും ഇന്‍ഫക്ടിയസ് ഡിസീസ് ആന്‍ഡ് ഇമ്യൂണോളജി കണ്‍സല്‍ട്ടന്റ് ഡോ. ഒ.എം ശ്രീവാസ്തവ പറയുന്നു.
നിപാ വൈറസ് ബാധയ്ക്കു ഇടയാക്കുന്നത് പ്രകൃതിയിലെ വ്യതിയാനങ്ങളാണെന്ന് നേരത്തെ ലോകോരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതേ നിഗമനത്തിലാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും എത്തിച്ചേര്‍ന്നത്. പ്രകൃതിപരമായ കാരണങ്ങളാലാണ് വൈറസ് പൊട്ടിപുറപ്പെട്ടതെന്ന നിഗമനത്തിലാണ് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ മേധാവി ഡോ. അരുണ്‍ കുമാറും. രോഗം സ്ഥിരീകരിച്ച 18 പേരില്‍ രണ്ടുപേര്‍ക്കാണ് അസുഖം ഭേദപ്പെട്ടത്. ഇവരുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയും പരിചരണവും ആന്റിവൈറല്‍ മരുന്നായ റിബാവൈറിന്റെ പ്രവര്‍ത്തനവുമാണ് അസുഖം ഭേദപ്പെട്ടതിനു പിന്നിലെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.

നിപാ വൈറസിന് കാരണം നഗരവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് ശ്വേതാ റാണാ,സഞ്ജനാ സിങ് എന്നിവരുടെ പഠനവും പുറത്തുവന്നിരുന്നു. 2015 സെപ്തംബര്‍ 21,22 തിയതികളില്‍ ക്വാലാലംപൂരില്‍ നടന്ന ബയോളജിക്കല്‍, കെമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ 3 ാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
എല്‍നീനോ മൂലം മലേഷ്യന്‍ കാടുകളിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് വവ്വാലുകള്‍ നാട്ടിലിറങ്ങിയതാണ് 1998 ല്‍ മലേഷ്യയില്‍ രോഗം പടരാന്‍ ഇടയാക്കിയതെന്ന് ലോകാരോഗ്യ സംഘടനയും കണ്ടെത്തിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.