2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

അതു നിപാ ആണെന്നു ആദ്യം പറഞ്ഞ ആ ഡോക്ടര്‍ ഇവിടെയുണ്ട്

ശഫീഖ് പന്നൂര്‍

കോഴിക്കോട്: ഒരു മഹാമാരിയുടെ ഭീതിയില്‍ നിന്ന് നാട് പതുക്കെ മോചനം നേടുമ്പോള്‍ രോഗ ലക്ഷണങ്ങള്‍ നോക്കി അതു നിപാ വൈറസ് ആവാന്‍ സാധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞ ഡോക്ടര്‍ ഇതാ ഇവിടെയുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. സി ജയകൃഷ്ണന്‍. പുതിയ മരണവാര്‍ത്തകളില്ലെന്നത് നിപാ ഭീതിക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുമ്പോള്‍ തന്റെ ദൈനംദിന ശുശ്രൂഷാചര്യകളുമായി ഡോ. ജയകൃഷ്ണന്‍ ഇവിടെ തിരക്കിലാണ്.

തന്നെക്കാള്‍ പരിചയ സമ്പന്നരായി ആശുപത്രിയില്‍ നിരവധി ഡോക്ടര്‍മാരുണ്ടെങ്കിലും നിപാ വൈറസ് ആണെന്ന സംശയം ആദ്യം ഉന്നയിച്ചത് ഡോ. ജയകൃഷ്ണനാണ്. മലേഷ്യയിലേയും ബംഗ്ലാദേശിലേയും പോലെ ഭീകരമായ മനുഷ്യനാശത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ സല്യൂട്ട് അര്‍പ്പിക്കേണ്ടത് ഈ ഡോക്ടര്‍ക്കാണ്. ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ എ പ്രദീപ്കുമാര്‍ എം.എല്‍.എ ഡോ. ജയകൃഷ്ണനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ജീവിതത്തിലും കരിയറിലും വലിയ വഴിത്തിരവായ ആ ദിവസത്തെ ഡോക്ടര്‍ തന്നെ ഓര്‍ത്തെടുക്കുന്നു. ഞങ്ങളുടെ മുന്നില്‍ ആദ്യം എത്തുന്നത് നിപാ മൂലം മരിച്ച സൂപ്പിക്കടയിലെ സ്വാലിഹ് എന്ന രോഗിയാണ്. നിപയുടെ ആദ്യ മരണം ഈ കുടുംബത്തിലെ മറ്റൊരംഗമായിരുന്നു. സ്വാലിഹ് രാത്രി രണ്ടു മണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. കാണുന്ന സമയത്തു തന്നെ രോഗ ലക്ഷണങ്ങളില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അബോധാവസ്ഥയിലായിട്ടുകൂടി ഹൃദയ സ്പന്ദനം വളരെ കൂടുതലാണ്. 160 വരെ ആയിരുന്നു സ്പന്ദന നിരക്ക്. വേറെ ചില ലക്ഷണങ്ങളും കണ്ടിരുന്നു. ഈ വിഷയം സാംപിള്‍ അയച്ചപ്പോള്‍ തന്നെ ആശുപത്രിയിലെ വൈറോളജി ഡിപ്പാര്‍ട്ടുമെന്റിനോട് പറയുകയും ചെയ്തിരുന്നു.

കുടുംബത്തില്‍ ഈ രോഗ ലക്ഷണങ്ങളുമായി ഒരാള്‍ നേരത്തെ മരണപ്പെട്ടിട്ടുണ്ട്. ചിലരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടു വരുന്നുമുണ്ട്. ദിവസങ്ങള്‍ക്കു മുന്നേ ലഭിച്ച മെഡിക്കല്‍ ജേണലില്‍ നിപായെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വായിച്ചിരുന്നു. ഒരു ന്യൂറോളജി മെഡിക്കല്‍ ജേണലിലാണ് ഞാനതു വായിച്ചത്. ഈ കാര്യങ്ങള്‍ ആശുപത്രിയിലെ തന്നെ ഡോ. ഉമ്മറുമായും ഡോ അനൂപ്കുമാറുമായും ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. ആ ജേണലില്‍ വായിച്ച ലക്ഷണങ്ങള്‍ ഈ രോഗിയില്‍ പ്രകടമായതായി എനിക്കു തോന്നി. രോഗിയെ പരിശോധിച്ച ശേഷം ഞാന്‍ ജേണലുകളൊന്നുകൂടി മറിച്ചു നോക്കി. അതില്‍ പറയുന്ന അതേ ലക്ഷണങ്ങള്‍, മണിപ്പാലിലെ നാഷനല്‍ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ ജി അരുണ്‍കുമാറുമായും സംസാരിച്ചു. ഈ രോഗിയുടെ പിതാവിനും ഇതേ ലക്ഷണമുണ്ടെന്ന കാര്യം അരുണ്‍കുമാറിനോട് പറയുകയും ചെയ്തിരുന്നു.

നിപാ ആണെന്നുള്ള എന്റെ സംശയം ശരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ രോഗം കണ്ടെത്താന്‍ കഴിഞ്ഞത് എന്റെ സ്വന്തം നേട്ടമായി കാണുന്നില്ല, ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് കരുതുന്നത്. പിന്നെ ഒരുമിച്ചുള്ള പ്രവര്‍ത്തനവും. നേരത്തെ അറിഞ്ഞതു കൊണ്ട് നമുക്ക് ജാഗ്രത പാലിക്കാന്‍ കഴിഞ്ഞു. ഇല്ലെങ്കില്‍ മലേഷ്യയില്‍ നടന്ന പോലെയുള്ള ദുരന്തങ്ങളുണ്ടാവുമായിരുന്നുവെന്നും ഡോക്ടര്‍ ഓര്‍മപ്പെടുത്തുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ കണ്‍സല്‍ട്ടന്റാണ് കണ്ണൂര്‍ കല്ല്യാശേരി സ്വദേശിയായ ഡോ. ജയകൃഷ്ണന്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.