2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

യുമ

നിഗാര്‍ബീഗം#

”പപ്പാ.. പപ്പ ശരിക്കും ആനിനെ സ്‌നേഹിച്ചിരുന്നോ?”
”എസ്‌തേര്‍, നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട് മമ്മയെ പേരുവിളിക്കരുതെന്ന്.”
”സോറി പപ്പാ.. മമ്മയെ ഞാന്‍ കണ്ടിട്ടില്ലല്ലോ.. പപ്പ ആന്‍ എന്നു പറയുന്നതുകേട്ട് ഞാനും അങ്ങനെ പറയുന്നതാണ്.”
”എന്നും രോഗങ്ങളുമായി ചങ്ങാത്തം കൂടിയിരുന്ന മമ്മയെ പപ്പയ്ക്കു ഹൃദയത്തില്‍ സൂക്ഷിക്കാനൊന്നും കഴിഞ്ഞിട്ടുണ്ടാവില്ലാന്ന് എനിക്ക് ഉറപ്പാണ്. എന്നെ പപ്പയ്ക്കു തരാനായിട്ടു മാത്രമാണ് മമ്മ രണ്ടുവര്‍ഷമെങ്കിലും പപ്പയുടെ ജീവിതത്തില്‍ പിടിച്ചുനിന്നത്. ശരിയല്ലേ?”
”എസ്‌തേര്‍.. നമുക്ക് ആ ടോപിക് ഇവിടെ നിര്‍ത്താം.”
ഹെവന്‍വാലി ടീ എസ്റ്റേറ്റിന്റെ ലീസുമായി ബന്ധപ്പെട്ട ചില പേപ്പേഴ്‌സ് ഒപ്പിടാനാണ് ഹാരി വീണ്ടും ഡാര്‍ജിലിങ്ങിലെത്തിയത്. ഒപ്പം താന്‍ പഠിച്ച സെന്റ് ലോറന്‍സ് കോളജില്‍ തന്നെ മകള്‍ എസ്‌തേറിനെ ചേര്‍ക്കണമെന്ന തന്റെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കാനും. പക്ഷെ അതിനെല്ലാമുപരി വേറെയും ചില സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ട്.
രാവിലെ ‘ആന്‍ഡ്രൂസ് ചര്‍ച്ചില്‍’ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഹാരിക്കു പിന്നെയും പ്രതീക്ഷകളായി. രാത്രി മുഴുവന്‍ എസ്തറിന്റെ ചോദ്യങ്ങള്‍ ഉലച്ചിരുന്നു. ‘യുമ’ പടിയിറങ്ങിപ്പോവാത്ത മനസില്‍ ആനിനു വലിയ സ്ഥാനമൊന്നുമില്ലായിരുന്നു.. അല്ലെങ്കില്‍ മനസ് പിടിച്ചടക്കാനുള്ള കഴിവും ആനിനില്ലായിരുന്നു. നിത്യരോഗിണിയായ അവളോടു സ്‌നേഹത്തെക്കാളേറെ സഹതാപമായിരുന്നു. തനിക്ക് എസ്‌തേറിനെ തരാന്‍ മാത്രമായി രണ്ടുവര്‍ഷം അവളീ ഭൂമിയില്‍ തങ്ങിയതാണ്.
ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴും എസ്‌തേര്‍ നല്ല ഉറക്കമാണ്. ശിവാലിക് മലനിരകളെ നോക്കി ബാല്‍ക്കണിയിലിരിക്കുമ്പോള്‍ തണുത്തുവിറച്ചുകൊണ്ട് എസ്‌തേര്‍ പിന്നില്‍.. ‘ലണ്ടനിലെ കാലാവസ്ഥയാണെങ്കിലും ഇവിടത്തെ മഞ്ഞിന് കനമിത്തിരി കൂടുതലാണല്ലെ പപ്പാ..’
”ഉം.. ഇനി നീ ഇതുമായി ചേരണമല്ലോ.”
”പ്രശ്‌നമില്ല. പപ്പയും ഗ്രാന്‍പായും ഗ്രാന്‍മായും ജീവിച്ച ഹെവനല്ലേ ഇത്. എനിക്കിഷ്ടമാണിവിടം.”
ഹാരി എസ്‌തേറിനെ ചേര്‍ത്തുപിടിച്ചു നെറുകയില്‍ മുഖമമര്‍ത്തി.
”മൈ സ്വീറ്റ് ”
‘പത്മജ നായിഡു ഹിമാലയന്‍ സൂ’വിലേക്കുള്ള യാത്രയില്‍ എസ്‌തേര്‍ പപ്പയുടെ മുഖഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെയെത്തി ടിക്കറ്റെടുക്കാനുള്ള ഉത്സാഹമൊന്നും ഹാരി കാണിച്ചില്ല. ചുറ്റുമുള്ള ചായക്കടകളാണ് ഹാരി ശ്രദ്ധിക്കുന്നത്. താവയുടെ കടയെവിടെ!! ഏറ്റവും പ്രായമുള്ള കടക്കാരനോട് ചോദിച്ചു:
”പണ്ട് ഇവിടെ മോമോയും തുക്പയും വായ് വായും വിറ്റിരുന്ന താവ അങ്കിള്‍ എവിടെയാണെന്നറിയ്വോ?”
കടക്കാരന്‍ സംശയത്തോടെ ഹാരിയെ നോക്കി..
”നിങ്ങള്‍?”
”ഞാന്‍ ഇവിടത്തെ പഴയ ഹെവന്‍ വാലി എസ്റ്റേറ്റ് ഉടമ ആര്‍തര്‍ സായ്പിന്റെ മകന്‍ ഹാരി ഒബ്‌റോഫ്. അതിന്റെ ലീസുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനു വന്നതാണ്. അന്ന് ഞങ്ങളുടെ സര്‍വന്റ് താവയുടെ ഭാര്യ തുഷിയായിരുന്നു. അവരിപ്പൊ എവിടെയാണെന്നറിയാനാണ്.”
അപകടകാരിയല്ലെന്നു മനസിലായതിനാലാവാം പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ കണ്ണുകളില്‍ സംശയത്തിനുപകരം ബഹുമാനമായി. എസ്‌തേറിനെ കൈപിടിച്ചു കസേരയിലിരുത്തി ചുര്‍പിയും തുക്പയും വിളമ്പിക്കൊടുക്കുന്നത് സന്തോഷത്തോടെ ഹാരി നോക്കിനിന്നു.
”അവരില്‍ ആരെയാണ് സാറിനു കാണേണ്ടത്?”
”മൂന്നു പേരെയും..”
”താവയും തുഷിയും ടിബറ്റന്‍ റെഫ്യൂജ് സെന്ററിലാണുള്ളത്.”
”പക്ഷെ അവര്‍ ഗൂര്‍ഖകളല്ലേ?”
”അതെ. പക്ഷെ യുമയുടെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ ഏറ്റവും സുരക്ഷിതമായ ഇടം ആ സെന്റര്‍ തന്നെയാണ്.”
”അപ്പൊ യുമയെ താങ്കള്‍ക്കറിയാമോ?”
അയാള്‍ ഹാരിയെ അല്‍പം പരിഹാസത്തോടെ ഒന്നു നോക്കി.
രാത്രി ഹോട്ടലിലെത്തിയപ്പോള്‍ എസ്‌തേര്‍ പപ്പയുടെ ബെഡ്ഡില്‍ വന്ന് ഇരുന്നു. ഹാരിക്കറിയാമായിരുന്നു ഇന്നവള്‍ തന്നെ പിടികൂടുമെന്ന്.. എങ്ങനെ യുമയെ പരിചയപ്പെടുത്തുമവള്‍ക്ക്? ലൊറെന്റ സ്‌കൂളിലും സെന്റ് ലോറന്‍സ് കോളജിലുമായി ഒരിക്കലും ഒരു ഗൂര്‍ഖാപെണ്‍കുട്ടിക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത വിദ്യാഭ്യാസമാണ് യുമക്ക് ഡാഡി നല്‍കിയത്.
ലൊറെന്റ സ്‌കൂളില്‍ തന്റെ രണ്ടുവര്‍ഷം ജൂനിയറായി അവളെ ചേര്‍ത്തത് മമ്മിയുടെ നിര്‍ബന്ധമായിരുന്നു. അടുക്കളക്കാരി തുഷിയുടെ മകളിലെ അപാര ബുദ്ധിമതിയെ മമ്മി അവള്‍ കുഞ്ഞായിരുക്കുമ്പഴേ മനസിലാക്കിയിരുന്നു. ഒഴിവുദിവസങ്ങളില്‍ ബംഗ്ലാവിലെ ഓരോന്നും ഒതുക്കിവയ്ക്കുമ്പോള്‍ അവള്‍ മമ്മിയോട് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ഡാഡി കൗതുകത്തോടെ കേട്ടിരിക്കുന്നതു താന്‍ കാണാറുണ്ടായിരുന്നു. യുമയുടെ ആരോഗ്യമുള്ള ശരീരവും ഡാര്‍ജിലിങ്ങിലെ ബ്ലാക്ക് ടീയെ ഓര്‍മിപ്പിക്കുന്ന ഇടതൂര്‍ന്ന മനോഹരമായ മുടിയും മമ്മിക്കെന്നും അത്ഭുതമായിരുന്നു. ഒരു ഇംഗ്ലീഷ് യുവതിക്ക് ഇങ്ങനെയൊരു ബോഡിയുണ്ടാവില്ലെന്ന് മമ്മി ഡാഡിയോട് പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്. ടീ എസ്റ്റേറ്റിലെ ലായത്തില്‍ പഠിക്കാന്‍ സൗകര്യമുണ്ടാവില്ലെന്നു പറഞ്ഞ് മമ്മി യുമയ്ക്ക് ബംഗ്ലാവില്‍ ഒരു മുറി നല്‍കിയിരുന്നു. ഡാര്‍ജിലിങ്ങിലെ എല്ലു തുളക്കുന്ന തണുപ്പില്‍ എല്ലാവരും നേരത്തെ ഉറങ്ങാന്‍ തുടങ്ങിയാലും വളരെ വൈകിയും യുമയുടെ മുറിയില്‍ വെളിച്ചം കാണാം. ഇവള്‍ക്കിത്രമാത്രം പഠിക്കാനെന്താണ്?
സെന്റ് ലോറന്‍സ് കോളജില്‍ രണ്ടു വര്‍ഷമായപ്പോഴേക്കുംഅവളിലെ കളിചിരികള്‍ തീരെ ഇല്ലാതായിരുന്നു. പ്രായത്തിന്റെ കൗതുകത്തില്‍ എന്തെങ്കിലും സംസാരിക്കാന്‍ ചെന്നാല്‍ പോലും യുമ അകലം പാലിക്കുമായിരുന്നു. ആ ഭംഗിയുള്ള മുഖത്തിന് എന്തിനിത്ര ഗൗരവമെന്ന് എനിക്കെന്നും ആശയക്കുഴപ്പമായിരുന്നു.
”യുമാ.. നീ പലപ്പോഴും കോളജിലെത്തുന്നില്ലാന്ന് എനിക്കറിയാം. നിന്റെ വീട്ടിലും പകല്‍ നീയുണ്ടാവാറില്ലെന്ന് താവയങ്കിള്‍ പറഞ്ഞു.. എവിടെ പോകുന്നു നീ? എന്താ നിന്റെ പ്രശ്‌നം? എനിക്കു നിന്നെ എത്ര ഇഷ്ടമാണെന്നറിയ്വോ ?”
മുഖമുയര്‍ത്തിയ യുമയുടെ കണ്ണുകളില്‍ തീക്കനലുകളായിരുന്നു. ആ ഭാവം ഒരു സാധാ പെണ്ണിന്റേതായിരുന്നില്ല.
”ഓബീ… ഇത് നിന്നെ മമ്മിയും ഡാഡിയും മാത്രമേ വിളിക്കാറുള്ളൂന്ന് എനിക്കറിയാം. മറ്റുള്ളവര്‍ക്ക് നീ ഹാരിയാണ്. പക്ഷെ എനിക്കിങ്ങനെ വിളിക്കാനാണിഷ്ടം.”
അത് കേട്ടപ്പോള്‍ തന്നെ മനസ് പൂത്തുലഞ്ഞുപോയി. അപ്പൊ ഇവളുടെ മനസില്‍ ഞാനുണ്ട്.
”ഞാനെവിടെ പോകുന്നുവെന്ന് അന്വേഷിക്കരുത്. എവിടെ പോയിട്ടാണെങ്കിലും ഞങ്ങളുടെ നാട് ഞങ്ങള്‍ക്കായി കിട്ടണം. ഗൂര്‍ഖകളുടെ നാട്. എല്ലാവരും ഞങ്ങളെ മുതലെടുക്കുകയാണ്, നിന്റെ ഡാഡിയടക്കം.”
”ഇത്രയും വിദ്യാഭ്യാസം നിനക്ക് തന്നതാണോ ഡാഡി ചെയ്ത കുറ്റം.”
”ഓബീ.. ഇതെന്റെ രാജ്യമാണ്. ഇവിടെ നല്‍കിയ ഔദാര്യമൊന്നും പറയരുത്.” അപ്പൊ അവള്‍ക്ക് ഒരു രക്ഷസിന്റെ മുഖമായിരുന്നു.
”നീയേതോ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഞാനറിഞ്ഞിട്ടു കുറച്ചുനാളായി. വെറുതെ ഈ ഭംഗിയുള്ള നെഞ്ച് വെടിയുണ്ടയ്ക്കു കൊടുക്കണോ..? അവിടെ ഈ ഓബിക്ക് ഒരു സ്ഥാനവുമില്ലേ?”
യുമ പെട്ടെന്നു പുറംതിരിഞ്ഞുനിന്നു. അപ്പോഴത്തെ മുഖഭാവം താന്‍ കാണേണ്ടെന്നു കരുതിയാവണം.
”നീയെന്താ ഇപ്പോള്‍ ബംഗ്ലാവില്‍ വരാത്തത്. മമ്മി നിന്നെപ്പറ്റി തുഷിയാന്റിയോട് അന്വേഷിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. നീ ഒരുക്കിവയ്ക്കുന്നതുപോലെ വെള്ള ഡാലിയകളെ ഫ്‌ളവര്‍വേസില്‍ ഒരുക്കിവയ്ക്കാന്‍ കഴിയുന്നില്ലാന്ന് ഇന്നും തനിയെ പറയുന്നതു കേട്ടു.”
”ഓബീ.. മമ്മിക്കെന്നെ നന്നായറിയാം. ഞാനെന്താണെന്നും. നീ എന്നെ പിന്തുടരരുത്.. അതപകടമാണ്. അതു വേണ്ട.”
”ഇത് ശരിയാവില്ല. കുട്ടിക്കാലം മുതല്‍ എന്റെ മനസില്‍ കയറിയ പെണ്ണാണു നീ. നിന്റെ മാറിയ വഴികള്‍ എനിക്കറിയണം. പല ദിവസങ്ങളിലും നീ കാടുകയറുന്നത് ഞാനറിയുന്നുണ്ട്. ഗൂര്‍ഖാപെണ്ണിനു ചേരാത്ത വേഷം നീ ധരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. നീ തീയിലേക്കാണു നടന്നടുക്കുന്നത്.”
ഉത്തരം പറയാതെ, തിരിഞ്ഞുനോക്കാതെ യുമ നടന്നകലുകയാണു ചെയ്തത്.
എന്റെ മെഡിസിന്‍ പഠനം ലണ്ടനില്‍ വേണമെന്ന് ഡാഡിയുടെ നിര്‍ബന്ധമായിരുന്നു. ലണ്ടനിലേക്കു മടങ്ങാന്‍ തീരുമാനിച്ച സമയം. എന്റെ മനസിലെ നീറ്റല്‍ മമ്മി മനസിലാക്കിയിരുന്നു. തുഷിയോട് ഞാന്‍ കേള്‍ക്കെ യുമയെപ്പറ്റി ചോദിക്കും.. അവര്‍ കുറേ കരയും…
”മേം, അവള്‍ പറയുന്നത് അവളൊരിക്കലും ചീത്തയായിട്ടില്ല എന്നാണ്. ഞങ്ങളുടേത് മാത്രമായ ഒരു സ്റ്റേറ്റിനുവേണ്ടിയുള്ള പോരാട്ടത്തിലാണവളും കൂട്ടരുമെന്നാണ്. ഞാനും താവയും അതു വിശ്വസിക്കുകയല്ലാതെ എന്തു ചെയ്യും!”
ലണ്ടനിലേക്കു മടങ്ങുന്നതിന്റെ തലേന്നാള്‍… ടൈഗര്‍ ഹില്ലില്‍നിന്ന് കാഞ്ചന്‍ജങ്ങയിലെ സൂര്യോദയം ഒരിക്കല്‍കൂടി കാണണമെന്നു തോന്നി. ഇനിയൊരു തിരിച്ചുവരവുണ്ടായില്ലെങ്കിലോ? പുലര്‍ച്ചെ മൂന്നുമണിക്ക് അവിടെ സൂര്യനുദിക്കുന്നതും നോക്കി ഒരറ്റത്ത് ഒറ്റയ്ക്കുനില്‍ക്കുമ്പോള്‍ ആ മുളംകാടിനുള്ളില്‍നിന്ന് യുമ എന്റെയരികെ പ്രത്യക്ഷപ്പെട്ടത് കണ്ടു കുറേനേരം അനങ്ങാതെ നിന്നുപോയി.
”ഓബി നാളെ നാട്ടിലേക്കു മടങ്ങയാണല്ലേ?”
”യുമാ. എന്റെ നാട് ഈ ഡാര്‍ജിലിങ്ങാണ്. ജന്മംകൊണ്ട് മാത്രമേ ഞാനൊരു ബ്രിട്ടീഷുകാരനാവുന്നുള്ളൂ..”
”നിങ്ങളുടെ താവളങ്ങള്‍ ഇവിടെയാണോ?”
”ഓബീ.. നിര്‍ത്തൂ ഈ സംസാരം. നീ എന്നെപ്പറ്റി ഇനി ചിന്തിക്കരുത്.”
”എനിക്കു മടങ്ങാന്‍ സമയമായി. ഇന്ന് ഞങ്ങള്‍ക്കു പുതിയ ലീഡര്‍ വരുന്നു. ആന്ധ്രയില്‍നിന്ന്. അദ്ദേഹത്തെ ഇവിടെ ശ്രദ്ധിക്കേണ്ട ഡ്യൂട്ടി എനിക്കാണ്.. പോട്ടേ..”
ആ മുളംകാട്ടിനുള്ളില്‍ അവളുടെ കാട്ടുപച്ച പാന്റും ഷര്‍ട്ടും മറയുന്നത് നിസഹായനായി നോക്കിനിന്നു.
പപ്പയുടെ മരണത്തോടെ മമ്മിയും ലണ്ടനില്‍ തന്നെ താമസമാക്കി. പപ്പയുടെ തേയിലത്തോട്ടവും ബംഗ്ലാവും അന്വേഷിക്കാന്‍ ഒരിക്കല്‍ പോലും ഞാന്‍ പിന്നെ ഇവിടെ വന്നിട്ടില്ല. ആനിനെ വിവാഹം കഴിച്ചു കുടുംബമായി കൂടി.
കഥകള്‍ കേട്ട് എസ്‌തേര്‍ പപ്പയുടെ നെഞ്ചോടു ചേര്‍ന്നു കിടക്കുകയായിരുന്നു.
രാവിലെ ടിബറ്റന്‍ റെഫ്യൂജി സെന്ററിലെത്തി താവയെയും തുഷിയെയും കണ്ടതു വല്ലാത്തൊരു അനുഭവമായിരുന്നു. തുഷിയാന്റി എസ്‌തേറിനെ കെട്ടിപ്പിടിച്ച് മമ്മിയുടെ പേരുപറഞ്ഞ് വല്ലാതെ കരഞ്ഞു. താവയങ്കിളും ഊന്നുവടിയില്‍ മുറുകെപ്പിടിച്ചു നെഞ്ചുതടവി നിശബ്ദം കരയുന്നുണ്ടായിരുന്നു..
”എനിക്ക് യുമയെ ഒന്ന് കാണാന്‍ വല്ല വഴിയുമുണ്ടോ അങ്കിള്‍?”
”ഇന്ന് അവള്‍ വരും മോനേ.. ഇന്നവളുടെ പിറന്നാളാണ്.”
ആ വാര്‍ത്ത ഹാരിക്കു വല്ലാത്ത സന്തോഷം നല്‍കി.
കുറച്ചു കഴിഞ്ഞപ്പോള്‍ റെഫ്യൂജി സെന്ററില്‍ പെട്ടെന്നൊരു നിശബ്ദത വന്നതായി ഹാരിക്കു തോന്നി.. യുമ ദൂരെനിന്നു പതുക്കെ നടന്നടുക്കുന്നത് ഹാരി കണ്ടു. നിറംമങ്ങിയ സാരിയിലും അവള്‍ അതിമനോഹരിയായിരുന്നു.. പണ്ട് അവളൊരുക്കുന്ന വെളുത്ത ഡാലിയാ പൂക്കളെ ഓര്‍മിപ്പിക്കുന്ന തുടുത്ത മുഖം. അടുത്തേക്കു വന്നതു ചിരിച്ച മുഖത്തോടെയാണ്..
”ഓബീ.. നീയും മോളും എത്തിയത് ഇന്നലെത്തന്നെ ഞാനറിഞ്ഞു.”
”ഉം.. ഇതാണപ്പൊ ഈ നാട് മുഴുവന്‍ ആരാധിക്കുന്ന റെവലൂഷനറി… യുമാജി അല്ലേ?”
പതിഞ്ഞ ഒരു ചിരിയായിരുന്നു ഉത്തരം. എസ്‌തേര്‍ യുമയെ കണ്ണിമവെട്ടാതെ നോക്കുന്നതു ശ്രദ്ധിച്ചു. യുമ അവളെ ശരീരത്തോടു ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.
എസ്തറിനെ സെന്റ് ലോറന്‍സില്‍ ചേര്‍ക്കുന്നതില്‍ യുമയ്ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. അതുവേണ്ട എന്ന് യുമ ശക്തമായി വാദിച്ചു. പഴയ ഡാര്‍ജിലിങ് അല്ല ഇത്. ഈ പൂച്ചക്കുട്ടി ലണ്ടനില്‍ തന്നെ വളരട്ടെ എന്നായിരുന്നു യുമയുടെ തീരുമാനം. തര്‍ക്കങ്ങളില്‍ എന്നും അവള്‍ക്കു തോറ്റുകൊടുത്തിട്ടേയുള്ളൂ.
”ഇന്നു നിന്റെ പിറന്നാളല്ലേ. നിന്നെ ഏല്‍പിക്കാന്‍ കൊണ്ടുവന്ന സമ്മാനം ഇന്നും നീ നിരസിച്ചു.”
”ഓബീ ആ സമ്മാനം വളരെ വിലപിടിച്ചതാണ്.. അതു സൂക്ഷിക്കാന്‍ ധൈര്യം പോര… ഓബിയുടെ മകളും എനിക്കേറെ പ്രിയപ്പെട്ടതല്ലേ…”
”ഒരു റെവലൂഷനറിക്ക് ഇത്തരം വികാരങ്ങളുണ്ടോ?”
പഴയപോലെ യുമ തിരിഞ്ഞുനടന്നു… മടങ്ങുമ്പോള്‍ എസ്‌തേര്‍ എന്റെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
”പപ്പാ.. യുമയാന്റിയെ പപ്പ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. അല്ലേ?”
ഉത്തരം പറയാതെ തോറ്റുപോയവനെപ്പോലെ ഹാരി എസ്‌തേറിനു മുന്നേ റഫ്യൂജി സെന്ററിന്റെ പടികളിറങ്ങാന്‍ തുടങ്ങി…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.