2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഐ.എസ് ബന്ധത്തിന്റെ പേരിലുള്ള അറസ്റ്റ്: എന്‍.ഐ.എ പറഞ്ഞതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തതും

 

കോഴിക്കോട്: കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്‍.ഐ.എ പുറപ്പെടുവിച്ച പത്രകുറിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത് വ്യത്യസ്ത രീതിയില്‍. ഞായറാഴ്ച പാലക്കാട്ടും കാസര്‍കോട്ടുമായി നടന്ന റെയ്ഡിന് ശ്രീലങ്കയിലെ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നില്ല. കാസര്‍കോട്ടെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് എന്‍.ഐ.എ എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍, മലയാള പത്രങ്ങള്‍ ശ്രീലങ്കയിലെ ഭീകരാക്രമണക്കേസില്‍ മലയാളികള്‍ക്കു പങ്ക് എന്ന വിധത്തിലാണ് വാര്‍ത്ത നല്‍കിയത്. ‘ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മലയാളികളും!’ എന്ന തലക്കെട്ട് ആിരുന്നു ഇന്നലത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. എന്നാല്‍, റെയ്ഡ് ശ്രീലങ്കയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണെന്ന് എന്‍.ഐ.എ അറിയിച്ചിട്ടില്ലെന്നും മാതൃഭൂമി ഈ വാര്‍ത്തയില്‍ പറയുന്നുമുണ്ട്.

 

ഇന്നലത്തെ മാതൃഭൂമിയുടെ ഒന്നാം പേജ്‌

‘ശ്രീലങ്കന്‍ സ്‌ഫോടനം അന്വേഷണം കേരളത്തിലേക്ക്’ എന്നായിരുന്നു ഇന്നലത്തെ ദീപികയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത.

അതേസമയം, ഞായറാഴ്ചത്തെ റെയ്ഡിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാവാന്‍ റിയാസ് അബൂബക്കറിനു നിര്‍ദേശം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ ഹാജരായ റിയാസിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, റിയാസിന്റെ അറസ്റ്റും കാസര്‍കോട്ടെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ആണെന്നു എന്‍.ഐ.എ വ്യക്തമാക്കിയിരുന്നെങ്കിലും ഒരുവിഭാഗം മാധ്യമങ്ങള്‍ അത് തെറ്റായാണ് റിപ്പോര്‍ട്ട്‌ചെയ്തത്.

 

ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജ് വാര്‍ത്ത

 

ഇന്നലെ വൈകീട്ടോടെ എന്‍.ഐ.എ പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ:

കാസര്‍കോട്ടെ ഐ.എസ് കേസില്‍ റിയാസ് അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ അപ്ഗാനിലുണ്ടെന്നു കരുതുന്ന റാഷിദ് അബ്ദുല്ലയുമായും സിറിയിലലുണ്ടെന്നു കരുതുന്ന അബ്ദുല്‍ ഖയ്യൂമുമായും റിയാസ് സോഷ്യല്‍മീഡിയയിലൂടെ ചാറ്റ് ചെയ്തിരുന്നു. ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ പങ്കുള്ള സഹ്‌റാന്‍ ഹാഷിമിന്റെയും ഇന്ത്യയിലെ ഇസ്ലാമിക മതപ്രഭാഷകനായ സാകിര്‍ നായികിന്റെയും പ്രഭാഷണങ്ങള്‍ റിയാസ് കേട്ടിട്ടുണ്ട്. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്തണമെന്ന് റിയാസ് ആഗ്രഹിച്ചു.

ഇതിനെ ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ട്‌ചെയ്തത് ‘ശ്രീലങ്കന്‍ സ്‌ഫോടനം: പാലക്കാട് സ്വദേശി അറസ്റ്റില്‍’ എന്ന തലക്കെട്ടോടെയാണ്. ‘ശ്രീലങ്കന്‍ കൂട്ടക്കുരുതി: പാലക്കാട് സ്വദേശി അറസ്റ്റില്‍’ എന്നു ദീപികയും തലക്കെട്ട് നല്‍കി. ഐ.എസ് ബന്ധത്തിന്റെ പേരിലാണ് റിയാസിനെ അറസ്റ്റ്‌ചെയ്തത് എന്നാണ് ദേശാഭിമാനി, മനോരമ, സുപ്രഭാതം, മാധ്യമം പത്രങ്ങളും ഇന്ന് റപ്പോര്‍ട്ട്‌ചെയ്തത്. സീന്യൂസ് പോലെ പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങളും അറസ്റ്റിനെ ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയാണ് വാര്‍ത്ത നല്‍കിയത്. ‘ലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് സാക്കിര്‍ നായികുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കി എന്‍.ഐ.എ റെയ്ഡുകള്‍’ എന്നാണ് സീ ന്യൂസിന്റെ ഇതുസംബന്ധിച്ച ഒരുവാര്‍ത്തയുടെ തലക്കെട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News