2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ന്യൂസിലന്‍ഡ് വെടിവെപ്പ്: 9 ഇന്ത്യന്‍ വംശജരെ കാണാതായതായി: രണ്ട് പേര്‍ മരിച്ചു, കാണാതായവരില്‍ മലയാളി യുവതിയും

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ മുസ്ലിം പളളികളില്‍ 49 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിനു ശേഷം 9 ഇന്ത്യന്‍ വംശജരെ കാണാതായതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

അതേ സമയം പരിക്കേറ്റ ഇന്ത്യക്കാരില്‍ മലയാളിയുവതിയും ഉള്ളതായി സ്ഥിരീകരണം. കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി കരിപ്പാക്കുളം എന്ന 25കാരിയെയാണ് കാണാതായത്.
ഇവരുടെ പിതാവ് ആലിബാവയും മാതാവ് ഫാത്തിമയുമാണ്. ആക്രമണം നടക്കുമ്പോള്‍ ഇവര്‍ പളളിയില്‍ ഉണ്ടായിരുന്നതായി പറയുന്നു. ന്യൂസിലന്‍ഡിലെ ഡീന്‍സ് അവന്യുവിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഇതുവരെ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിലധികവും കുടിയേറ്റക്കാരെന്നാണ് വിവരം.

സംഭവത്തെതുടര്‍ന്ന് അടിയന്തിര സഹായങ്ങള്‍ക്ക് ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ് ഡെസ്‌ക് നമ്പര്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ട്വീറ്റ് ചെയ്തു.

 

അതേസമയം കൊല്ലപ്പെട്ട അഹമ്മദ് ജഹാങ്കീറിന്റെ സഹോദരന്‍ ഹൈദരാബാദുകാരനായ ഇഖ്ബാല്‍ ജഹാങ്കീറിന് ന്യൂസിലാന്‍ഡിലേക്ക് പോവാനുളള സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.

 

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ പള്ളിയിലേക്ക് പ്രവേശിച്ച ആയുധധാരി തുടരെ വെടിവെക്കുകയായിരുന്നു. പള്ളിക്ക് പുറത്തുകൂടെ സഞ്ചരിച്ചിരുന്ന കുട്ടികളടക്കമുള്ളവരെയും അക്രമി വെടിവെച്ചു. 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ ബ്രന്റണ്‍ ടാറന്റ് ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ ഭീകരനാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് ഓറിസണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

ആക്രമണത്തെ തുടര്‍ന്ന് മുസ്ലിംകള്‍ താമസിക്കുന്ന മേഖലകളില്‍ സുരക്ഷ ശക്തിപ്പെടുത്തി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.