2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ന്യൂസിലന്‍ഡ് വെടിവെപ്പ്: ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

 

ക്രൈസ്റ്റ്ചര്‍ച്ച് (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിലെ മൂസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പ് നേരില്‍ കണ്ട് നടുക്കം മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബംഗ്ലാദേശ് താരങ്ങള്‍ ജുമുഅ നമസ്‌കരിക്കാനായി അല്‍ നൂര്‍ മസ്ജിദിലേക്ക് പ്രവേശിക്കാനിരിക്കെയായിരുന്നു അക്രമണം. ഉടന്‍ താരങ്ങള്‍ അടുത്തുള്ള ഹഗ്ലേ പാര്‍ക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു.

താരങ്ങള്‍ രക്ഷപ്പെട്ടു പോവുന്ന വീഡിയോ ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തു.

 

15 താരങ്ങളുല്‍പ്പടെ 19 പേര്‍ അടങ്ങുന്ന ബംഗ്ലാദേശ് ടീം നാളെ രാത്രി 10.40ന് ധാക്കയില്‍ എത്തുമെന്ന് ബംഗ്ലാദേശ് ക്രക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.

 

‘ന്യൂസിലന്‍ഡിന്റെ ഇരുണ്ട ദിനം’ എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഇരു ടീമുകളുടെയും സംയുക്തമായ തീരുമാനത്താല്‍ ഹഗ്ലി ഓവല്‍ ടെസ്റ്റ് ഉപേക്ഷിച്ചതായും ഇരു ടീമുകളുടെയും താരങ്ങളും അധികൃതരും സുരക്ഷിതമാണെന്നും ട്വിറ്ററില്‍ അറിയിച്ചു.

 

‘ മുഴുവന്‍ താരങ്ങളും ഭീകരനില്‍ നിന്നും രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക’ – ബംഗ്ലാദേശ് ഓപണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.

ടീമിലെ മുഴുവന്‍ താരങ്ങളും സുരക്ഷിതരാണെന്നും താരങ്ങളും ടീം മാനേജര്‍മാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.

‘ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയില്‍ നടന്ന വെടിവെപ്പില്‍ നിന്നും ദൈവം രക്ഷിച്ചു, ദൈവത്തിനു നന്ദി. ഞങ്ങള്‍ വളരെ ഭാഗ്യവാന്‍മാരാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും കാണാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക’- ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം ട്വീറ്റ് ചെയ്തു.

ദുഖകരമായ സംഭവമാണെന്നും ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനമറിയിക്കുന്നതായും ബംഗ്ലാദേശ് ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയും ട്വീറ്റ് ചെയ്തു.

 

ആക്രമണത്തെക്കുറിച്ച് ബംഗ്ലാദേശ് ടീം മാനേജര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും ബംഗ്ലാദേശ് ക്രക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.