2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നു; പിഴവര്‍ധന പിന്‍വലിക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം

  • കേരളം നടപ്പാക്കിയത് വന്‍ ലാഭം ലക്ഷ്യമിട്ട്, ജനരോഷം തിരിച്ചടിയായി
  • ഉപതെരഞ്ഞെടുപ്പായതു കൊണ്ട് പാലായില്‍ പരിശോധന വേണ്ടെന്ന് രഹസ്യനിര്‍ദേശം

 

തിരുവനന്തപുരം: വാഹന നിയമലംഘനങ്ങള്‍ക്കെതിരായ പിഴത്തുക ഉയര്‍ത്തിയ വാനഹ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേരളം തിരക്കുകൂട്ടിയത് ശരിയായില്ലെന്ന് നിയമവിദഗ്ധര്‍. ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നുവെന്നും വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍ പിന്‍വലിക്കാന്‍ വകുപ്പില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസെക്രട്ടറി അടക്കമുള്ളവര്‍ ഇക്കാര്യം തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചതെന്നാണ് സൂചന.

രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തന്നെ നിയമം നടപ്പിലാക്കി. നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ആളുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ഭരണകക്ഷികളും സര്‍ക്കാരും വെട്ടിലാവുകയും ചെയ്തത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം നടപ്പാലാക്കാത്തതും കേരളത്തില്‍ ചര്‍ച്ചയായി. ഇതോടെ സി.പി.എം തന്നെ നിയമത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ നടപ്പിലാക്കിയ നിയമം പിന്‍വലിക്കുന്നത് അത്ര എളുപ്പമാവില്ല.

മുന്‍പിലുള്ള ഓര്‍ഡിനന്‍സ്

പിഴത്തുകയില്‍ മാറ്റംവരുത്ത് ഓര്‍ഡിനന്‍സ് ഇറക്കുകയാണ് മുന്‍പിലുള്ള വഴി. കേന്ദ്ര നിയമമായതു കൊണ്ട് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമായി വരും. എന്നാല്‍ രാഷ്ട്രപതി അനുവാദം നല്‍കുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല.

കേരളം നടപ്പാക്കിയത് വന്‍ ലാഭം
ലക്ഷ്യമിട്ട്, ജനരോഷം തിരിച്ചടിയായി

മോട്ടോര്‍ വാഹന നിയമഭേദഗതി പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ കേരളം നടപ്പാക്കിയത് വന്‍ വരുമാനം ലക്ഷ്യമിട്ട്. ആറു ദിവസം കൊണ്ട് മുക്കാല്‍ കോടിയോളം രൂപ പിരിച്ചെടുത്തെങ്കിലും ജനരോഷവും പാലായിലെ ഉപതെരഞ്ഞെടുപ്പും സര്‍ക്കാരിന് തിരിച്ചടിയായി. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ പരിശോധന നടത്തേണ്ടെന്ന് രഹസ്യമായി പൊലിസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത ജനരോഷം സര്‍ക്കാരിനെതിരെ തിരിയുമെന്നതിലാണിത്.

മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ

മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, പുതുച്ചേരി, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാനമായും അസന്തുഷ്ടി പ്രകടിപ്പിച്ചത്. ജനങ്ങളെ ബോധവത്കരിച്ചതിന് ശേഷം മാത്രമേ പുതിയ നിയമം നടപ്പാക്കൂ എന്നാണ് മധ്യപ്രദേശിന്റെ നിലപാട്. ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി ഗോവിന്ദ് സിങ് രാജ്പുട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മൂന്നു മാസത്തേക്ക് നിയമം നടപ്പാക്കേണ്ടതില്ലെന്നാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശിച്ചു. പിഴയുടെ പേരില്‍ ജനങ്ങളും പൊലിസും തമ്മില്‍ ഭൂവനേശ്വറില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണിത്. ഛത്തീസ്ഗഡും നിയമം നടപ്പാക്കിയിട്ടില്ല. ബോധവത്കരണം നടത്തിയ ശേഷം മാത്രം നിയമം എന്നാണ് പുതുച്ചേരിയുടെ നിലപാട്. ജനങ്ങള്‍ക്ക് അടക്കാന്‍ പറ്റുന്ന തുകയായിരിക്കണം പിഴയെന്ന നിലപാടിലാണ് രാജസ്ഥാനുള്ളത്.

ഇത്രവലിയ പിഴ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചാബ് ഗതാഗത മന്ത്രി റാസിയ സുല്‍ത്താനയുടെ നിലപാട്. പ്രായോഗികത സംബന്ധിച്ച് പഠിക്കാന്‍ തെലങ്കാന കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ശുപാര്‍ശ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി. പിഴത്തുക പകുതിയായാണ് കുറച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News