2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍.ഇ.പി 2020: സംസ്‌കൃതത്തിന് ഊന്നല്‍, ഇനി വിദ്യാഭ്യാസം 5+3+3+4 ഘടനയില്‍, അഫിലിയേറ്റ് കൊളജുകള്‍ക്ക് സ്വയംഭരണം- പ്രധാന മാറ്റങ്ങള്‍ ഒറ്റ നോട്ടത്തില്‍

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് (എന്‍.ഇ.പി) ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേരുമാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കുന്നതുള്‍പ്പെടെ പല മാറ്റങ്ങളും പുതിയ വിദ്യാഭ്യാസ നടത്തിലുണ്ട്.

എന്‍.ഇ.പി 2020 ലെ പ്രധാന നിര്‍ദേശങ്ങള്‍

സംസ്‌കൃതം മുഖ്യം

സ്‌കൂള്‍ കാലയളവില്‍ തന്നെ സംസ്‌കൃത ഭാഷയെ ‘മുഖ്യധാരയിലേക്ക്’ കൊണ്ടുവരും. ഇംഗ്ലീഷ് അടക്കമുള്ള ഭാഷയ്ക്ക് പ്രാധാന്യം കുറച്ചുകൊണ്ട് സംസ്‌കൃതം അടക്കമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് പ്രധാന്യം കൂട്ടും. ഉന്നത വിദ്യാഭ്യാസ രംഗത്തും സംസ്‌കൃതപഠനത്തിന് ഊന്നല്‍ നല്‍കിയുള്ള മാറ്റങ്ങളുണ്ടാവും.

360 ഡിഗ്രി ഹോളിസ്റ്റിക് റിപ്പോര്‍ട്ട് കാര്‍ഡ്

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം, വിദ്യാര്‍ഥികള്‍ക്ക് 360 ഡിഗ്രി ഹോളിസ്റ്റിക് റിപ്പോര്‍ട്ട് കാര്‍ഡായിരിക്കും ഇനി നല്‍കുക. വിഷയങ്ങളില്‍ നേടുന്ന മാര്‍ക്ക് മാത്രമല്ല, നേടിയെടുത്ത നൈപുണ്യം മറ്റു സുപ്രധാന വിവരങ്ങള്‍ ചേര്‍ത്തായിരിക്കും ഇതു നല്‍കുക.

ബോര്‍ഡ് പരീക്ഷയ്ക്ക് പ്രാധാന്യമില്ല, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പരീക്ഷ

ബോര്‍ഡ് പരീക്ഷയുടെ സമ്മര്‍ദവും പ്രാധാന്യവും കുറയ്ക്കുന്നതാണ് എന്‍.ഇ.പി നിര്‍ദേശം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം രണ്ടു ഭാഗങ്ങളായി പരീക്ഷ നടത്തും. ഒന്ന് ഒബ്ജക്ടീവ് ടൈപ്പും രണ്ട് ഡിസ്‌ക്രിപ്റ്റീവ് ടൈപ്പും. എന്ത് കാണാപാഠം പഠിച്ചു എന്നതിനപ്പുറം, വിവര പ്രായോഗിക കഴിവാണ് പരിശോധിക്കുക.

ആറാം ക്ലാസ് മുതല്‍ കോഡിങ് പഠനം

പുതിയ കാലത്തെ ആവശ്യം എന്ന നിലയ്ക്ക് ആറാം ക്ലാസ് മുതല്‍ കോഡിങ് പരിശീലനം നല്‍കും.

എട്ടാം വയസ്സ് വരെ

എന്‍.സി.ഇ.ആര്‍.ടിക്കു കീഴില്‍ എട്ടാം വയസ്സ് വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള നാഷണല്‍ കരിക്കുലര്‍ ആന്റ് പെഡഗോജിക്കല്‍ ഫ്രേംവര്‍ക്ക് ഫോര്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്റ് എജ്യുക്കേഷന്‍ സ്ഥാപിക്കും.

അഫിലിയേറ്റ് കോളജുകള്‍ സാമ്പത്തിക സ്വയംഭരണാവകാശം

രാജ്യത്ത് 45,000 ത്തില്‍ അധികം അഫിലിയേറ്റഡ് കോളജുകളുണ്ട്. ഇവയില്‍ അക്രഡിറ്റേഷന്‍ വഴി തെരഞ്ഞെടുക്കുന്ന കോളജുകള്‍ക്ക് സാമ്പത്തിക സ്വയംഭരണാവകാശം നല്‍കും.

പ്രാദേശിക ഭാഷകളില്‍ ഇ- കണ്ടന്റ്

ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ പ്രാദേശിക ഭാഷകളില്‍ ഇ- കണ്ടന്റ് ലഭ്യത ഉറപ്പാക്കും. എട്ട് പ്രധാന ഭാഷകളാണ് ഇതിനായി പരിഗണിക്കുന്നത്.

പുതിയ ബോധന ഘടന

ഇതുവരെയുണ്ടായിരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ഘടന മാറും. പകരം 5+3+3+4 എന്ന ബോധന ഘടന കൊണ്ടുവരും. 3-18 വയസ്സിനിടയിലുള്ളവരാണ് ഈ പരിധിയില്‍ വരിക. നിലവില്‍ 3-6 വരെ വയസ്സുള്ള കുട്ടികള്‍ ബോധന ഘടനയില്‍ വരുന്നില്ല. ഇപ്പോള്‍ ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ നിന്ന് തുടങ്ങുന്ന ഘടനയാണുള്ളത്. ഇത് മാറ്റി ഏര്‍ളി ചൈല്‍ഡ്ഹുഡ് വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പുതിയ പദ്ധതി.

പ്രവേശനത്തിനും വിടുതലിനും പല വഴികള്‍

2035 ഓടെ 50 ശതമാനം ഗ്രോസ് എന്‍ റോള്‍മെന്റ് റേഷ്യോ (ജി.ഇ.ആര്‍) ലക്ഷ്യമിട്ട് കൊണ്ട് പ്രവേശനത്തിനും വിടുതലിനും പല വഴികള്‍ അനുവദിക്കും. കോഴ്‌സിന്റെ പകുതിക്ക് വച്ച് വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഈ ഒപ്ഷന്‍ നല്‍കുക. അക്കാദമിക് ബാങ്ക് വഴി അവരുടെ ക്രെഡിറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യും.

ബാഗില്ലാ ദിനങ്ങള്‍

ബാഗില്ലാതെ സ്‌കൂളില്‍ പോകാവുന്ന ദിനങ്ങള്‍ കൂട്ടും. ഇതിനായി കായിക, കലാ, പരിപാടികളും വൊക്കേഷണല്‍ ക്രാഫ്റ്റ് പരിപാടികളും സംഘടിപ്പിക്കും.

മൂന്ന് ഭാഷകള്‍ പഠിക്കണം, തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും

മൂന്ന് ഭാഷാ പഠനമാണ് പുതിയ പാഠ്യപദ്ധതിയിലുണ്ടാവുക. ഇത് ഏതാണെന്ന് സംസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തീരുമാനിക്കാം. ഇതില്‍ രണ്ട് ഭാഷകളെങ്കിലും നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം.

പഠിപ്പിക്കല്‍ പ്രാദേശിക ഭാഷയില്‍

അഞ്ചാം ക്ലാസ് വരെയെങ്കിലും പഠന ഭാഷ പ്രാദേശികമായിരിക്കണം. ഇംഗ്ലീഷില്‍ പറ്റില്ല. എട്ടു വരെ പഠന ഭാഷ പ്രാദേശികമാക്കുന്നത് ഉചിതം.

NIOS, ഓപ്പണ്‍ സ്‌കൂള്‍ പഠനം 3,5,8 ക്ലാസുകള്‍ക്കും

NIOS, ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്ക് തതുല്യമാവുന്ന എ,ബി.സി ലെവലുകള്‍ അനുവദിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.