2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പോരാട്ടം തുടരാനുറച്ച് ഷൂക്കൂറിന്റെ ഉമ്മ, വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം

 

കണ്ണൂര്‍: തന്റെ മകനെ കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ തന്നെയാണ് ഷക്കൂറിന്റെ മാതാവ് ആതിക. ഷുക്കൂര്‍ വധക്കേസില്‍ മാതാവ് പി.സി ആത്തിക്ക നടത്തിയ നിയമയുദ്ധമാണ് ഈ കേസിന്റെ വഴിത്തിരിവ്. നീതി തേടി ഹൈക്കോടതിയെ സമീപിച്ചാണ് മാതാവ് സി.ബി.ഐ അന്വേഷണ ഉത്തരവ് നേടിയത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇത് സംബന്ധിച്ച ഹരജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കുറ്റപത്രം പരിശോധനക്കെടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ കൊലക്കുറ്റം ചുമത്തിയത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരിക്കകുയാണ്. എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തിയത്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമായ ടി.വി രാജേഷിനെതിരേയും സി.ബി.ഐ കുറ്റം ചുമത്തിയിട്ടുണ്ട്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കുനേരെ ചുമത്തിയ കൊലപാതകക്കേസ് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് വരുത്തിവയ്ക്കുക. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊലക്കുറ്റം പ്രതിപക്ഷം പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്നും ഉറപ്പാണ്. പാര്‍ട്ടി അണികള്‍ക്കു സ്വീകാര്യനായ പി. ജയരാജനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലോ വടകരയിലോ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മിനു പദ്ധതിയുണ്ടായിരുന്നു. ഇക്കാര്യത്തിലും ഇനി സി.പി.എമ്മിനു മാറിച്ചിന്തിക്കേണ്ടി വരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മട്ടന്നൂരിലെ ശുഹൈബ് വധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദം കെട്ടടങ്ങും മുന്‍പാണു പി. ജയരാജനുനേരേ ഷുക്കൂര്‍ കേസില്‍ കൊലക്കുറ്റം ചുമത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാനത്തുതന്നെ ശക്തമായ അടിത്തറയുള്ള ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിക്കുനേരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അണികള്‍ക്കും സി.പി.എം വിശദീകരണം നല്‍കേണ്ടി വരും.

ശുഹൈബ് വധക്കേസിനു പുറമെ ഷുക്കൂര്‍ കേസിലും പാര്‍ട്ടി പ്രതിസ്ഥാനത്തായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നേക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇതു മറികടക്കാനുള്ള പോരാട്ടങ്ങളാകും ഇനി പാര്‍ട്ടി നടത്തുക. അടുത്തകാലത്ത് രാഷ്ട്രീയകേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ശുഹൈബ് വധത്തിന്റെ ഒന്നാംചരമവാര്‍ഷികം ഇന്നും നാളെയുമായി ജില്ലയില്‍ കോണ്‍ഗ്രസ് ആചരിക്കുന്നതിനിടെയാണ് പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയത്.
അതേസമയം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണു പി. ജയരാജനും ടി.വി രാജേഷും എന്നാണ് സി.പി.എം നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.ബി.ഐ നടത്തിയ രാഷ്ട്രീയക്കളിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
പുതിയ തെളിവുകള്‍ ഒന്നുംതന്നെ ഇല്ലാതെ രാഷ്ട്രീയകളിക്കു സി.ബി.ഐ കൂട്ടുനില്‍ക്കുകയാണ്. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.