2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ പ്ലാന്റ് സഊദിയിലെ നിയോം സിറ്റിയിൽ ഉയരുന്നു

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജൻ പ്ലാന്റ് സഊദിയിലെ നിയോം സിറ്റിയിൽ ഉയരുന്നു. ഇത് സംബന്ധിച്ചുള്ള പങ്കാളിത്ത കരാർ നിയോം കമ്പനിയും സഊദി കമ്പനിയായ അക്വാ പവർ ഗ്രൂപ്പും അമേരിക്കൻ കമ്പനിയായ എയർ പ്രൊഡക്ട്‌സും തമ്മിൽ ഒപ്പുവെച്ചു. സഊദിയുടെ ഈജിപ്‌ത്‌, ജോർദാൻ അതിർത്തികൾക്ക് സമീപമുള്ള രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ മെഗാസിറ്റിയായ നിയോമിൽ 500 കോടി ഡോളർ ചെലവിലാണ് പുതിയ ഹൈഡ്രജൻ പ്ലാൻറ് നിർമ്മിക്കുന്നത്. നിയോം കമ്പനി, അക്വാ പവർ, എയർ പ്രോഡക്സ് എന്നീ മൂന്നു കമ്പനികൾക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയിൽ 2025 ഓടെ ഹൈഡ്രജൻ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.

    ലോകത്തെ ഏറ്റവും വലിയ പുനരുപയോഗ ഹൈഡ്രജൻ പദ്ധതിയായ ഇവിടെ നിന്നും പരിസ്ഥിതി സൗഹൃദ രീതിയിൽ ഹൈഡ്രജൻ ഉൽപാദിച്ച് ആഗോള വിപണിയിലേക്ക് കയറ്റി അയക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതി വിപുലമായ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കുന്നത്. കൂടാതെ, ആഗോള ഗതാഗത മേഖലക്ക് സുസ്ഥിര പരിഹാരങ്ങൾ നൽകാനും കാർബൺ ബഹിർഗമനം കുറക്കുന്ന പ്രായോഗിക പരിഹാരങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടലും ഇതിനു പിന്നിലെ ലക്ഷ്യമാണ്. ആഗോള തലത്തിൽ ഹരിത ഹൈഡ്രജൻ, ഹരിത ഇന്ധനം എന്നിവയുടെ ഉൽപാദനത്തിൽ മുൻനിര സ്ഥാനം കൈവരിക്കാനുള്ള നിയോമിന്റെ ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം.

    കാർബൺ രഹിത സമൂഹം വികസിപ്പിക്കാനുള്ള തങ്ങളുടെ ആഴമേറിയ പ്രതിബദ്ധത ഈ സഹകരണം പ്രതിഫലിപ്പിക്കുന്നതായി നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. ബൃഹത്തായ ഈ പദ്ധതിയിലൂടെ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യാഥാർഥ്യമായി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചപ്പാടാണിത്. അസാധാരണവും സുസ്ഥിരവുമായ ജീവിത ശൈലിയുടെ പ്രതീകവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷൻ 2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ശുദ്ധമായ കാർബൺരഹിത ഊർജ സമ്പദ്‌വ്യവസ്ഥാ തന്ത്രത്തെ പിന്തുണക്കുന്നതിൽ ഈ പങ്കാളിത്തം പ്രധാന ഘടകമാകും. ലോകത്ത് എല്ലായിടത്തും നിന്നുള്ള മികച്ച നിക്ഷേപകരെയും ആകർഷിക്കുന്ന തരത്തിൽ സുസ്ഥിരമായ പരിഹാരങ്ങൾ നൽകുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറാനുള്ള നിയോമിന്റെ പ്രയാണത്തിലെ കേന്ദ്ര ബിന്ദുവാണ് പുതിയ പദ്ധതി.

     ഇവിടെ ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ഗതാഗത സംവിധാനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിന് ആഗോള വിപണികളിലേക്ക് കയറ്റി അയക്കും. പ്രതിദിനം 650 ടൺ ഹരിത ഹൈഡ്രജനും പ്രതിവർഷം 12 ലക്ഷം ടൺ അമോണിയവുമാണ് പ്ലാന്റിൽ ഉൽപാദിപ്പിക്കുക. ഇതിലൂടെ പ്രതിവർഷം കാർബൺ ബഹിർഗമനം 30 ലക്ഷം ടൺ തോതിൽ കുറക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.