2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നേര്‍ച്ചപ്പെട്ടികള്‍ കഥ പറഞ്ഞ കാലം

ഗ്രാമീണ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരങ്ങളിലൊന്നായിരുന്നു നേര്‍ച്ചകള്‍. മൈത്രിയുടെ മനുഷ്യ മഹാവിളംബരം നടത്തിപ്പോന്ന ഗ്രാമീണ നേര്‍ച്ചകള്‍ മനസിലിന്നും നനവാര്‍ന്ന ഓര്‍മകളാണ്. സ്‌നേഹവും പാരസ്പര്യവും ആണ്ടിറങ്ങിയ പ്രതാപത്തിന്റെ കഥകള്‍ പേറുന്ന നാട്ടാചാരങ്ങള്‍ കാലാന്തരത്തില്‍ വേരറ്റുപോയെങ്കിലും അവ തീര്‍ത്ത സ്‌നേഹമസൃണമായ സ്മരണകള്‍ കാലത്തെ അതിജയിക്കാന്‍ പാകപ്പെട്ടതായിരുന്നു

 

കെ.എം ശാഫി

നേര്‍ച്ചപ്പെട്ടികള്‍ ഓരോ ഗ്രാമങ്ങളുടെയും ഐശ്വര്യമാണെന്നു കരുതിയ കാലം നമ്മെ കടന്നുപോയി. ഗ്രാമീണ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരങ്ങളിലൊന്നായിരുന്നു നേര്‍ച്ചകള്‍. മൈത്രിയുടെ മനുഷ്യ മഹാവിളംബരം നടത്തിപ്പോന്ന ഗ്രാമീണ നേര്‍ച്ചകള്‍ മനസിലിന്നും നനവാര്‍ന്ന ഓര്‍മകളാണ്. മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ മറികടക്കുന്ന ചെമ്മണ്‍പാതകളായിരുന്നു എല്ലാ നേര്‍ച്ചകളും. സ്‌നേഹവും പാരസ്പര്യവും ആണ്ടിറങ്ങിയ പ്രതാപത്തിന്റെ കഥകള്‍ പേറുന്ന നാട്ടാചാരങ്ങള്‍ കാലാന്തരത്തില്‍ വേരറ്റുപോയെങ്കിലും അവ തീര്‍ത്ത സ്‌നേഹമസൃണമായ സ്മരണകള്‍ കാലത്തെ അതിജയിക്കാന്‍ പാകപ്പെട്ടതായിരുന്നു. മമ്പുറം നേര്‍ച്ചയും കൊണ്ടോട്ടി നേര്‍ച്ചയും പോലോത്തെ വലിയ നേര്‍ച്ചകളില്‍നിന്നു വിഭിന്നമായി അങ്ങാടികളിലും ഗ്രാമങ്ങളിലും അരങ്ങേറിയ പ്രാദേശിക നേര്‍ച്ചകളും ഓമാനൂര്‍ ശുഹദാക്കളുടെയും ചേറൂര്‍ ശുഹദാക്കളുടെയും നേര്‍ച്ചകളും പകര്‍ത്തിവച്ച നന്മയുടെ ചിത്രങ്ങള്‍ സപ്തവര്‍ണക്കാഴ്ചകളൊരുക്കി ഇന്നും മികച്ചുനില്‍പ്പുണ്ട് ചരിത്രത്തില്‍.

മങ്ങിക്കിടക്കുന്ന ബാല്യകാല ഓര്‍മകളില്‍ പടപ്പറമ്പിലെ പ്രാദേശിക നേര്‍ച്ചയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമുണ്ട്. മധ്യാഹ്ന പ്രാര്‍ഥനയായ അസര്‍ നിസ്‌കാരശേഷമാണു പള്ളിയില്‍ നേര്‍ച്ചയോടനുബന്ധിച്ചുള്ള മൗലിദ് പാരായണം നടക്കുക. പ്രദേശത്തെയും അയല്‍ദേശങ്ങളിലെയും ആബാലവൃദ്ധം ജനങ്ങള്‍ നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവിടെയെത്തും. പ്രാര്‍ഥനയ്ക്കുശേഷമുള്ള അന്നദാനമാണു നേര്‍ച്ചയുടെ പ്രധാനയിനം. ബിരിയാണി സാര്‍വത്രികമാകാത്ത കാലത്ത് തേങ്ങാച്ചോറും പോത്തിറച്ചി വരട്ടിയതുമാണു വിതരണം ചെയ്യുക. പള്ളിയും പരിസരവും കവിഞ്ഞ് പകല്‍കിരണങ്ങളേറ്റു കിടക്കുന്ന പടപ്പറമ്പിന്റെ ചെമ്മണ്‍നിരത്തുകളിലേക്കു നീണ്ടുനീണ്ടു കിടക്കുന്ന മനുഷ്യവരിയില്‍ മതത്തിന്റെ, ജാതിയുടെ വേര്‍തിരിവുകളുണ്ടായിരുന്നില്ല. സഹപാഠി ദാസന്റെ വല്ല്യമ്മ ദേവകിയും ചോയിക്കുട്ടിയും തോന്നിയിലെ ചെറിക്കിയും നേര്‍ച്ചച്ചോറിന് ഊഴവും കാത്ത് വരിനില്‍ക്കുന്ന കാഴ്ചകള്‍ ഉള്ളിലൊരോര്‍മ ചിത്രം പോലെ പതിഞ്ഞുകിടപ്പുണ്ട്.
അന്നദാനത്തിന്റെ രീതിയും രൂപവുമൊക്കെ അനിര്‍വചനീയമായൊരു അനുഭവവും അനുഭൂതിയുമാണ്. ഇരുഭാഗത്തും വരിയായി കാത്തുനില്‍ക്കുന്നവര്‍ക്കിടയിലൂടെ വലിയ ചെമ്പുമായി വിതരണക്കാര്‍ അതിവേഗം ചോറുവിളമ്പി കടന്നുപോവുന്നത് ശബ്ദഘോഷങ്ങള്‍ക്കിടയിലെ മനോഹരക്കാഴ്ചയാണ്. ഇന്നത്തെപ്പോലെ സമ്പന്നത പൂമൂടാത്ത അരപ്പട്ടിണിയുടെ കാലത്ത് നേര്‍ച്ചകള്‍ ഒരപൂര്‍വ അവസരമായിരുന്നു, മനസും രുചിയുമറിഞ്ഞൊന്ന് വയറു നിറക്കാന്‍. പാത്രങ്ങളുമായി വരിനില്‍ക്കുന്ന കുട്ടികളുടെ ഭാഗത്തുനിന്നുയരുന്ന അലൂമിനിയം പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദത്തിന്റെ സംഗീതം ആസ്വദിച്ചിട്ടുണ്ടൊരുപാടു തവണ. പാത്രങ്ങളില്ലാത്തവര്‍ തോര്‍ത്തുമുണ്ടില്‍ ചോറ് കെട്ടിക്കൊണ്ടു പോവുന്നതു കാണാം. ആണ്ടില്‍ രണ്ടു തവണയെങ്കിലും വിവിധങ്ങളായ നേര്‍ച്ചകളും അതുവഴിയുള്ള അന്നദാനവും ഓരോ ഗ്രാമത്തിന്റെയും ഐശ്വര്യത്തിനുമേല്‍ കാവല്‍ നില്‍ക്കും.
പടപ്പറമ്പ് അങ്ങാടിയിലെ വണ്‍ടു മൊയ്തീന്‍ കാക്കയുടെ പീടികയോടു ചാരിയായിരുന്നു ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി. പച്ചപ്പൈന്റടിച്ച ആ മരപ്പെട്ടിയുടെ ചാരത്തുകൂടി പോവുമ്പോള്‍ തന്നെ ഒരാത്മീയ കുളിര് നമ്മെ തലോടും. തൊട്ടപ്പുറത്തെ ലോവര്‍ പ്രൈമറി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിച്ചിരുന്ന കാലം കണക്കെടുത്തിരുന്നത് ഇസ്മാഈല്‍ പിള്ള മാഷായിരുന്നു. അന്നും ഇന്നും തിരുമണ്ടക്കു പിടിതരാതെ ഒളിച്ചുകളിക്കുന്ന സമസ്യയാണ് കണക്ക്. ഗുണനപ്പട്ടിക പഠിക്കാത്തതിന് മാഷിന്റെ ശിക്ഷ പേനത്തുമ്പ് കൂട്ടി ചെവിക്കുന്നി പിടിക്കലാണ്. നക്ഷത്രമെണ്ണിപ്പോകും ആ പിടിത്തത്തില്‍. അതില്‍നിന്നു രക്ഷനേടാന്‍ എവിടെന്നൊക്കെയോ ഒപ്പിക്കുന്ന നാണയത്തുട്ടുകള്‍ നേര്‍ച്ചപ്പെട്ടിയിലിട്ട് മനസു കൊണ്ട് പ്രാര്‍ഥിച്ചാണ് ക്ലാസിലേക്കു പോവുക. പനിയോ മറ്റു വ്യാധികളോ വന്നാലും അതേ നേര്‍ച്ചപ്പെട്ടിയിലേക്കു നാണയങ്ങള്‍ നേര്‍ച്ച നേരും. ആ വിശ്വാസത്തിനൊക്കെ എന്തെന്നില്ലാത്തൊരു സുഖമുണ്ടായിരുന്നു. പിന്നീടെപ്പൊഴോ അതേ നേര്‍ച്ചപ്പെട്ടി കുത്തിപ്പൊളിച്ചു മോഷണം നടത്തിയ നാട്ടുകള്ളന്മാരും പിടിക്കപ്പെടാതിരിക്കാന്‍ നേര്‍ച്ച നേര്‍ന്നിരിക്കാം എവിടേക്കെങ്കിലും.
തലമുറകള്‍ക്കപ്പുറത്തുനിന്നു കുടിയേറിയ വിശ്വാസങ്ങളില്‍ സ്‌നേഹവും സമാധാനവുമൊക്കെ കൂടെപ്പിറപ്പുകളായിരുന്നു. നേര്‍ച്ചകളും നേര്‍ച്ചപ്പെട്ടികളുമൊക്കെ ഇന്നുമുണ്ട്. പലതും കലഹങ്ങളും കലാപങ്ങളും മത്സരങ്ങളും കണക്കുതീര്‍ക്കലുകളുമായി പരിണാമം പൂണ്ടു. വേങ്ങരക്കടുത്ത വലിയോറയിലെ മടപ്പള്ളി നേര്‍ച്ചയ്ക്ക് വല്ല്യുമ്മയുടെ കൂടെ പോയതിന്റെ നനഞ്ഞു കുതിര്‍ന്നൊരു ഓര്‍മയുണ്ട്. അപ്പര്‍പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്താണത്. യൂനിഫോമൊന്നും വ്യാപകമാകാത്ത കാലം. ഏറ്റവും നല്ല കുപ്പായമിടുക വ്യാഴാഴ്ചയാണ്. കാരണം ക്ലാസ് കഴിയാന്‍ കാത്തുനില്‍ക്കാതെ അവസാനത്തെ പിരീഡിനു മുന്‍പ് ചോദിച്ചുപോരുന്നൊരു പരിപാടിയുണ്ടായിരുന്നു. വീട്ടില്‍ മാറ്റിയൊരുങ്ങി കാത്തുനില്‍പ്പുണ്ടാവും ഉമ്മ. നേരെ വച്ചുപിടിക്കും ചേറൂരിലെ ഉമ്മാടെ വീട്ടിലേക്ക്.
അങ്ങനെയുള്ളൊരു നാളില്‍ ഉമ്മവീട്ടില്‍ ചെന്നുകയറുമ്പോള്‍ വല്ല്യുമ്മ എവിടേക്കോ ഇറങ്ങാനുള്ള തയാറെടുപ്പിലാണ്. ചേറൂരിലെത്തിയാല്‍ പിന്നെ എന്റെ കൂട്ട് വല്ല്യുമ്മയുടെ കോന്തലയും സഞ്ചാരപദങ്ങളും തന്നെ. ചില ജന്മങ്ങളുടെ സുകൃതമാണത്. ആ കൈ പിടിച്ചെത്ര ഇടവഴികള്‍ താണ്ടി. മുള്‍വേലികള്‍ ചാടിക്കടന്നു. ആ മാറിന്റെ ചൂടറിഞ്ഞെത്ര ഇരവുകള്‍ വെളുപ്പിച്ചെടുത്തു. അന്നത്തെ ആ സായാഹ്ന ബസ്‌യാത്ര മനസില്‍ പച്ചപിടിച്ചു നില്‍പ്പുണ്ടിന്നും. ടാര്‍ചെയ്യാത്ത മണ്‍പാതകളിലൂടെ വളഞ്ഞുപുളഞ്ഞൊരു സഞ്ചാരം. ഇരുപാര്‍ശ്വങ്ങളില്‍ തിങ്ങിനില്‍ക്കുന്ന കേരവൃക്ഷങ്ങള്‍ പൊഴിക്കുന്ന ഇരുണ്ട നിഴലില്‍ നേരം പിടിതരാതെ ഒഴുകിയകലുന്നു.
നേര്‍ച്ചപ്പാടത്തുനിന്നും കയറിവരുന്ന കാറ്റില്‍ ബാന്‍ഡിന്റെ ശബ്ദം അലയൊലി തീര്‍ക്കുന്നുണ്ട്. തെങ്ങിന്‍തോപ്പുകള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കൊണ്ട് ഹാലിളകിയ നേര്‍ച്ചപ്പറമ്പിലേക്കിറങ്ങുമ്പോള്‍ വല്ല്യുമ്മയുടെ കൈ മുറുകെപിടിച്ചിരുന്നു ഞാന്‍. നീണ്ടുനിരന്നുകിടക്കുന്ന കച്ചവടക്കാരുടെ ബഹളങ്ങള്‍ക്കിടയിലെപ്പോഴോ മഴ ചാറാന്‍ തുടങ്ങിയിരുന്നു. തെങ്ങോലത്തലപ്പുകള്‍ നിലക്കാതെ പെയ്യാന്‍ തുടങ്ങിയപ്പോള്‍ നേര്‍ച്ചപ്പറമ്പില്‍നിന്ന് ആളൊഴിഞ്ഞുതുടങ്ങി. ചാറ്റല്‍മഴ പേമാരിക്കു വഴിമാറിയപ്പോള്‍ കയറിനിന്ന ഓലപ്പുരയും ചോര്‍ന്നുതുടങ്ങിയെന്നു മാത്രമല്ല ഒടുക്കം മൂക്കും കുത്തി വീണു. പറമ്പിന്റെ ഒരറ്റത്ത് ഞാനും വല്ല്യുമ്മയും കൊള്ളുന്ന മഴക്കെന്തോ ഞങ്ങളോടു പ്രണയം പോലെ. ഒടുവില്‍ മഴയും ചേറും പുരണ്ടൊരു ജീപ്പില്‍ കയറിപ്പറ്റുമ്പോള്‍ ഇരുട്ട് കുത്തിപ്പെയ്യാന്‍ തുടങ്ങിയിരുന്നു.
മൂത്താപ്പയുടെ മകന്‍ കാക്കാടെ കൂടെയാണ് ആദ്യമായി കൊണ്ടോട്ടി നേര്‍ച്ചയ്ക്കു പോയത്. കൗമാരം നുരകൊത്തിയൊഴുകുന്ന കാലത്ത് ജനസാന്ദ്രമായ കൊണ്ടോട്ടി നേര്‍ച്ച നഗരം ഏറെ അമ്പരപ്പാണു പകര്‍ന്നത്. മൈലുകളോളം ചുറ്റിവളഞ്ഞു കിടക്കുന്ന നേര്‍ച്ച കച്ചവടങ്ങള്‍. ആളുകളാല്‍ പൊതിഞ്ഞുനില്‍ക്കുന്ന കിലുക്കികുത്തുകാരന്‍ ബഡായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. യന്ത്ര ഊഞ്ഞാലും(ചാട്ടിരിക്കൊട്ട) മരണക്കിണറും കണ്ടതിന്റെ അത്ഭുതം വര്‍ണിക്കാനൊക്കില്ല. പിന്നെയുമൊരുപാടു കാലം നേര്‍ച്ച കാണാന്‍ കൊണ്ടോട്ടിയില്‍ പോയിട്ടുണ്ട്. കൊടിയേറ്റവും പെട്ടിവരവും നേര്‍ച്ചത്തെരുവും ഉള്ളിലൊരു നൊമ്പരവും ഗൃഹാതുര കാഴ്ചയുമായി മായാതെ കിടപ്പുണ്ട് ഇപ്പോഴും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.