2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

രാഷ്ട്രീയക്കമ്മിഷനല്ല, വനിതാ കമ്മിഷനാണ് വേണ്ടത്


 

 

സംസ്ഥാനത്തെ വനിതകളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടംതട്ടുന്ന നടപടികളെയും പ്രവര്‍ത്തനങ്ങളെയും നേരിടുകയെന്ന ലക്ഷ്യത്തോടെയാണ്, ദേശീയ വനിതാകമ്മിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലിനു സമാനമായി, കേരളത്തിലും വനിതാകമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ സാമൂഹികക്ഷേമ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നിര്‍ദേശത്തില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി എന്നിവര്‍ വിവിധ വനിതാസംഘടനകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണു കരട് ബില്ലു തയാറാക്കിയത്. 1990 ല്‍ കരട് ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍, 1995 ല്‍ മാത്രമാണ് രാഷ്ട്രപതി ബില്‍ അംഗീകാരിച്ചത്. അങ്ങനെ 1995 സെപ്റ്റംബര്‍ 15 ന് കേരള വനിതാകമ്മിഷന്‍ നിയമം നിലവില്‍ വന്നു. പ്രശസ്ത കവിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിയായിരുന്നു ആദ്യ അധ്യക്ഷ. അധ്യക്ഷയ്ക്കു പുറമേ, സമൂഹത്തിലെ പ്രഗത്ഭരായ രണ്ടു വനിതകളും അംഗങ്ങളായിരിക്കും. ഇതിനു പുറമെ എക്‌സ് ഒഫീഷ്യോ അംഗങ്ങളും കമ്മിഷനിലുണ്ടായിരിക്കും.
സ്ത്രീകളെ സംബന്ധിച്ച എല്ലാവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ നിയമപ്രകാരമുള്ള വ്യവസ്ഥാപിതസ്ഥാപനമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ കമ്മിഷന്‍ അന്വേഷിക്കുകയും തീരുമാനം എടുക്കുകയും ചെയ്യണം. അക്കാര്യത്തില്‍ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയ ഒരു പരിഗണനയും ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ പരിശോധിച്ചു തീരുമാനിച്ച കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പക്ഷപാതമില്ലാതെ ശുപാര്‍ശ ചെയ്യേണ്ടതും കമ്മിഷന്റെ കര്‍ത്തവ്യമാണ്.
നാളിതുവരെ മാറിമാറി വന്ന കമ്മിഷനുകള്‍ ഈ ചുമതല നിര്‍വഹിച്ചിട്ടുണ്ടെന്നാണു പൊതുബോധ്യം. എന്നാല്‍, ഈയിടെ കമ്മിഷന്റെ നിലപാടുകള്‍ പരക്കെ ആക്ഷേപങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നു പറയാതെ വയ്യ. സ്ത്രീകള്‍ നീതിതേടി കമ്മിഷനെ സമീപിക്കുമ്പോള്‍ അതു ചെവിക്കൊള്ളാതെ ഇരകളെ മാനസികമായി തളര്‍ത്തുന്ന നടപടിപോലും കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന ആരോപണമുണ്ട്. അതു ഖേദകരമാണ്.
കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തി നടത്തിയ അങ്ങേയറ്റം അപലപനീയമായ സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ സ്വമേധയാ കേസെടുത്തതോടെയാണു വനിതാകമ്മിഷന്‍ കഴിഞ്ഞദിവസം വാര്‍ത്തയില്‍ നിറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ കൈക്കൊണ്ട മുന്‍നിലപാടുകള്‍ അക്കമിട്ടു നിരത്തി സാമൂഹ്യമാധ്യമങ്ങള്‍ കമ്മിഷന്റെ തൊലിയുരിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം വിമര്‍ശനങ്ങള്‍ കമ്മിഷന്റെ കണ്ണു തുറപ്പിക്കണം. നിഷ്പക്ഷമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനും എല്ലാ സ്ത്രീകള്‍ക്കും നീതിലഭ്യമാക്കാനുമാണ് കമ്മിഷന്‍ നിലനില്‍ക്കേണ്ടത്.
നീതിന്യായവ്യവസ്ഥയെ ഊര്‍ജസ്വലതയോടെ ശക്തവും കാര്യക്ഷമമവുമായി മുന്നോട്ടു നയിക്കാന്‍ നീതിപീഠങ്ങള്‍ നടത്തുന്ന ജാഗ്രത വനിതാകമ്മിഷന്‍പോലുള്ള നിയമവ്യവസ്ഥാപിത സ്ഥാപനങ്ങളും കൈക്കൊള്ളണം. കോടതിജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഹൈക്കോടതി ഈയിടെ നടത്തിയ ഇടപെടലുകള്‍ മാതൃകയാക്കാവുന്നതാണ്.
വനിതാകമ്മിഷന്റെ സമീപകാല നിലപാടുകളിലെ വൈരുദ്ധ്യം രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും വിമര്‍ശനവിധേയമായിട്ടുണ്ട്. കമ്മിഷന്‍ ഭരണമുന്നണിയുടെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. പൊതുഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഈ പരാതികള്‍ക്കു മറുപടി നല്‍കേണ്ട ബാധ്യതയുണ്ട്. പ്രത്യേകസമുദായങ്ങളോ പാര്‍ട്ടികളോ പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളില്‍ കമ്മിഷന്‍ സ്വീകരിക്കുന്ന നിലപാടും ഇതേ വിഭാഗങ്ങള്‍ ഇരകളായി വരുന്ന സംഭവങ്ങളിലെ നിലപാടും പരിശോധിച്ചാല്‍ ആരോപണങ്ങളുടെ സത്യസന്ധത ബോധ്യപ്പെടും.
2017 ലെ ഹാദിയ കേസ് മുതല്‍ ഈ വിമര്‍ശനം കമ്മിഷന്‍ നേരിടുന്നുണ്ട്. ശക്തമായ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് ആ കേസില്‍ ഇടപെട്ടത്. പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കുകയും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ ഇടപെടാന്‍ മടിച്ച കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരേ വിദ്യാര്‍ഥിസംഘടനകള്‍ സമരവുമായി രംഗത്തുവന്നിരുന്നു.
രാഷ്ട്രീയപക്ഷപാതിത്വവും ആരോപണവിധേയമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വിഡിയോയില്‍ വനിതകളെ അപമാനിക്കുന്ന ഭാഗമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെതിരേ ഇടതുമുന്നണി കണ്‍വീനര്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നു പരാതി ലഭിച്ചിട്ടും അനങ്ങിയില്ല. ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ മറ്റൊരു പരാതിയിലും നടപടി സ്വീകരിച്ചില്ല.
ഇതേക്കുറിച്ചു കഴിഞ്ഞദിവസം കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചതു തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രമാണോ നാട്ടില്‍ പീഡനങ്ങളുണ്ടാകുന്നതെന്നാണ്. രമ്യയ്‌ക്കെതിരേ താന്‍ ശക്തമായി പ്രതികരിച്ചെങ്കിലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അവര്‍ പറഞ്ഞത്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരായ പരാതിയിലും കമ്മിഷന്‍ നിലപാട് വിവാദമായതാണ്. അതേസമയം, കഴിഞ്ഞ ജൂലൈയില്‍ ഗീതാ ഗോപി എം.എല്‍.എയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജാതീയ പരാമര്‍ശത്തില്‍ കമ്മിഷന്‍ ശക്തമായ നിലപാടു സ്വീകരിച്ചിരുന്നു.
മുസ്‌ലിം സ്ത്രീകള്‍ പന്നിപെറും പോലെ പെറ്റുകൂട്ടുമെന്നു സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ കമന്റ് ചെയ്ത ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ.ആര്‍ ഇന്ദിരയ്‌ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടും കമ്മിഷന്‍ ഉറക്കം നടിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നംപറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ വേശ്യാ പരാമര്‍ശനം നടത്തിയപ്പോള്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
ഭരിക്കുന്ന കക്ഷിയുടെ നിലപാടും താല്‍പര്യവും പരിഗണിക്കാതെ പ്രവര്‍ത്തിച്ച വനിതാ കമ്മിഷനുകളെ കണ്ടു പരിചയിച്ച നാടാണിത്. ഒരേ കുറ്റം ചെയ്യുന്ന രണ്ടു പേരോടു രണ്ടു നിലപാടു സ്വീകരിക്കുന്നത് വനിതാ കമ്മിഷന്റെ അന്തസ്സിനു ചേര്‍ന്നതല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.