2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉപരിസഭയിലും എന്‍.ഡി.എ ആധിപത്യം നേടുമ്പോള്‍

എന്‍. അബു

 

സംസ്ഥാനങ്ങളില്‍ ചിലതില്‍ ചാക്കിട്ടുപിടിച്ച എം.എല്‍.എമാരുടെ അംഗബലത്തില്‍ എന്‍.ഡി.എ രാജ്യസഭയില്‍ 100 സീറ്റ് കടന്നിരിക്കുന്നു. ജയിച്ചവരില്‍ ജോതിരാദിത്യ സിന്ധ്യയെപ്പോലെ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്നവരുണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരൊക്കെയും എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കുമോ എന്നു ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ക്ക് ഓരോ ദിവസവും എണ്ണി നോക്കേണ്ടിവരുമായിരിക്കാം. ഒപ്പം നില്‍ക്കുന്നവരുടെ ചാഞ്ചാട്ടം നേരത്തെ തന്നെ മനസ്സിലാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍നിന്നു തന്നെ ബി.ജെ.പി നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും, ഗവര്‍ണര്‍ നജ്മാ ഹെപ്തുള്ളയുടെ ഒത്താശയോടെ ബി.ജെ.പി സഖ്യം അവിടെ അധികാരത്തിലേറിയതാണ്. നജ്മ തന്നെയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറി മോദി സര്‍ക്കാറില്‍ മന്ത്രിയായ ശേഷമാണ് ഗവര്‍ണര്‍ പദവിയിലേക്കെത്തിയത്.

അവിടെ ബി.ജെ.പി മന്ത്രിസഭയ്ക്കു പിന്തുണ ഉറപ്പിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ നാലു എം.എല്‍.എമാരെ പാര്‍ട്ടി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ച് ‘മനംമാറ്റി’ തിരിച്ചയച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. അതെന്തോ ആകട്ടെ, 38 ശതമാനം വോട്ട് മാത്രം കിട്ടിയപ്പോഴും ഒരിക്കല്‍കൂടി കേന്ദ്രം ഭരിക്കാന്‍ വന്‍ ഭൂരിപക്ഷം ലഭിച്ച ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ഡല്‍ഹിയില്‍ തല്‍ക്കാലം ഭീഷണിയൊന്നുമില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വികാരം ഉണര്‍ത്തി കൂടുതല്‍ ജനപിന്തുണ നേടാന്‍ ഒക്കുമോ എന്ന ശ്രമം അവര്‍ ആരംഭിച്ചതില്‍ അത്ഭുതവുമില്ല. ഇലക്ട്രോണിക്ക് യുഗത്തിലെ ഇ-റാലികള്‍ ആരംഭിച്ചു. അതോടൊപ്പം ഗൃഹസന്ദര്‍ശന പരിപാടികളും.

ജി.എസ്.ടി എന്ന ചരക്കുസേവന നികുതി ബില്ലും, പൗരത്വനിയമവുമൊക്കെ രാജ്യസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്തപ്പോഴും പാസാക്കാന്‍ കഴിഞ്ഞ ധിക്കാരത്തിലാണ് കേന്ദ്രം. എന്നാല്‍ മുത്വലാഖ് നിയമവും പൗരത്വ നിയമവും വിചാരിച്ചിടത്തോളം ഹിന്ദുമതവിശ്വാസികളുടെ മതേതര മനസ്സിനെ ഇളക്കാന്‍ സാധിച്ചിട്ടില്ലെന്നു എന്‍.ഡി.എ മനസ്സിലാക്കിക്കഴിഞ്ഞു. ലോക്‌സഭക്ക് പുറമെ രാജ്യസഭയിലും ആധിപത്യം നേടിയെടുക്കാന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍, പീഡനമുറകള്‍ക്ക് ആക്കം കൂട്ടി ന്യൂനപക്ഷങ്ങളെയും ദലിതരെയും ഭീഷണിപ്പെടുത്തി മുന്നോട്ടുപോവാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിലാണ് ബി.ജെ.പി. ഈ തന്ത്രങ്ങളിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പാകത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എല്ലാ ബില്ലുകളും പാസാക്കിയെടുക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നു സംഘ്പരിവാര്‍ സ്വപ്നം കാണുന്നു.
ആ ലക്ഷ്യം നേടാനാണ് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിന്റെ പേരില്‍ നാലുമാസങ്ങള്‍ക്കു ശേഷം കേന്ദ്രആഭ്യന്തര മന്ത്രാലയം ഏകപക്ഷീയമായി കേസുകളെടുത്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ഡല്‍ഹിയില്‍ സ്വന്തം ഫ്‌ളാറ്റു വിറ്റ് പൗരത്വ സത്യഗ്രഹികള്‍ക്ക് ഭക്ഷണം നല്‍കി സഹോദര സ്‌നേഹം പ്രകടമാക്കിയ ഡി.എസ് ബിന്ദ്ര എന്ന സിക്കുകാരനെതിരേയും ഡല്‍ഹി പൊലിസ് കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തില്‍ കേസെടുത്തിരിക്കുകയാണ്. അതേസമയം കലാപത്തിനു ആഹ്വാനം നല്‍കിയ കപില്‍മിശ്ര, അനുരാഗ് താക്കൂര്‍ എന്നീ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഒരു നടപടിയും പൊലിസ് കൈക്കൊണ്ടില്ല. എന്ത് കൊണ്ടു നടപടി എടുത്തില്ല എന്നു ചോദിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അന്നു രാത്രി തന്നെ സ്ഥലം മാറ്റുകയാണ് ചെയ്തത്.

ബി.ജെ.പി നേതാക്കള്‍ക്കെതിരേ പരാതികള്‍ നല്‍കിയവരെക്കൊണ്ട് അവ പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ദയാല്‍പുരിയില്‍ മുസ്‌ലിംപള്ളി ആക്രമിച്ച് കണ്ണില്‍ കണ്ടതെല്ലാം കൊള്ളയടിച്ച് കടന്നുപോയവരെപ്പറ്റി പരാതികള്‍ ലഭിച്ചിട്ടും ഡല്‍ഹി പൊലിസ് കേസെടുത്തില്ല. ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രനടത്തവെ പിടിയിലായ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ദേവിന്ദര്‍ സിങ്ങിനു ഡല്‍ഹി കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതൊക്കെ വ്യക്തമാക്കുന്നത് രാജ്യസഭയില്‍ നേടിയെടുത്ത ഭൂരിപക്ഷം ഉപയോഗിച്ച് അടിയന്തരാവസ്ഥയെ മറികടക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്ക് എന്‍.ഡി.എ തുനിഞ്ഞുകൂടായ്കയില്ല എന്നതാണ്.

രാജ്യസഭയിലും അംഗസംഖ്യ നൂറു പിന്നിട്ടതിന്റെ വെളിച്ചത്തില്‍ മേനിനടിക്കുന്ന എന്‍.ഡി.എ , ജനാധിപത്യത്തില്‍ എന്തും സംഭവിക്കാമെന്ന പാഠം മറക്കരുത്. 1984ല്‍ നടാടെ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ രണ്ടു പേരെ മാത്രം ജയിപ്പക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് ഇന്നു ലോക്‌സഭയില്‍ 303 എം.പിമാരുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭയില്‍ 52 അംഗങ്ങളുടെയും രാജ്യസഭയില്‍ 41 മെംബര്‍മാരുടെയും കക്ഷിയായി ചുരുങ്ങിയെന്ന വസ്തുതയും അവര്‍ക്കു പാഠമാവേണ്ടതത്രെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.