2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കോടതികള്‍ തോല്‍ക്കും നമ്മള്‍ ജയിക്കും

നവാസ് പൂനൂര്‍

#നവാസ് പൂനൂര്‍
8589984455

 

1997ലാണ് ബന്ദ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കേരളാ ഹൈക്കോടതി ബന്ദ് നിരോധിച്ചത്. ആ നിരോധനം പിന്‍വലിക്കുന്നത് നന്നാവും എന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം. കാരണം അന്ന് വര്‍ഷത്തില്‍ രണ്ടും മൂന്നും ചിലവര്‍ഷങ്ങളില്‍ നാലും ബന്ദുകള്‍ നടന്നിരുന്നു. അതൊരു ആശ്വാസമായിരുന്നു, വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം ഒരു വിശ്രമം. ഇതിപ്പോള്‍ നമ്മള്‍ ബന്ദില്ലാത്ത കേരളത്തില്‍ ബന്ദികളാവുന്നത് എത്ര ദിവസമാണ്? കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലുകളാണ് നമ്മുടെ മലയാളനാട്ടില്‍ നടന്നത്.

ജനാധിപത്യത്തിന്റെ നാലു തൂണുകളുടെ ഭദ്രതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍. ഏതെങ്കിലുമൊരു തൂണ് ദുര്‍ബലമാവുമ്പോള്‍ പ്രതീക്ഷയോടെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് നീതിപീഠങ്ങളെയാണ്. ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കൈമലര്‍ത്തുമ്പോഴും സ്വാഭാവികമായും കോടതിയെ സമീപിക്കുകയാണ് നമ്മുടെ ശീലം. നീതി ലഭിക്കുമെന്ന പ്രതീക്ഷ; ആ പ്രതീക്ഷ തകര്‍ന്നുകൂടാ. തകര്‍ത്തുകൂടാ.
മുന്‍പ് നമ്മുടെ നാട്ടില്‍ എന്നും ബന്ദായിരുന്നു.പൊറുതിമുട്ടിയ ജനം കോടതിയെ സമീപിച്ചു. കോടതി എല്ലാ വശവും പരിശോധിച്ച് ബന്ദ് നിരോധിച്ചു. അതില്‍ പിന്നെ നമ്മുടെ നാട്ടില്‍ ‘ബന്ദ് ‘ ഉണ്ടായിട്ടേയില്ല. ഹര്‍ത്താലെ ഉണ്ടായിട്ടുള്ളൂ. പേരു മാറിയെന്നല്ലാതെ മറ്റൊരു മാറ്റവുമുണ്ടായില്ല. എത്ര വിദഗ്ദ്ധമായാണ് നമ്മള്‍ നീതിപീഠത്തിന്റെ കണ്ണുകള്‍ കെട്ടിയത്. എല്ലാവരും മത്സരിച്ച് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നു. കയ്യൂക്ക് കാണിച്ച് വഴി തടയുന്നു, വാഹനം തകര്‍ക്കുന്നു, കടകള്‍ അടപ്പിക്കുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് എത്ര വലിയ പാര്‍ട്ടിയോ ചെറിയ പാര്‍ട്ടിയോ ആവട്ടെ ഹര്‍ത്താല്‍ വിജയിക്കുന്നു. തോല്‍ക്കുന്നതോ പാവം ജനവും. പണിമുടക്കാനും ഹര്‍ത്താല്‍ നടത്താനുമുള്ള സ്വാതന്ത്യം നമുക്കുണ്ട്. അതേ സ്വാതന്ത്ര്യം പണിയെടുക്കേണ്ടവര്‍ക്കും യാത്ര ചെയ്യേണ്ടവര്‍ക്കും കടകള്‍ തുറക്കേണ്ടവര്‍ക്കുമുണ്ടെന്ന് മറന്നുപോകുന്നു.
1997ലാണ് ബന്ദ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കേരളാ ഹൈക്കോടതി ബന്ദ് നിരോധിച്ചത്. ആ നിരോധനം പിന്‍വലിക്കുന്നത് നന്നാവും എന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം. കാരണം അന്ന് വര്‍ഷത്തില്‍ രണ്ടും മൂന്നും ചിലവര്‍ഷങ്ങളില്‍ നാലും ബന്ദുകള്‍ നടന്നിരുന്നു. അതൊരു ആശ്വാസമായിരുന്നു, വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം ഒരു വിശ്രമം. ഇതിപ്പോള്‍ നമ്മള്‍ ബന്ദില്ലാത്ത കേരളത്തില്‍ ബന്ദികളാവുന്നത് എത്ര ദിവസമാണ്? കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലുകളാണ് നമ്മുടെ മലയാളനാട്ടില്‍ നടന്നത്.
എന്തു ക്രൂരതയാണിത്, എത്ര ധിക്കാരമാണിത്? എന്റെ സ്വാതന്ത്ര്യം അടുത്തയാളുടെ മൂക്കു വരെ എന്നു പറയാറില്ലേ. ലോകത്ത് എവിടെയെങ്കിലും ഇത്ര വലിയ ജനാധിപത്യ ധ്വംസനം നടക്കുന്നുണ്ടോ? നമ്മള്‍ നമ്മെക്കുറിച്ചേ ചിന്തിക്കുന്നുള്ളൂ. മറ്റുള്ളവര്‍ നമുക്കു വിഷയമേയല്ല. യാത്രാദുരിതത്തില്‍ പെട്ട് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എയര്‍പോര്‍ട്ടിലും കുടുങ്ങുന്നവരുടെ അത്യാവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ സന്തോഷിക്കുന്നത് ഹര്‍ത്താലുകാരുടെ മനസു മാത്രമാണ്, അത് സാഡിസമാണ്. മറ്റുള്ളവരുടെ പ്രയാസം കണ്ട് സന്തോഷിക്കുന്നത് മാനസിക വൈകൃതമാണ്.
എറണാകുളത്ത് ഒരു ചടങ്ങില്‍ സുഹൃത്ത് പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ. ഹാറൂന്‍ പിള്ള ഈ വിഷയം സംസാരിച്ചത് ധാര്‍മിക രോഷത്തോടെ. പതിറ്റാണ്ടുകളായി അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെയായിരുന്നു ഡോക്ടര്‍. തിരിച്ചെത്തിയ അദ്ദേഹം കുത്തഴിഞ്ഞ നമ്മുടെ നാടു കണ്ട് ഏറെ പരിതപിച്ചതാണ്. ഈ നാടുകളിലെ ടൂറിസ്റ്റുകള്‍ നമ്മുടെ നാട് കാണാനെത്തുമ്പോഴുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എയര്‍പോര്‍ട്ടിലും ഹോട്ടലുകളിലും ഒരു തുള്ളി വെള്ളവും ഭക്ഷണവും കിട്ടാതെ വിഷമിക്കുമ്പോള്‍ എന്താവും അവരുടെ മനസില്‍ ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച്? ഈ നാട്ടുകാര്‍ തന്നെ ചികിത്സ പോലും കിട്ടാതെ റോഡില്‍ നട്ടം തിരിയുമ്പോള്‍ എവിടെയെത്തും നമ്മുടെ നാടിന്റെ മാനം. ഡോ. ഹാറൂന്‍ ക്ഷോഭം ഇത്തിരി അടങ്ങിയപ്പോള്‍ വച്ച നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്കേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നാണ്. ഹര്‍ത്താല്‍ പ്രഖ്യാപനവും ഹര്‍ത്താന്‍ പ്രചാരണ വാര്‍ത്തകളും പൂര്‍ണമായും ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണം. അങ്ങനെയായാല്‍ മലയാളിയുടെ ഹര്‍ത്താല്‍ ദിനം പതിവുപോലെ സജീവമാകും. കടകള്‍ തുറക്കും. വാഹനങ്ങള്‍ പുറത്തിറങ്ങും. വിദ്യാലയങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കും. എല്ലാം സജീവമായിക്കഴിഞ്ഞാല്‍ ഹര്‍ത്താലുകാര്‍ക്ക് കുഴപ്പമുണ്ടാക്കാനാവില്ല. മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചാലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് പ്രചാരണം കിട്ടില്ലേ എന്നതാണ് എന്റെ സംശയം. ഈ വിഷയം മാതൃഭൂമി ഡപ്യൂട്ടി മാനേജിങ് ഡയരക്ടര്‍ ശ്രേയാംസ് കുമാറുമായും ഡോക്ടര്‍ സംസാരിച്ചിട്ടുണ്ടത്രെ.
ഇപ്പോഴിതാ കച്ചവടക്കാരും ബസ് ഉടമകളും ഉള്‍പ്പെടെ പലരും ഹര്‍ത്താലിനോട് നോ പറയുന്നു. ഇത് ആശാവഹമാണ്. ഒറ്റയടിക്ക് നടന്നില്ലെങ്കിലും ഈ ഹര്‍ത്താല്‍ വിരുദ്ധ ചിന്ത കേരളമാകെ പടരും. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് വോട്ടില്ലെന്നു കൂടി പ്രഖ്യാപിക്കാനാവണം. കാരണം കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതില്‍ തുല്യ ഉത്തരവാദികളാണ്.
രണ്ടു ദിവസം നീണ്ടുനിന്ന പണിമുടക്ക് ഹര്‍ത്താലായി മാറിയില്ലെന്നത് ശുഭസൂചന. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ആവശ്യവുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൃശൂര്‍ മലയാളവേദി എന്നിവര്‍ ഹൈക്കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ നോട്ടിസ് കൊടുക്കാതെ ഹര്‍ത്താല്‍ പാടില്ല.
അടുത്ത മാസമേ കേസ് പരിഗണിക്കൂ, എങ്കില്‍ പോലും ഈ ഇടക്കാല ഉത്തരവ് മലയാളികളുടെ മനസില്‍ കുളിര്‍മഴ പെയ്യിക്കുന്നു. അത്രമാത്രം ജനം ഹര്‍ത്താലിനെ വെറുക്കുന്നു. അടുത്ത മാസം കേസ് പരിഗണിക്കുമ്പോള്‍ ഹര്‍ത്താല്‍ നിരോധിച്ചേക്കില്ല. ചില നിയന്ത്രണങ്ങള്‍ വന്നേക്കാം. ഇനി നിരോധിച്ചാല്‍ പോലും ഹര്‍ത്താലിനു പകരം കരിദിനം എന്നോ മറ്റോ പേരു മാറ്റി സമരമുറ നിലനിര്‍ത്തും നമ്മുടെ രാഷ്ട്രീയക്കാര്‍. കര്‍ശനമായ ശിക്ഷാ നടപടികളുണ്ടാവണം. എങ്കില്‍ മാത്രമേ ഇത്തിരിയെങ്കിലും ആശ്വാസമുണ്ടാവുകയുള്ളൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.