2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഇനി മുതല്‍ ‘ദലിത്’ വേണ്ട, ‘പട്ടിക ജാതി’ മതി- ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വാര്‍ത്തകളില്‍ നിന്ന ദലിത് എന്ന പദം വെട്ടി മാറ്റണമെന്ന് കേന്ദ്രം. ദലിത് എന്നതിനു പകരം പട്ടിക ജാതി എന്നുപയോഗിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് സ്വകാര്യ ചാനലുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതുസംബന്ധിച്ചു നേരത്തെ മുംബൈ ഹൈക്കോടതിയുടെ  ഉത്തരവു ചൂണ്ടിക്കാട്ടിയാണു നടപടി.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ‘ദലിത്’ എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നു മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പങ്കജ് മെശ്രാം എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ കേന്ദ്രത്തിന്റൈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് ദലിത് സംഘടനകളുടേതുള്‍പെടെയുള്ള നിലപാട്. ഇത് ബി.ജെ.പിയുടെ ാഷ്ട്രീയ തന്ത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘ദലിത്’ എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകള്‍ അവസാനിക്കുന്നില്ലെന്ന് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.

ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷനും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ‘കാലങ്ങളായി ഉപയോഗിച്ചുവരുന്ന വാക്കാണു ‘ദലിത്’ എന്നത്. മാധ്യമങ്ങള്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളും അക്കാദമിക് വിദഗ്ധരുമെല്ലാം ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്നു മനസ്സിലാകുന്നില്ല. ഇത് സമൂഹം അംഗീകരിച്ച വാക്കാണ്. അപകീര്‍ത്തിപ്പെടുത്തുന്ന വാക്കല്ല. മാത്രമല്ല ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളോടു ദലിത് എന്നുപയോഗിക്കരുത് എന്നൊക്കെ പറയാനാകുമോ?’ അസോസിയേഷന്‍ പ്രതിനിധി ചോദിച്ചു.
 
 ജനുവരി 15ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഔദ്യോഗികരേഖകളിലും മറ്റും ദലിത് എന്ന വാക്കുപയോഗിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.