2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

‘എന്തിനാണവര്‍ അബ്ബയെ കൊന്നത്’…പെയ്‌തൊഴിയാതെ ഉമറിന്റെ വിധവയും എട്ടു കുരുന്നുകളും

അല്‍വാര്‍: ഭീകരമായ മൗനം തളം കെട്ടി നില്‍ക്കുകയാണിപ്പോഴും ഗാട്ട്മീഖ എന്ന ഗ്രാമത്തില്‍ അല്‍മവാറില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലാണ് ഗോരക്ഷകര്‍ കൊന്നു തള്ളിയ ഉമര്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ വീട്. അവന്റെ വീട്ടിലേക്കുള്ള വഴിയറിയാന്‍ ആരോടും ചോദിക്കണമെന്നില്ല. വഴികാണിക്കാന്‍ ഒരു ആള്‍ക്കൂട്ടവും വേണമെന്നില്ല…ഒന്ന് ചെവിയോര്‍ത്താല്‍ മതി. ഇനിയും അടങ്ങാത്ത ഉമറിന്റെ വിധവയുടേയും എട്ടു മക്കളുടേയും ദൈന്യമാര്‍ന്ന വിലാപം നിങ്ങളെ അവിടെയെത്തിക്കും. വെറും നൂറ് ചതുരശ്രമീറ്റര്‍ വിസ്താരമുള്ള ആ കുടിലില്‍.

മൂന്നു രാത്രികളായി 80കാരനായ ശഹാബുദ്ധീന്‍ മുഹമ്മദ്( ഉമറിന്റെ ഉപ്പ ) ഉറങ്ങിയിട്ട്. തനിക്കു ചുറ്റുമുയരുന്ന തേങ്ങലുകളല്ല ആ വൃദ്ധന്റെ ഉറക്കം കെടുത്തുന്നത്. എന്തിനായിരിക്കും തന്റെ മകനെ അവര്‍ കൊന്നു കളഞ്ഞതെന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ്.


‘ഉമറിന് ഒരിക്കലും പശുക്കളുണ്ടായിരുന്നില്ല. പാലു കുടിക്കാന്‍ കുഞ്ഞുങ്ങള്‍ വല്ലാതെ ആശ കാണിച്ചിട്ടാണ് ഉമര്‍ പശുവിനെ വാങ്ങാമെന്നു വെച്ചത്. പിന്നെ തണുപ്പുകാലത്ത് കുട്ടികള്‍ക്ക് പാലു നല്‍കുന്നത് നല്ലതായതിനാല്‍ ഞങ്ങളും അവനെ നിര്‍ബന്ധിച്ചു. അയല്‍ക്കാരില്‍ നിന്നൊക്കെയായി 15,000 രൂപ കടം വാങ്ങിയും മാര്‍ക്കറ്റില്‍ നിന്ന് ലോണെടുത്തുമാണ് അവന്‍ പശുവിനെ വാങ്ങാന്‍ പോയത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക കരുത്തു പകരാന്‍ സഹായിക്കുന്ന പശുക്കളെ ഞങ്ങള്‍ ഭക്ഷിക്കാറില്ല. എന്നിട്ടും…’- മുളങ്കട്ടിലില്‍ നേരെയൊന്നിരിക്കാന്‍ പോലും ആവാത്ത വിധം അവശനായ ആ വൃദ്ധന്‍ പറയുന്നു.

നവംബര്‍ പത്ത് വെള്ളിയാഴ്ചയാണ് ഉമറിനെ ഗോരക്ഷാപ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്ന ശേഷം റെയില്‍വേ പാളത്തില്‍ തള്ളിയത്. അപകട മരണമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അത്. തലഅറ്റു പോയ വിധത്തിലായിരുന്നു ഉമറിന്റെ മൃതദേഹമുണ്ടായിരുന്നുത്.

ഞെട്ടല്‍ മാറാതെ ആ ഗ്രാമം…

ഇനിയും ഞെട്ടലകന്നിട്ടില്ല  കൊച്ചു ഗ്രാമത്തില്‍. മേവാത്തി മുസ്‌ലിങ്ങള്‍ താമസിക്കുന്ന 400 കുടിലുകളടങ്ങിയതാണ് ഈ ഗ്രമം. ക്ഷീരകൃഷിയാണ് ഇവരുടെ ഉപജീവന മാര്‍ഗം. ആയിരത്തിലേറെ കറവപ്പശുക്കള്‍ ഇവിടെയുണ്ടത് തെല്ലഭിമാനത്തോടെയാണ് ഗ്രാമീണര്‍ പറയുന്നത്. ശുദ്ധമായ പാല്‍ കുടിച്ചാണ് അവരുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. കടകളില്‍ ലഭിക്കുന്ന പാക്കറ്റു പാലുകളെ കുറിച്ച് കേട്ടറിവു പോലുമില്ല ഇവിടുത്തുകാര്‍ക്ക്. അങ്ങനെ ഒരു സമ്പൂര്‍ണ ക്ഷീരഗ്രാമമെന്നു വിളിക്കാം നമുക്ക് ഗാട്ട്മീഖ എന്ന കുഞ്ഞുഗ്രാമത്തെ.

ഉമറിനൊപ്പമുണ്ടായിരുന്ന ജാവേദ് ഖാനും താഹിറുമാണ് ആദ്യം വാര്‍ത്ത ഗ്രാമത്തിലെത്തിച്ചത്. അക്രമികളില്‍ നിന്ന് ഒരു വിധം രക്ഷപ്പെട്ട് ഗ്രമത്തിലെത്തിയ ഇവര്‍ക്ക് പക്ഷേ, ഉമറിനെ തടഞ്ഞു വെച്ചിരിക്കുകയാണെന്നു മത്രമായിരുന്നു വിവരം. ‘ഉമര്‍ തിരിച്ചെത്തുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. ഉമറിനു വേണ്ടി ഞങ്ങള്‍ കാത്തിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല’- ജാവേദ് തേങ്ങി.

 

നിരവധി തവണ പൊലിസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയ ശേഷമാണ് ഉമര്‍ എവിടെയെന്ന വിവരം ലഭിച്ചതെന്നും ജാവേദ് പറയുന്നു. നവംബര്‍ പത്തിനായിരുന്നു സംഭവം. അന്നും പിറ്റേ ദിവസവും ഞങ്ങള്‍ സ്റ്റേഷനില്‍ കയറിയിറങ്ങി. പൊലിസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. പിന്നീട് ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച പൊലിസ് അല്‍വാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹമുണ്ടെന്നു പറഞ്ഞു. ചെന്നു നോക്കിപ്പോള്‍ അത് ഉമര്‍ ആയിരുന്നു. നവംബര്‍ 12നായിരുന്നു അത്.- ജാവേദ് വിശദീകരിച്ചു.
 
അക്രമികള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായിരിക്കാമെന്നാണ് ജാവേദ് പറയുന്നത്. ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ടുള്ള ഓട്ടത്തില്‍ അക്രമികളെ വ്യക്തമായി കണ്ടില്ലെന്നും താഹിര്‍ പറയുന്നു. താനാണ് ഡ്രൈവ് ചെയ്തിരുന്നതെന്നും ഉമര്‍ അറ്റത്തും താഹിര്‍ നടുവിലുമാണ് ഇരുന്നിരുന്നതെന്നും സംഭവം ഓര്‍ത്തെടുത്ത് ജാവേദ് പറഞ്ഞു. ദൗസ വഴിയായിരുന്നു യാത്ര. പെട്ടെന്ന് വഴിയില്‍ വെച്ച് ആരോ തങ്ങളുടെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. വണ്ടി നിര്‍ത്തിയ താന്‍ സമീപത്തെ വയലിലേക്ക് ഓടി. തനിക്ക് ചെറിയ പരുക്ക് മാത്രമാണ് പറ്റിയത്.

താന്‍ മരിച്ചുവെന്ന ഉമറിന്റെ അലര്‍ച്ച കേട്ട ഉടനെയാണ് വണ്ടി നിര്‍ത്തിയത്. വണ്ടയില്‍ നിന്നിറങ്ങിയ തനിക്കു നേരെയും വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ദേഹത്ത് കൊണ്ടില്ല- ജാവേദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അക്രമികളില്‍ ചിലരെ താഹിര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ജമാഅത്തെ ഉലമ ഭാരവാഹികള്‍ പറയുന്നത്. രാഘേഷ്, ബണ്ടി ഗുജ്ജാര്‍, രാംലാല്‍ ഗുജ്ജാര്‍, രമേശ് മീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ താഹിര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ ഏഴു പേരാണുണ്ടായിരുന്നതെന്നാണ് ജാവേദിന്റെ മൊഴി.

ഒഴിഞ്ഞുമാറി പൊലിസ്..

റെയില്‍വേ പാളത്തില്‍ നിന്നു ഉമര്‍ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നു തന്നെ പശുക്കളെ വഹിച്ചു കൊണ്ടു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലിസ്് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഗോരക്ഷകരുടെ പങ്ക് അന്നു തന്നെ പൊലിസ് നിഷേധിച്ചിരുന്നു. കവര്‍ച്ചക്കാരാണെന്നായിരുന്നു പൊലിസ് പറഞ്ഞത്. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ഗോരക്ഷകര്‍ തന്നെയാണെന്നാണ് ഉമറിന്റെ കുടുംബം വിശ്വസിക്കുന്നത്.

50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കാതെ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് കുടുംബം.

ഒരു വീടിന്റെ മുഴുവന്‍ അത്താണിയാണ് ഉമര്‍. പശുക്കളെ വളര്‍ത്തിയാണ് ഞങ്ങള്‍ ജീവിക്കുന്നത്. അതിന് അവര്‍ ഞങ്ങളെ അനുവദിക്കില്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും. എവിടേക്കു പോവും’- ഉമറിന്റെ അമ്മാവന്‍ ഇല്‍യാസ് ചോദിക്കുന്നു.

ഉമറിന്റെ ശരീരത്തിലേക്കൊന്നു നോക്കൂ. മുഖവും തലയും ബാക്കിവെച്ചിട്ടില്ല. മൃഗങ്ങളെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായാണ് അവര്‍ ഉമറിനെ കൊന്നത്- ഇല്‍യാസ് രോഷാകുലനാവുന്നു. ഇത് ചെയ്തവരെ തൂക്കലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണത്തിന് ട്രെയിനിങ് എ.എസ്.പി

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നിട്ടും അന്വേഷണത്തിന് ട്രെയിനിങ് പിര്യേഡിലുള്ള ഉദ്യോഗസ്ഥനെയാണ് ഡി.ജി.പി ഏല്‍പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. എന്തുകൊണ്ടാണ് അന്വേഷണം കഴിവുറ്റ ഉദ്യോഗസ്ഥനെ ഏല്‍പിക്കാത്തതെന്നും ചോദ്യമുയരുന്നു.

അതേസമയം, അന്വേഷണം പര്യാപ്തമായവരെ ഏല്‍പിക്കാമെന്ന് ഡി.ജി.പി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ആള്‍ ഇന്ത്യ മിയോ സാമാജ് എന്ന സംഘടനയുടെ അധ്യക്ഷന്‍ ചൗധരി ഖുര്‍ശിദ് അഹമദ് പറയുന്നു.

അബ്ബയുടെ അവസാന ഫോണ്‍വിളി ഓര്‍ത്തെടുത്ത് മഖ്‌സൂദ്

അന്ന് ഉച്ചക്ക് പോലും താന്‍ ആബ്ബയോട് സംസാരിച്ചതായിരുന്നു. പശുക്കളെ വാങ്ങിയ വിവരമൊക്കെ പറയുമ്പോള്‍ നല്ല സന്തോഷത്തിലായിരുന്നു അബ്ബ. ആദ്യമായാണ് അബ്ബ എന്തിലെങ്കിലും പണം നിക്ഷേപിക്കുന്നത്-  മഖ്‌സൂദ് ഓര്‍ത്തെടുക്കുന്നു. ഉമറിന്റെ മൂത്തമകനാണ് മഖ്‌സൂദ്.  എട്ടു സഹോദരങ്ങളുടേയും മാതാവിന്റെയും സംരക്ഷണ ചുമതല ഇനി ഈ പതിനെട്ടുകാരനാണ്.

 

ഇഞ്ചക്ഷന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ഉമ്മക്ക്. ഇനിയും ഈ നില തുടര്‍ന്നാല്‍ ഉമ്മയുടെ കാര്യം അപകടത്തിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉമ്മ കണ്ണടക്കുന്നില്ല. പുറത്തേക്ക കണ്ണും നട്ടിരിപ്പാണ്. കരയുന്നത് കേള്‍ക്കുന്നില്ല. വല്ലാത്ത ഒരു നിസ്സംഗതയിലാണവര്‍.ഉമ്മയേയും കൊണ്ട് എവിടേക്കെങ്കിലും പോയാലോ എന്നാ ആലോചിക്കുന്നത്- നെടുവീര്‍പ്പില്‍ മഖ്‌സൂദ് പറഞ്ഞു നിര്‍ത്തുന്നു…


 

 

Ghatmeeka village, Umar Mohammad

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.