2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

“ബി.ജെ.പി ‘ബേട്ടി ബഗാവോ’ ക്യാംപയിന്‍ ആരംഭിച്ചോ”- പരിഹസിച്ച് ഉദ്ദവ് താക്കറെ

മുംബൈ:  ബി.ജെ.പി നേതൃത്വത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ വീണ്ടും. പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനക്കെതിരെയാണ് ഇത്തവണ ഉദ്ദവ് താക്കറെ രംഗത്തെത്തിയത്. എം.എല്‍.എമാര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’  പോലെ ബി.ജെ.പി ‘ബേട്ടി ബഗാവോ'(പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍) ക്യാംപയിനും തുടങ്ങിയോയെന്ന് താക്കറെ പരിഹസിച്ചു.

എം.എല്‍.എയുടെ പരാമര്‍ശത്തില്‍ നടപടി എടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ താക്കറെ വെല്ലുവിളിക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും ഇയാള്‍ക്ക് ടിക്കറ്റ് കൊടുക്കരുതെന്നും താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കുറച്ചെങ്കിലും ധൈര്യം കാണിക്കണമെന്നും താക്കറെ പറഞ്ഞു.

‘നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, അവളത് നിരസിച്ചു എന്നതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഞാനുണ്ട് നിങ്ങളെ സഹായിക്കാന്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആ കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ഞാന്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും. എന്റെ ഫോണ്‍ നമ്പര്‍ ഞാനിതാ നിങ്ങള്‍ക്ക് നല്‍കുന്നു. ആവശ്യമുള്ളപ്പോള്‍ വിളിക്കൂ’ എന്നായിരുന്നു എം.എല്‍.എയുടെ പ്രസ്താവന. ഘട്‌കോപറില്‍ നിന്നുള്ള എം.എല്‍.എയാണ് രാം കദം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.