2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഐ.എസ്.ആര്‍.ഒയുടെ ‘ ആംഗ്രി ബേര്‍ഡ്’ ഇന്ന് പറന്നുയരും; ജി സാറ്റ് 7 എയുടെ വിക്ഷേപണം ഇന്ന്

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രമായ ജി സാറ്റ് 7 എയുടെ വിക്ഷേപണം ഇന്ന്. ഉപഗ്രഹ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൌണ്‍ ഇന്നലെ ഉച്ചക്ക് 2.10 ന് തുടങ്ങി. ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ജി.എസ്.എല്‍.വി എഫ് 11 റോക്കറ്റില്‍ ജി സാറ്റ് 7 എ ബഹിരാകാശത്തേക്ക് കുതിക്കും.

വ്യോമസേനക്ക് മാത്രമായി ഐ.എസ്.ആര്‍.ഒ നിര്‍മമിച്ച ഉപഗ്രഹമെന്നാണ് ജി സാറ്റ് 7 എ യെ വിശേഷിപ്പിക്കുന്നത്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര നാവിക സേനയുടെ ഹെലിക്കോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുന്നതും ഉപഗ്രഹത്തിന്റെ ദൗത്യമാകും.

19-20 മിനുട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളോടെ ജി സാറ്റ് 7 എ ബഹിരാകാശത്ത് രാജ്യത്തിനായി പ്രവര്‍ത്തിച്ച് തുടങ്ങും.

ഐ.എസ്.ആര്‍.ഒയുടെ മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമായിരിക്കും ജി സാറ്റ് 7 എ. ഒപ്പം ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴാമത്തെ വിക്ഷേപണവും. നിലവില്‍ അമേരിക്കക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൌത്യങ്ങളുള്ള ജി സാറ്റ് 7 എയുടെ ആയുസ് എട്ട് വര്‍ഷമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.