2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ല’- സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിഗ് വിജയ് സിങ്

ജയ്പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും നല്‍കിയെന്നും എന്നാല്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിച്ചില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ വിമര്‍ശനം.

‘സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി എം.പി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും എല്ലാം നല്‍കി. എന്നാല്‍ അതിലൊന്നും അദ്ദേഹം തൃപ്തനായില്ല’- ദിഗ് വിജയ് കുറ്റപ്പെടുത്തി.

അദ്ദേഹത്തിന്റെ പ്രായം എത്രയാണ്? സച്ചിന്‍ പൈലറ്റ് ഇപ്പോഴും ചെറുപ്പമാണ്, അയാള്‍ക്ക് കുറച്ച് കൂടി ക്ഷമ കാണിക്കാമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിന്റേയും ജ്യോതരാദിത്യ സിന്ധ്യയുടേയും വീഡിയോകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ഈ രണ്ട് ചെറുപ്പക്കാരെ കുറിച്ചും ദേശീയ തലത്തില്‍ വലിയ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക്. അവരെന്താണ് പറയുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും നോക്കൂ- അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ സ്ഥാനമാനങ്ങളുടെ പേരിലല്ല താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നും തന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രമിച്ചതെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തന്നെയും തന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. തന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നും അദ്ദേഹം ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.