2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചരിത്രവിധി പ്രഖ്യാപിക്കുന്നവര്‍ ഇവര്‍

ബാബരി കേസ്, 134 വര്‍ഷ നീണ്ട തര്‍ക്കത്തിനാണ് ഇന്ന് വിധി പ്രഖ്യാപിക്കുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഈ ചരിത്ര വിധി പ്രഖ്യാപിക്കുക. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇത്തരത്തിലൊരു പ്രഖ്യാപനം ചീഫ് ജസ്റ്റിസിന്റെ കിരീടത്തിലെ പൊന്‍തൂവലാകുമെന്നുറപ്പ്. ചരിത്രവിധി കുറിക്കുന്ന ആ അഞ്ചംഗ സംഘം ഇവരാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. മുന്‍ അസം മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് അദ്ദേഹം. അസം സ്വദേശിയായ ഗൊഗൊയി 1954ല്‍ ദിബ്രുഗഡിലാണ് ജനിച്ചത്. ആസമിലെ തന്നെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലായിരുന്നു തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ദില്ലിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കിയ ശേഷം തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് 1978ല്‍ 1978ല്‍ അഭിഭാഷക വൃത്തി തുടങ്ങിയ ജസ്റ്റിസ് ഗോഗോയ് 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. തുടര്‍ന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രിം കോടതിയിലേക്ക് എത്തി

രജ്ഞന്‍ ഗൊഗോയ് പരിഗണിച്ച പ്രധാന കേസുകള്‍

1. 2016ല്‍ സുപ്രീം കോടതി ജഡ്ജായ മാര്‍ക്കഠേയ കട്ജുവിനെതിരായ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു.

2. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ കേസ്

3. അരൂഷി തല്‍വാര്‍ കൊലക്കേസ്

4. അസം എന്‍ആര്‍സി, ലോക്പാല്‍ നിയമനം

5. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ബംഗ്‌ളാവ് നല്‍കേണ്ട, സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷ വേണ്ട, ബലാത്സംഗ കേസുകളില്‍ മൊഴിമാറ്റുന്ന ഇരയെ ശിക്ഷിക്കാം തുടങ്ങിയ വിധികള്‍ പ്രസ്താവിച്ചത് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
ഗോഗോയ്ക്കു ശേഷം തീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോബ്‌ഡെ നിലവില്‍ സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ്.

മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ശരദ് അരവിന്ദ് ബോബ്‌ഡെ എന്ന എസ്.എ ബോബ്‌ഡെയുടെ ജനനം. നാഗ്പുര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി.1 978ല്‍ മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ചില്‍ 21 വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായി. 2012 ഒക്ടോബര്‍ 16ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസ്. 2013 ഏപ്രില്‍ 12ന് സുപ്രിം കോടതി ജഡ്ജിയായി. മഹാരാഷ്ട്ര ദേശീയ നിയമ സര്‍വകലാശാലയുടെ ചാന്‍സലറുമാണ്.

ബാബരി മസ്ജിദ് കേസ് ഉള്‍പ്പെടെ സുപ്രധാന ബെഞ്ചുകളില്‍ അംഗമാണ്. ലോകത്തെ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കേസുകളില്‍ ഒന്നാണിതെന്ന് അദ്ദേഹം അടുത്തൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ക്ലിന്‍ചിറ്റ് നല്‍കിയ മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു.

2021 ഏപ്രില്‍ 23വരെയാണ് ബോബ്‌ഡെയുടെ കാലാവധി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും. 47ാമത് ചീഫ്ജസ്റ്റിസായി നവംബര്‍ 18ന് ബോബ്‌ഡെ ചുമതലയേല്‍ക്കും.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ഏറ്റവും അധികം കാലം ചുമതല വഹിച്ച ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായി 1959 ലായിരുന്നു ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ജനനം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം
സ്വന്തമാക്കിയ അദ്ദേഹം ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിയമ സ്ഥാപനമായ സുള്ളിവന്‍ ആന്‍ഡ് ക്രോംവെ വെല്ലിലൂടെയായിരുന്നു ചന്ദ്രചൂഡ് തന്റെ കരിയര്‍ ആരംഭിച്ചത്.

1998ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി ഉയര്‍ത്തപ്പെട്ട അദ്ദേഹം അതേ വര്‍ഷം മുതല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് വരെ ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായിരുന്നു.

2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പട്ടു. 2013 ഒക്ടോബര്‍ 31 ന് അലഹാബാദ് ഹൈക്കോടതി ചീഫ്
ജസ്റ്റിസായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 2016 മെയ് 13 സുപ്രിം കോടതിയില്‍ ജസ്റ്റിസായി. മഹാരാഷ്ട്ര ജൂഡീഷ്യല്‍ ആക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വ്’ എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു ഈ പ്രതികരണം. ആധാര്‍ നിയമം ഉപാധികളോടെ നിയമവിധേയമാക്കിയപ്പോള്‍ പ്രസ്തുത നിയമം പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന നൂറ്റിയമ്പത്തിയെട്ടു വര്‍ഷം പഴക്കമുള്ള ഐ പി സി 497ാം വകുപ്പ് റദ്ദാക്കിയ വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിരുന്നു.പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈംഗിക ബന്ധവും നിയമവിധേയമാക്കിക്കൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലും ചന്ദ്രചൂഡിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

ജസ്റ്റിസ് അശോക്ഭൂഷണ്‍
അലഹബാദ് ഹോക്കോടതി അഭിഭാഷകനായി 1979ലാണ് തന്റെ നിയമജീവിതെ ആരംഭിക്കുന്നത്. 2001 ഏപ്രിലില്‍ ജഡ്ജ് അന്ന പദവിയിലെത്തി. 2014ല്‍ കേരള ഹൈക്കടതി ആക്ടിങ് ചീഫി ജസ്റ്റിസായി. 2015 മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസായി. 2016 മെയില്‍ സുപ്രിം കോടതിയിലെത്തി.

ജസ്റ്റിസ് അബ്ദുല്‍ നസീര്‍

1983ല്‍ അഭിഭാഷകനായി നിയമ ജീവിതം ആരംഭിച്ചു. 20 വര്‍ഷം കര്‍ണാടക ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. അഡീഷനല്‍ ജഡ്ജായ 2003ല്‍ നിയമിതനായ അദ്ദേഹത്തെ അടുത്ത വര്‍ഷം സ്ഥിരമായി നിയമിച്ചു. 2017 ഫെബ്രുവരിയിലാണ് സുപ്രിം കോടതിയിലെത്തിയത്. ചരിത്രപ്രധാനമായ മുത്വലാഖ് വിധിയില്‍ പങ്കാളിയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.