2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

താന്‍ കര്‍മ നിരതന്‍, കുറച്ചുറങ്ങുന്ന ശീലം ഒബാമയെ പോലും അതിശയിപ്പിച്ചു, നന്നായി ഉറങ്ങണമെന്ന് ഉപദേശിച്ചു- മോദി

ന്യൂഡല്‍ഹി: വളരെ കുറച്ചു മാത്രം ഉറങ്ങുന്ന ശീലമാണ് തന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാക്കി സമയം മുഴുവന്‍ കര്‍മ്മ നിരതനായിരിക്കും. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഒബാമയുമായി കണ്ടു മുട്ടിയപ്പോഴൊക്കെ ആദ്യമുണ്ടായ സംഭാഷണം തന്റെ ഉറക്കത്തെക്കുറിച്ചായിരുന്നു. ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങുന്ന തന്റെ ശീലം അദ്ദേഹത്തില്‍ അത്ഭുതമുണ്ടാക്കിയതായും മോദി അനുസ്മരിക്കുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയാണ് മോദിയുടെ പ്രതികരണം. എപ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ഒബാമ ഇക്കാര്യം ചോദിക്കും. മാത്രല്ല, കൂടുതല്‍ സമയം ഉറങ്ങണമെന്ന അദ്ദേഹത്തിന്റെ ഉപദേശം നടപ്പാക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും. എന്നാല്‍ ദിവസം 34 മണിക്കൂറില്‍ കൂടുതല്‍ ഉറക്കം തന്റെ ശരീരത്തിന് ആവശ്യമില്ല മോദി അഭിമുഖത്തില്‍ പറയുന്നു.

കുടംബവുമായി അകന്നു കഴിയുന്നതില്‍ തനിക്ക് പ്രത്യേകിച്ച് ഒരു പ്രയാസവുമില്ലെന്നും പ്രധാനമന്ത്രിചൂണ്ടിക്കാട്ടി. ഈ വലിയ ബംഗ്ലാവില്‍ തനിച്ചു കഴിയുമ്പോള്‍ മാതാവും സഹോദരങ്ങളും കൂടെയുണ്ടാവണമെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ചെറുപ്രായത്തില്‍ കുടുംബത്തില്‍ നിന്ന് അകന്നവനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.നമ്മള തമ്മില്‍ എന്ത് സംസാരിക്കാനാണ് എന്നാണ് മാതാവിനോട് ഇവിടെ വന്ന് നില്‍ക്കാന്‍ പറയുമ്പോള്‍ പറയാറെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘വര്‍ഷങ്ങള്‍ക്കു മുമ്പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്റെ ജീവിതം. എന്തിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’. മോദി പറഞ്ഞു.

പ്രധാനമന്ത്രിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റുപലരുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചില പശ്ചാത്തലത്തില്‍ വരുന്ന ആളുകള്‍ അത്തരം കാര്യങ്ങള്‍ സ്വപ്‌നം കണ്ടിരിക്കാം. 1962ലെ യുദ്ധവേളയില്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്നും പട്ടാളക്കാര്‍ ട്രെയിനില്‍ കയറുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അവരും അവരുടെ ത്യാഗങ്ങളും എനിക്ക് പ്രചോദനമായിരുന്നു.’ മോദി പറഞ്ഞു.

കള്ളം പറഞ്ഞുകൊണ്ട് ഏറെക്കാലം ജനങ്ങളെ പിടിച്ചുനിര്‍ത്താനാവില്ലെന്നും അക്ഷയ് കുമാറിനോട് മോദി പറഞ്ഞു.

‘ കള്ളംപറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല. എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാമെന്നതിനാല്‍ തമാശ പറയുകയെന്നത് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി തമാശ പറയാറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ. പ്രത്യേകിച്ച് ടി.ആര്‍.പികളില്‍ വലിയ താല്‍പര്യമുള്ള ആളുകളുമായി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ചെറുപ്പത്തില്‍ താനെന്താവാനാണ് ആഗ്രഹിച്ചതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് എത്തിയിരിക്കുന്ന നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയത്തിനു പുറമേയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത് നല്ലതാണ്. ഒപ്പം പ്രവര്‍ത്തിച്ചവരോട് ക്രുദ്ധനാവേണ്ട ഒരു സാഹചര്യവുമുണ്ടായിട്ടില്ല. താന്‍ വളരെ സ്ട്രിക്ടാണ് പക്ഷേ ക്രുദ്ധനായിട്ടില്ലെന്നും മോദി പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News