2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കര്‍ണാടക: രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം; ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി. ഭരണാഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനേ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതികൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം.

വിമത എം.എല്‍.എമാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വാദം ആരംഭിച്ചത്. വിമത എം.എല്‍.എമാര്‍ ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഇല്ല, രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്നും റോത്തഗി വാദിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബി.ജെ.പിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിമത എം.എല്‍.എമാരില്‍ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ രാജിയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. സ്വമേധയാ ആണോ രാജിക്ക് പിറകില്‍ സമ്മര്‍ദ്ദമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നുമാണ് സ്പീക്കര്‍ രമേശ് കുമാറിന്റെ വാദം. ഈ വാദത്തിന്റെ സാധുത കോടതി പരിശോധിക്കും.

ഇത്തരം ഭരണഘടനാ വിഷയങ്ങളില്‍ വാദം പറയാന്‍ കോടതി കഴിഞ്ഞ തവണ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പീക്കറെ നേരിട്ട് കണ്ട് നല്‍കിയ രാജി ആയതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്നാണ് വിമത എം.എല്‍.എമാരുടെ വാദം. ആദ്യം പത്ത് എം.എല്‍.എമാരാണ് കോടതിയെ സമീപിച്ചിരുന്നത്. എം.ടി.ബി നാഗരാജ് അടക്കം 6 പേര്‍ കൂടി പിന്നീട് ഹരജി നല്‍കിയിരുന്നു. ഈ രണ്ട് ഹരജികളും ഇന്ന് ഒന്നിച്ച് പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.