2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

തുന്നല്‍ക്കാരന്റെ മകന്‍ ഷഹദാബ് ഹുസൈന്‍- ആദ്യ ശ്രമത്തില്‍ സി.എ ഒന്നാം സ്ഥാനത്തെത്തിയ മിടുക്കന്‍

കോട്ട(രാജസ്ഥാന്‍): ഇല്ലായ്മയുടെ നടുവില്‍ നിന്നാണ് ഈ 23കാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സി.എക്കാരനായത്. ഏറ്റവും പ്രയാസമേറിയ മത്സരപ്പരീക്ഷയായ സി.എയില്‍ ഒന്നാമനാണ് ഷഹദാബ് ഹുസൈന്‍. അതും ആദ്യ ശ്രമത്തില്‍ നിന്ന്.

രാജസ്ഥാനിലെ കോട്ടയില്‍ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് ഷഹദാബ്. ഉപ്പ വെറും ടൈലര്‍. പത്താംക്ലാസ് യോഗ്യത. ഉമ്മയാണെങ്കിലോ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ല. നേടിയെടുക്കണമെന്ന ഉറച്ച തീരുമാനവും ചിട്ടയായ പരിശ്രമവും ഈ 23കാരന് സമ്മാനിച്ചത് 800ല്‍ 597 മാര്‍ക്ക്(74.63 ശതമാനം). നാലു പെങ്ങന്‍മാര്‍ക്ക് ഏക ആങ്ങളയാണ് ഷഹദാബ്.

കോട്ട സര്‍വ്വകലാശാലയില്‍ നിന്നാണ് ഷഹദാബ് ബികോം പാസായത്. രാവും പകലും പരശ്രമിച്ചാണ് ഷഹദാബ് തന്റെ സ്വപ്‌നം കയ്യടക്കിയത്. ഐ.പി.സി.സിയില്‍ നല്ല മാര്‍ക്ക് നേടിയപ്പോള്‍ തന്നെ ഫൈനലില്‍ ഉന്നത റാങ്ക് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി ഈ മിടുക്കന്‍ ഓര്‍ക്കുന്നു.

വൃദ്ധരായ മാതാപിതാക്കള്‍ക്കായിട്ടായിരുന്നു ആ പരിശ്രമം. ജീവിതകാലം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കാവുന്ന തൊഴിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടിന്റേത്. അതിനാല്‍ ഒരു സി.എക്കാരനാവാന്‍ ഞാനെന്റെ മനസ്സിനെ ആദ്യം പാകപ്പെടുത്തി- തന്റെ സ്വപ്‌ന യാത3യെ കുറിച്ച് ഷഹദാബ് പറയുന്നു. ദിവസം 13- 14 മണിക്കൂര്‍ പഠിക്കാനായി മാറ്റി വച്ചു. സ്വന്തമായിട്ടായിരുന്നു പഠനം. മൂന്നു മണിക്കൂറിന് 30-40 മിനുട്ട് ഇടവേള. പിന്നെ എല്ലാ ദിവസവും രണ്ടോ മൂന്നോ കിലോമീറ്റര്‍ നടത്തം. മനസ്സിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ അതെന്നെ ഏറെ സഹായിച്ചു. പരീക്ഷയടുക്കുന്തോറും പഠന സമയം കുറച്ചു കൊണ്ടു വന്നു- ഷഹദാബ് പറയുന്നു.

പരീക്ഷാ ഹാളില്‍ ചോദ്യപേപ്പര്‍ മുഴുവന്‍ ആദ്യം വായിച്ചു നോക്കലാണ് ഷഹദാബിന്റെ രീതി. തനിക്ക് ജയിക്കാന്‍ ആവശ്യമായ 40 മാര്‍ക്ക് നേടാന്‍ സഹായിക്കുന്ന ചോദ്യം ആദ്യം കണ്ടെത്തും. അത് ആദ്യത്തെ ഒരു മണിക്കൂറില്‍ പൂര്‍ത്തിയാക്കും. പിന്നെ ബാക്കി വരുന്ന രണ്ടു മണിക്കൂര്‍ കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാനായി മാറ്റിവയ്ക്കും.

എല്ലാദിവസവും സ്വന്തത്തെ കുറിച്ച ചിന്തിക്കാനായി അരമണിക്കൂര്‍ നീക്കിവയ്ക്കണമെന്നതാണ് ഷഹദാബ് തന്റെ പിന്‍ഗാമികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. അന്നത്തെ ദിവസം എന്തൊക്കെ ചെയ്‌തെന്നു വിശകലനം ചെയ്യണം. എന്നാലേ അടുത്ത ദിവസം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.