2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

യു.പിയില്‍ റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ മൂന്നംഗ സംഘം അടിച്ചു കൊന്നു

ലക്‌നോ: റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ മൂന്നംഗ സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. എഴുപതുകാരനായ അബ്ദുല്‍ സമദ് ഖാനാണു കൊല്ലപ്പെട്ടത്. റോഡിലുള്ളവര്‍ നോക്കി നിന്നതല്ലാതെ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തിങ്കളാഴ്ച രാവിലെ നടന്ന സംഭവം സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സൈക്കിള്‍ ഓടിച്ചുവരികയായിരുന്ന അബ്ദുല്‍ സമദ് ഖാനെ പിന്നാലെയെത്തിയ ഒരാള്‍ വടികൊണ്ട് അടിച്ചു നിലത്തുവീഴ്ത്തിയശേഷം തുടരെ അടിക്കുകയായിരുന്നു. ഇതിനിടെ പിന്നാലെയെത്തിയ മറ്റു രണ്ടു പേരും അദ്ദേഹത്തെ വടികള്‍ ഉപയോഗിച്ചു തുടരെ അടിച്ചു.  സമീപത്തെ വീടുകളില്‍ നിന്നും ആളുകള്‍ എത്തിനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനങ്ങള്‍ സംഭവ സ്ഥലത്തുകൂടെ പതിയെ നീങ്ങുകയും ചിലത് തിരികെ പോവുകയും ചെയ്യുന്നു. അവശനായ ഖാന് അടി തടയാന്‍ പോലും സാധിച്ചിരുന്നില്ല. ഇയാള്‍ ചലനമറ്റ് വീണപ്പോഴാണ് അക്രമികള്‍ അടി നിര്‍ത്തി മടങ്ങിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു മണിക്കൂറിനു ശേഷം മരണം സംഭവിച്ചു.

പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജുനൈദ് എന്നയാളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നാണു വിവരം. ബന്ധുക്കളുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നുവെന്നും അതാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന സൂചനയാണു പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതെന്നും പൊലീസ് പറയുന്നു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അബ്ദുല്‍ സമദ് ഖാന്‍ 2006ലാണ് പൊലിസ് സേനയില്‍നിന്നു വിരമിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.