2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മണ്ടന്‍ സിദ്ധാന്തങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളുമല്ല, രാജ്യത്തിനാവശ്യം സുശക്തമായ പദ്ധതികള്‍- കേന്ദ്രത്തിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പലതരം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

മില്ലേനിയലുകളെക്കുറിച്ചുള്ള സംഘടിതമായ പ്രചാരങ്ങളും മണ്ടന്‍ സിദ്ധാന്തങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളുമല്ല രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യം. മറിച്ച് സുശക്തമായ ഒരു പദ്ധതിയാണ്. രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്ര ഊബര്‍, ഒല ടാക്സികളിലേക്ക് മാറ്റിയതുകൊണ്ടാണെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ പടിയെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസും മന്‍മോഹന്‍ സിങ്ങിന്റെ ഈ അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

”ഞങ്ങള്‍ ഇപ്പോള്‍ മറ്റൊരു തരത്തിലുള്ള പ്രതിസന്ധിയിലേക്ക് കടക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഘടനാപരവും ചാക്രികവുമായ ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം. പ്രതിസന്ധിയെ നേരിടാനുള്ള ആദ്യപടി ഞങ്ങള്‍ ഇത്തരമൊരു അവസ്ഥയെ ഭിമുഖീകരിക്കുന്നുവെന്ന് അംഗീകരിക്കലാണ്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നത് നിഷേധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മന്‍മോഹന്‍ സിംഗ് അഭിമുഖത്തില്‍ പറയുന്നുണ്ട്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം ഒരു വലിയ മണ്ടത്തരമാണെന്നും മന്‍മോഹന്‍ സിംഗ് അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.