2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ദേശീയ രാഷ്ട്രീയവുമായി ലീഗിനെ കൂട്ടിയിണക്കിയ കണ്ണി

വിടവാങ്ങിയത് പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍

 

ഇ.പി മുഹമ്മദ്

കോഴിക്കോട്: തലശ്ശേരി മിഷന്‍ സ്‌കൂളിലെ പഠനമാണ് ഇ അഹമ്മദ് എന്ന രാഷ്ട്രീയക്കാരന്റെ പിറവിക്കു കാരണമായത്. മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായി എം.എസ്.എഫ് രൂപംകൊള്ളുന്നതിന് വളരെ മുന്‍പു തന്നെ മിഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഗവ. ബ്രണ്ണന്‍ കോളജിലെത്തിയപ്പോഴേക്കും ഇ. അഹമ്മദിനെ തലശ്ശേരിയിലെ ലീഗ് നേതാക്കള്‍ ശ്രദ്ധിച്ചുതുടങ്ങി. കുട്ടികളെ സംഘടിപ്പിക്കാനും അവരോട് സംവദിക്കാനും കഴിവുള്ള വിദ്യാര്‍ഥിയുടെ വളര്‍ച്ച പിന്നീട് പടിപടിയായായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും കെ.എം സീതിസാഹിബും സി.എച്ചും പൂക്കോയ തങ്ങളുമെല്ലാം അഹമ്മദിനെ കുറിച്ചറിഞ്ഞു. കേരളത്തിലെ കാംപസുകളില്‍ എസ്.എഫ്.ഐയും കെ.എസ്.യുവും ശക്തമായ സാന്നിധ്യമറിയിച്ചപ്പോള്‍ വിദ്യാര്‍ഥി സംഘടനയുടെ ആവശ്യകത ലീഗ് നേതൃത്വത്തിനും ബോധ്യമായി. ഇങ്ങനെയാണ് എം.എസ്.എഫ് പിറക്കുന്നത്. മലബാറിലെ കാംപസുകളില്‍ സംഘടനയുണ്ടാക്കാനുള്ള ചുമതല ഇ അഹമ്മദിനായിരുന്നു. സ്ഥാപക ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹത്തിന് കീഴില്‍, സീതി സാഹിബിന്റെയും സി.എച്ചിന്റെയും തണലില്‍ എം.എസ്.എഫ് മലബാറിലെ പ്രധാന വിദ്യാര്‍ഥി സംഘടനയായി വളരുന്നതാണ് പിന്നീട് കേരളം കണ്ടത്.
തന്റെ രാഷ്ട്രീയ ഗുരുവായി അദ്ദേഹം കണ്ടിരുന്നത് കെ.എം സീതി സാഹിബിനെയാണ്.

ബ്രണ്ണന്‍ കോളജിലെ ബിരുദ പഠനം കഴിഞ്ഞ് അഹമ്മദ് എറണാകുളം ലോ കോളജില്‍ എല്‍.എല്‍.ബിക്കു ചേര്‍ന്നപ്പോഴാണ് സീതി സാഹിബ് നിയമസഭാ സ്പീക്കറായത്. സീതി സാഹിബിനൊപ്പം തിരുവനന്തപുരത്തേക്ക് പോകണമെന്ന സി.എച്ചിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. അങ്ങനെ നിയമപഠനം തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് മാറ്റി.
പഠനത്തോടൊപ്പം ചന്ദ്രികയുടെ പാര്‍ട്ട് ടൈം റിപ്പോര്‍ട്ടറായി. രാവിലെ ഒരു മണിക്കൂര്‍ നിയമസഭാ റിപ്പോര്‍ട്ടിങ്. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം സെക്രേട്ടറിയറ്റില്‍ വാര്‍ത്ത ശേഖരിക്കാനായി പോകും. പിന്നീട് ചന്ദ്രികയില്‍ സബ് എഡിറ്ററായി. പകല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും രാത്രി ജോലിയും. വീട്ടില്‍ വരാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. പക്ഷെ, സി.എച്ചുമായുള്ള ബന്ധത്തിന്റെ പേരില്‍ എതിര്‍പ്പ് വഴിമാറി.

പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ് ഇ അഹമ്മദ് വിടവാങ്ങുന്നത്. 1967ലായിരുന്നു അദ്ദേഹത്തിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കം. 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ എന്‍.കെ കുമാരന്‍ മാസ്റ്ററെ പരാജയപ്പെടുത്തി നിയമസഭാംഗമായി. ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തോട് തോറ്റ കുമാരന്‍ മാസ്റ്റര്‍ 1970ല്‍ വിജയിച്ചു. പിന്നീടൊരിക്കലും ഇ. അഹമ്മദ് തെരഞ്ഞെടുപ്പില്‍ തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. 1977ല്‍ കൊടുവള്ളിയില്‍ നിന്നും 1980 മുതല്‍ 87 വരെ മൂന്നു തവണ താനൂരില്‍ നിന്നും വിജയിച്ചു. 1982ല്‍ താനൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെ ചാരിതാര്‍ഥ്യം സമ്മാനിച്ച കാലഘട്ടമാണിതെന്ന് അദ്ദേഹം എപ്പോഴും ഓര്‍ക്കാറുണ്ട്. സംസ്ഥാനത്തൊട്ടാകെയും മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതാണ് ഈ ചാരിതാര്‍ഥ്യത്തിന് കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു. എടരിക്കോട് സ്പിന്നിങ് മില്‍ ആരംഭിച്ചത് ഇക്കാലത്താണ്. ഇതു മാത്രമായിരുന്നു അക്കാലത്ത് മലപ്പുറം ജില്ലയിലെ തൊഴില്‍ കേന്ദ്രം. പാലക്കാട്ടെ മലബാര്‍ സിമന്റ്‌സ് യാഥാര്‍ഥ്യമാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

വ്യവസായ വകുപ്പില്‍ ജോലി ചെയ്ത ഐ.എ.എസ് ദമ്പതിമാരുടെ പിന്തുണയാണ് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. എസ്. ഗോപാലനും സരള ഗോപാലുമായിരുന്നു ആ ഐ.എ.എസ് ദമ്പതികള്‍. മുഖ്യമന്ത്രി കെ കരുണാകരന്റെ അകമഴിഞ്ഞ സഹായവും ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിച്ചു. ദേശീയ രാഷ്ട്രീയവുമായി മുസ്‌ലിം ലീഗിനെ കോര്‍ത്തിണക്കിയ കണ്ണിയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് കെ. കരുണാകരന്‍ കഴിഞ്ഞാല്‍ ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവും ഇ. അഹമ്മദായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അടിന്തരാവസ്ഥക്കെതിരേ നിലപാട് സ്വീകരിച്ചപ്പോള്‍ മുസ്‌ലിംലീഗ് ഇന്ദിരക്ക് നിറഞ്ഞ പിന്തുണ നല്‍കിയിരുന്നു. ഇതുകൊണ്ടൊക്കെ ലീഗ് നേതാക്കളോട് അവര്‍ക്ക് പ്രത്യേക മമതയുണ്ടായിരുന്നു. ഡല്‍ഹിയില്‍ ഇന്ദിരയും രാജീവും പിന്നീട് സോണിയാ ഗാന്ധിയും ഒരുക്കിയ അത്താഴ വിരുന്നുകളില്‍ ഇ അഹമ്മദ് സ്ഥിരസാന്നിധ്യമായതും അങ്ങനെയാണ്. കെ. കരുണാകരന്റെ കുടുംബവുമായും നല്ല ബന്ധം പുലര്‍ത്തി. ലീഡറുടെ പത്‌നി കല്ല്യാണിക്കുട്ടിയമ്മക്ക് അഹമ്മദിനോട് പ്രത്യേക വാല്‍സല്യമായിരുന്നു. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ കരുണാകരനുള്ള പ്രാതല്‍ പൊതിയോടൊപ്പം എല്ലാ ദിവസവും രാവിലെ തനിക്കും ഒരു പൊതി കൊടുത്തുവിടുന്ന കല്യാണിക്കുട്ടിയമ്മയുടെ സ്‌നേഹത്തെ കുറിച്ച് ഇ. അഹമ്മദ് വാചാലനാവാറുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.