2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അധ്യാപകര്‍ക്കെതിരെ വഷളന്‍ ട്രോളുമായി സ്റ്റാറാവാന്‍ നോക്കുന്നവര്‍ സൂക്ഷിച്ചോളൂ; നടപടിയെടുക്കാന്‍ സൈബര്‍ പൊലിസ് പിറകെയുണ്ട്

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍, ടെലിവിഷന്‍ ക്ലാസുകള്‍ അവതരിപ്പിച്ച അധ്യാപകര്‍ക്കെതിരെ ട്രോളുകളും മറ്റുമായി ഇറങ്ങിയവര്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്. സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ചെയ്യുന്നവര്‍ സൈബര്‍ പൊലിസിന്റെ നിരീക്ഷണത്തിലാണെന്നും പൊലിസ് അറിയിച്ചു.

വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. നിരവധി ട്രോളുകളും അശ്ലീല പരാമര്‍ശവുമാണ് അധ്യാപകര്‍ക്ക് നേരിടേണ്ടി വന്നത്.

ചില കേന്ദ്രങ്ങളില്‍നിന്നാണ് ആവര്‍ത്തിച്ച് ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. അധ്യാപകര്‍ രേഖാമൂലം പരാതി നല്‍കുകയാണെങ്കില്‍ വേഗത്തില്‍ നടപടിയുമായി മുന്നോട്ടുപോകും. അധ്യാപകര്‍ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ പൊലിസ് ഡി.ജി.പിയുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

ഇനിയും ക്ലാസുകള്‍ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അധ്യാപകരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ക്കെതിരെ നടപടി വേണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം.

അധ്യാപികമാര്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിക്ടേഴ്‌സ് ചാനലും അറിയിച്ചിരുന്നു. ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്. കുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.