2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ എട്ടു മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റിലേക്ക് പോകുക. 12 മണിക്കും ഒരു മണിക്കും ഇടയിലായി പത്രിക സമര്‍പ്പിക്കും. കൂടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും അകമ്പടി സേവിക്കും.

വരാണസിയില്‍ ഇന്നലെ എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്‌ഷോ നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു. ബി.ജെ.പി ശക്തി പ്രകടനം കൂടിയായിരുന്നു റോഡ് ഷോ. വികസനത്തെ തൊടാതെയായിരുന്നു അവിടെ പ്രധാനമന്ത്രിയുടെ പ്രസംഗം. കാവിമയമായ അന്തരീക്ഷത്തിലായിരുന്നു മോദിയുടെ ശക്തിപ്രകടനം.

പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് അജയ് റായിയെ ഇന്നലെ കോണ്‍ഗ്രസ് വരാണസിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ശാലിനി യാദവാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഒഡീഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചരണം. ബലസോര ജഗത്സിങ് പൂര്‍ ജില്ലകളില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.