2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശപ്പും ദാഹവും സഹിക്കാതെ വീടണയും മുമ്പ് രണ്ടു ദിവസത്തിനിടെ ശര്‍മിക് ട്രെയിനുകളില്‍ മരിച്ചു വീണത് ഒമ്പതു കുടിയേറ്റ തൊഴിലാളികള്‍

ലഖ്‌നൗ: വീട്ടിലേക്കുള്ള യാത്രക്കിടെ പ്രത്യേക ശര്‍മിക് ട്രെയിനുകളില്‍ മരിച്ചു വീണത് ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണിത്. അഞ്ചു പേര്‍ ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടെയും നാലു പേര്‍ ബിഹാറിലേക്കുള്ള യാത്രക്കിടെയുമാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവര്‍ പലതരം രോഗങ്ങള്‍ ഉള്ളവരാണെന്നും മറ്റു നഗരങ്ങളില്‍ നിന്ന് വിദഗ്ധ ചികിത്സ നേടിയ ശേഷം നാട്ടിലേക്ക് തിരികെ പോകുന്നവരാണെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. അതേസമയം, ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് പലരും മരണത്തിന് കീഴടങ്ങിയതെന്നാണ് സഹയാത്രികരും ബന്ധുക്കളും പറയുന്നത്.

കഴിഞ്ഞ ദിവസം പ്ലാറ്റ്‌ഫോമില്‍ കിടത്തിയ അമ്മയുടെ മൃതദേഹത്തിനരികില്‍ കളിച്ചു കൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 26കാരിയായ അര്‍വിന ഖാത്തൂന്‍ ആയിരുന്ന വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്നത്. കൈതാര്‍ സ്വദേശിയായിരുന്നു ഖാത്തൂന്‍. മെയ് 23നാണ് മൂന്നും ഒന്നും വയസ്സുള്ള കുട്ടികളുമായി ഖാത്തൂന്‍ ട്രെയിന്‍ കയറിയത്. ഭര്‍തൃ സഹോദരന്‍ മുഹമ്മദ് വാസിറും സഹോദരിയുമാണ് കൂടെയുണ്ടായിരുന്നത്.

ഖാത്തൂന് ഒരു രോഗവുമുണ്ടായിരുന്നില്ലെന്ന് വാസിര്‍ പറയുന്നു. അവര്‍ അനീമിക് ആയിരുന്നു. ‘ഏകദേശം ഛാപ്രയില്‍ എത്തിയപ്പോള്‍ തന്നെ ഖാതൂന്‍ ബോധരഹിതയായിരുന്നു. ഞങ്ങള്‍ അവരുടെ മുഖത്ത് വെള്ളം തളിച്ചു. എന്നാല്‍ അവള്‍ ഉണര്‍ന്നില്ല. അപ്പോള്‍ തന്നെ അവള്‍ മരിച്ചിരുന്നിരിക്കണം. മുസഫര്‍പൂരില്‍ എത്തിയപ്പോള്‍ മൃതദേഹം ഇറക്കാന്‍ സ്ട്രക്ചര്‍ ഒന്നും കിട്ടിയില്ല. ഒടുവില്‍ ഞാന്‍ താങ്ങിയെടുത്ത് പ്ലാറ്റ്‌ഫോമില്‍ കിടത്തുകയായിരുന്നു’- വസീര്‍ പറുയുന്നു. ട്രയിനിലെ ഭക്ഷണത്തിന്റെ അപര്യാപ്തതയെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം പെട്ടെന്നായിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു വാസീര്‍.

ബിഹാറില്‍ നിന്ന് തന്നെയുള്ള ഉരേഷ് ഖാതുന്‍ ആണ് മരിച്ച മറ്റൊരാള്‍. ഉറക്കത്തിനിടെയായിരുന്നു ഇവരുടെ മരണം. ഇവര്‍ക്ക് ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നാണ് അധികൃതര്‍ പറയുന്നത്. ബിഹാറിലെ ധാനാപൂരില്‍ നിന്നുള്ള 70കാരനായ ബാസിത് മഹാതോ ആണ് മരിച്ച മൂന്നാമന്‍. ഹൃദ്രോഗിയായ ഇദ്ദേഹം മുംബൈയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു.

മുംബൈയില്‍ നിന്ന് വരാണസിയിലേക്കുള്ള ട്രെയിനിലാണ് രണ്ടുപേരെ മരിച്ചതായി കണ്ടത്. ദശരഥ് പ്രജാപതി(30), രാമരതന്‍ രഘുനാഥ്(55) എന്നിവരാണ് മരിച്ചത്. ഭൂഷണ്‍(58), രാം അഥ ചൗഹാന്‍(48) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചവരില്‍ ബാക്കിയുള്ളത്. കൂടാതെ നാലുവയസ്സുകാരനായി മുഹമ്മദ് ഇര്‍ഷാദും മരിച്ചവരില്‍ ഉള്‍പെടുന്നു. വിശപ്പും ദാഹവും സഹിക്കാതെയായിരുന്നു ഇര്‍ഷാദിന്റെ മരണം.

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ വ്യക്തമായ നയം വേണമെന്നും അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.