2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

മലേഗാവ് സോഫോടനം: കേണല്‍ പുരോഹിതിന് സുപ്രിം കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടി

മുംബൈ: 2008 ലെ മാലെഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും തിരിച്ചടി. സുപ്രിം കോടതിയും ഹൈക്കോടതിയും അദ്ദേഹം സമര്‍പ്പിച്ച അപേക്ഷകള്‍ നിരസിച്ചു.

സ്‌ഫോടന കേസില്‍ തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ചത് കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു  പുരോഹിത് സുപ്രിം കോടതിയില്‍  ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് ചൊവ്വാഴ്ച ഹരജി തള്ളിയത്. ഇടപെടുന്നത് കീഴ്‌കോടതിയില്‍ പുരോഗമിക്കുന്ന നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. അതേസമയം,  വിഷയം വിചാരണ കോടതിയില്‍ പുരോഹിതിന് ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 തനിക്ക് എതിരെ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്തും ഹരജിയില്‍ തീരുമാനം ആകുംവരെ വിചാരണ കോടതി കുറ്റംചുമത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും പുരോഹിത് നല്‍കിയ ഹരജിയിലാണ് ബോംമ്പെ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞത്. കുറ്റം ചുമത്തുന്നതില്‍ സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ എസ്.എസ് ഷിണ്ഡെ, മൃദുല ഭട്കര്‍ എന്നിവരുടെ ബെഞ്ച് യു.എ.പി.എ ചുമത്തിയതിലെ നിയമസാധുത വിചാരണ കോടതി തന്നെ തീരുമാനിക്കട്ടെ എന്നും വിധിച്ചു.

സുപ്രിം കോടതി വിധിക്കു പിന്നാലെയാണ് ഹൈക്കോടതി വിധി വന്നത്. 2008 ലെ മാലെഗാവ് സ്‌ഫോടന കേസില്‍ കുറ്റം ചുമത്തുന്നത് പ്രത്യേക എന്‍.ഐ.എ കോടതി ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ രണ്ട് വിധികളും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.