2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Budget 2019 Live: പെട്രോള്‍, ഡീസല്‍, സ്വര്‍ണം വില വര്‍ധിക്കും, പുതിയ നികുതികളില്ല

 • ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റവതരിപ്പിക്കുന്ന ആദ്യ വനിത
 • 'പരിഷ്‌കാരം, നിര്‍വഹണം, പരിവര്‍ത്തനം'- മന്ത്രയുമായി നിർമലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3 ട്രില്യണ്‍ ടോളറില്‍ എത്തുമെന്ന പ്രഖ്യാപനത്തോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വിദേശ, ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്.

ധനമന്ത്രി പറഞ്ഞതുപോലെ, ‘നമുക്ക് അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലും ജോലി സൃഷ്ടിപ്പിലും ഭീമന്‍ നിക്ഷേപം ആവശ്യമാണ്’. ഇതിന്റെ ചുവടുപിടിച്ചാണ് റെയില്‍വേ വികസനം പി.പി.പി (പബ്ലിക്ക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) യിലേക്കും മീഡിയ, വ്യോമയാനം എന്നീ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിലേക്കും പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വന്നയുടന്‍ ആധാര്‍ ലഭ്യമാക്കുമെന്നതിലേക്കും സര്‍ക്കാര്‍ തീരുമാനമെടുത്തത്.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, വെള്ളം, വൃത്തിയുള്ള പാചക സൗകര്യം എന്നിവ വാഗ്ദാനം ചെയ്തതാണ് ബജറ്റിലെ മറ്റൊരു ഹൈലൈറ്റ്. ബജറ്റിലെ പ്രഖ്യാപന പ്രകാരം പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങള്‍ക്ക് വില കൂടും. സ്വര്‍ണത്തിനും വില വര്‍ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെയാണിത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ടായി.

 

ബജറ്റ് പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

 • ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയിലേക്ക് എത്തും. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ഇന്ത്യ. അഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യ 11-ാമത് ആയിരുന്നു- നിർമല സീതാരാമന്‍
 • Reform (പരിഷ്‌കാരം), Perform (നിര്‍വഹണം), Transform (പരിവര്‍ത്തനം) ആണ് സര്‍ക്കാരിന്റെ മന്ത്ര
 • കഴിഞ്ഞ 5 വര്‍ഷത്തില്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നത് 2.7 ട്രില്യണ്‍ ഡോളര്‍. അടുത്ത വര്‍ഷങ്ങള്‍ കൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം നേടാനാകും.
 • ഇന്‍ഫ്രാ, ഡിജിറ്റല്‍ ഇക്കോണമി, തൊഴില്‍ രൂപീകരണം എന്നിവയില്‍ വന്‍ നിക്ഷേപം വേണം

രാജ്യത്തെവിടെയും സഞ്ചരിക്കാം, പണം പിന്‍വലിക്കാം, ഒറ്റ കാര്‍ഡുമായി

വിവിധ ഗതാഗത സംവിധാനങ്ങള്‍ക്കായി ഒറ്റ കാര്‍ഡ് സംവിധാന പ്രഖ്യാപനവുമായി നിര്‍മലാ സീതാരാമന്റെ ബജറ്റ്. മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് ഗതാഗത സംവിധാനത്തിലൂടെയും സഞ്ചരിക്കാവുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

ഇന്റര്‍- ഓപ്പറേറ്റബിള്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് എന്ന പ്രയോഗമാണ് നടത്തിയത്. റോഡ്, റെയില്‍വേ യാത്രയ്ക്കായി ഈ കാര്‍ഡ് ഉപയോഗിക്കാം. പണം പിന്‍വലിക്കാന്‍ എ.ടി.എം കാര്‍ഡായും ഇത് ഉപയോഗിക്കാം.


വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് പദ്ധതി: വൈദ്യുതി ഏകീകൃത സംവിധാനത്തിലേക്ക്

രാജ്യത്ത് വൈദ്യുതി വിതരണത്തിനായി വണ്‍ നേഷന്‍ വണ്‍ ഗ്രിഡ് പദ്ധതി 2019 ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. എല്ലാം സംസ്ഥാനങ്ങള്‍ക്കും ഒറ്റ ഗ്രിഡിനു കീഴില്‍ വൈദ്യുതി വീതിച്ചു കൊടുക്കുന്നതാണ് പദ്ധതി. കുറഞ്ഞ ചെലവില്‍ വൈദ്യുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് വാഗ്ദാനം.

വൈദ്യുതി താരിഫ് ഘടനയടക്കം പരിഷ്‌കരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്.


 • എല്ലാവര്‍ക്കും വീട്; 1.95 കോടി വീടുകള്‍ നിര്‍മിക്കും
 • എല്ലാ ഗ്രാമീണ ഭവനത്തിനും വൈദ്യുതി, ശുദ്ധമായ പാചക സൗകര്യം
 • ഇന്‍ഷുറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

പാവപ്പെട്ടവര്‍ക്കെല്ലാം വീട്, 100 ശതമാനം വൈദ്യുതി

2022 ഓടെ പാവപ്പെട്ടവര്‍ക്കെല്ലാം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം 1.95 കോടി വീടുകള്‍ നിര്‍മിക്കുമെന്നാണ് വാഗ്ദാനം.

എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചക വാതക കണക്ഷനും നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ‘സൗഭാഗ്യ’ പദ്ധതി പ്രകാരമാണ് എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി എത്തിക്കുക.


അഞ്ചു വര്‍ഷത്തിനകം 1,25,000 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കും

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1,25,000 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 80,250 കോടി രൂപ വകയിരുത്തി.

ഇതില്‍ ചില റോഡുകള്‍ അപ്‌ഗ്രേഡ് ചെയ്യും.


 • റെയില്‍വേ വികസനത്തിന് വന്‍തുക, 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപ ചെലവഴിക്കും
 • ഗാന്ധിയന്‍ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ഗാന്ധിപീഡിയ, ചുമതല നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസിന്‌

പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരും, ഗവേഷണത്തിന് എന്‍.ആര്‍.എഫ്

പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഗവേഷണം പ്രോല്‍സാഹിപ്പിക്കാനായി പുതിയ ഏജന്‍സി രൂപീകരിച്ചു. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍.ആര്‍.എഫ്) എന്ന പേരിലാണിത്.

വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഗവേഷണത്തിനുള്ള ഫണ്ടുകളും ഗ്രാന്റുകളും എന്‍.ആര്‍.എഫിന് കീഴില്‍ വരും.

ഗവേഷണം പ്രോല്‍സാഹിപ്പിക്കയും കോര്‍ഡിനേറ്റ് ചെയ്യുകയുമാണ് എന്‍.ആര്‍.എഫിന്റെ ദൗത്യം. നിലവില്‍ യു.ജി.സിക്കു കീഴില്‍ തന്നെയാണ് ഗവേഷണം നടക്കുന്നത്.

രാജ്യത്തെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലോക 200 യൂനിവേഴ്‌സിറ്റി റാങ്കിങ് പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.


180 ദിവസം കാത്തിരിക്കേണ്ട, പ്രവാസികള്‍ക്ക് വന്നയുടന്‍ ആധാര്‍ കാര്‍ഡ്

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഉടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ 180 ദിവസം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതാണ് എടുത്തുകളഞ്ഞതായി ബജറ്റില്‍ പ്രഖ്യാപിച്ചത്.


ഗാന്ധി മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ‘ഗാന്ധിപീഡിയ’

ഗാന്ധിയന്‍ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ‘ഗാന്ധിപീഡിയ’ എന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം.

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയയ്ക്ക് സമാനമായ പേരാണ് ഗാന്ധിപീഡിയ. അതുപോലുള്ള സംവിധാനമായിരിക്കും ഗാന്ധിപീഡിയ എന്നു പ്രതീക്ഷിക്കാം.

നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസിനായിരിക്കും ഇതിന്റെ ചുമതല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.