2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

‘പുല്‍വാമ ആക്രമണം മോദി അറിയാന്‍ വൈകി’- കോണ്‍ഗ്രസിന്റെ ആരോപണത്തിന് വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് പ്രധാനമന്ത്രി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് വിശദീകരണവുമായി കേന്ദ്രം. സംഭവം മോദി അറിയാന്‍ വൈകിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മോശം കാലാവസ്ഥയും നെറ്റ് വര്‍ക്കിലുണ്ടായ പ്രശ്‌നങ്ങളും മൂലം 25 മിനിറ്റ് വൈകിയാണ് മോദിയെ പുല്‍വാ ഭീകരാക്രമണത്തെ അറിയിക്കാന്‍ കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭീകരാക്രമണം നടന്നത് വൈകിട്ട് 3.10 നാണ്. എന്നാല്‍ പ്രധാനമന്ത്രിക്ക് അതേപ്പറ്റി വിവരങ്ങള്‍ ലഭിച്ചത് 3.35നായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 14 ന് പുലര്‍ച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. മോശം കാലവസ്ഥയെ തുടര്‍ന്ന് നാലുമണിക്കൂര്‍ വൈകിയാണ് അദ്ദേഹത്തിന് ജിംകോര്‍ബെറ്റ് പാര്‍ക്കിലേക്ക് പോകാനായത്. 11.15 പാര്‍ക്കിലെത്തിയ മോദി മുന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിച്ചു.

വൈകിട്ട് രുദ്രപുരില്‍ ഒരു പൊതുപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഭീകരാക്രമണ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി അത് റദ്ദാക്കി. ഉടന്‍ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതില്‍ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രാംനഗറില്‍ നിന്ന് മോദി റോഡ്മാര്‍ഗം ഉത്തര്‍പ്രദേശിലെ ബറൈലിയിലെത്തി അവിടെനിന്നാണ് ഡല്‍ഹിയിലേക്ക് തിരിച്ചതെന്നും അധികൃതര്‍ പറയുന്നു.

ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാല്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നു. ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായെന്ന് അദ്ദഹം ആരോപിച്ചു. ഭീകരാക്രമണത്തെപ്പറ്റി കോണ്‍ഗ്രസിന് മുന്‍കൂട്ടി അറിയാമായായിരുന്നോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അതേസമയം ഭീകരാക്രമണത്തേപ്പറ്റി പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ നല്‍കാന്‍ വൈകിയതില്‍ അജിത് ഡോവല്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.