2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മിമിക്രി അത്ര എളുപ്പമല്ല- ടേപ്പ് വ്യാജമെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കുമാരസ്വാമി

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയുടേതെന്ന് പറഞ്ഞ് പുറത്തു വിട്ട ടേപ്പ് വ്യാജമെന്ന് ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒരാളുടെ ശബ്ദം അതുപോലെ അനുകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ടേപ്പ് ശരിക്ക് കേട്ടുനോക്കിയാല്‍ അത് ആരുടെ ശബ്ദമാണെന്ന് മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ കൂടിക്കാഴ്ചയിലാണ് കുമാരസ്വാമിയുടെ പ്രതികരണം.

‘നോട്ടു നിരോധനത്തിലൂടെ രാജ്യത്ത ബ്ലാക്ക് മണി തുടച്ചു മാറ്റിയെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. പക്ഷേ അവര്‍ 40-50 ലക്ഷമാണ് ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. എവിടെ നിന്നാണ് ഈപണം വന്നത്. ഇത് ബ്ലാക്കോ വൈറ്റോ?. അങ്ങിനെയെങ്കില്‍ നോട്ടു നിരോധനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു’- നോട്ടു നിരോധനത്തിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

‘മിമിക്രി അത്ര എളുപ്പമല്ല. ടേപ്പ് കേള്‍ക്കുന്നവര്‍ക്ക് അത് ആരുടെ ശബ്ദമാണെന്നു മനസ്സിലാവും. ടേപ്പില്‍ എന്ത് അന്വേഷണം നടത്താനും തയ്യാറാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അവരുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടട്ടെ. അങ്ങിനെയെങ്കില്‍ സത്യം അത് എന്തു തന്നെയായാലും പുറത്തു വരുമല്ലോ’- കുമാരസ്വാമി പറഞ്ഞു.

ഗരുമിത്ക്കല്‍ എംഎല്‍എ നാരായണഗൗഡയുടെ മകന്‍ ശരണ്‍ഗൗഡ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയുടേതെന്ന പേരില്‍ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ പത്രസമ്മേളനം നടത്തിയ യെദ്യൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. ഓഡിയോ ടേപ്പ് സത്യമാണെന്ന് തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് പൊതുജീവിതം അവസാനിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.