2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘ജാതി ചിന്തകള്‍ വെടിയൂ, കാഴ്ചപ്പാട് മാറ്റൂ’- ബി.ജെ.പി എം.എല്‍.എക്ക് മകളുടെ ഉപദേശം

ലക്‌നോ: ജാതി ചിന്തകള്‍ വെടിയാന്‍ ബി.ജെ.പി എം.എല്‍.എക്ക് മകളുടെ ഉപദേശം.
ദലിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച സാക്ഷി മിശ്രയാണ് പിതാവിനെതിരെ വീണ്ടും രംഗത്തെത്തിയത്. ആജ് തക് ടി.വിയിലാണ് സാക്ഷി തന്റെ നിലപാട് വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി .

‘എനിക്കൊരു സ്വപ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് പഠിക്കണമായിരുന്നു. ജോലിക്കു കൊണ്ടുപോവാന്‍ ഞാന്‍ എപ്പോഴും പിതാവിനോട് ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും അത് ഗൗരവമായി എടുത്തില്ല’ – വിറയാര്‍ന്ന ശബ്ദത്തില്‍ സാക്ഷി പറയുന്നു. തന്റെ കാഴ്ചപ്പാടുകള്‍ മാറ്റാനും ജാതി ചിന്തകള്‍ ഉപേക്ഷിക്കാനും സാക്ഷി പിതാവിനോട് ആവശ്യപ്പെടുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പിതാവ് തന്നെ അനുവദിച്ചിരുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. സഹോദരനും മാതാവും തന്നെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സാക്ഷി അഭിമുഖത്തില്‍ പറയുന്നു.

ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളെ വിവാഹ കഴിച്ചതോടെ പിതാവ് ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നാണ് വൈറല്‍ വീഡിയോയില്‍ സാക്ഷി പറയുന്നത്.

വിഡിയോയില്‍ ഭര്‍ത്താവ് അജിതേഷ് കുമാറിനൊപ്പം (29) പ്രത്യക്ഷപ്പെട്ട സാക്ഷി, പൊലിസ് സംരക്ഷണവും തേടിയിരുന്നു. തനിക്കോ ഭര്‍ത്താവിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛനെ അഴിക്കുള്ളിലാക്കുമെന്നും സാക്ഷി മുന്നറിയിപ്പു നല്‍കിയിരുന്നു. സംരക്ഷണം തേടി ഇവര്‍ അലഹാബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ജൂലൈ 15ന് കോടതി കേസ് പരിഗണിക്കും.

ഉത്തര്‍പ്രദേശിലെ ബിദാരി എം.എല്‍.എയാണ് രാജേഷ്. വീഡിയോയിലൂടെയാണ് സാക്ഷി ആദ്യം തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും പറഞ്ഞ സാക്ഷി തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു.

പിന്നീട് മറ്റൊരു വീഡിയോയിലൂടെ രംഗത്തെത്തിയ സാക്ഷി പിതാവ് ഭര്‍ത്താവിനെ കൊല്ലാന്‍ ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നും ഗുണ്ടകളില്‍ നിന്ന് രക്ഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പിതാവിനും സഹോദരനും എതിരെയാണ് രണ്ടാമത്തെ വീഡിയോയിലെ ആരോപണങ്ങള്‍. പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വീഡിയോയില്‍ സാക്ഷി വിളിക്കുന്നത്. പാപ്പു അയച്ച ഗുണ്ടകളില്‍ നിന്ന് ഒളിച്ചു മടുത്തു. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. വിവാഹിതയാണെന്നും സിന്ദൂരം ഫാഷനു വേണ്ടി അണിഞ്ഞതല്ലെന്നും സാക്ഷി പറയുന്നു. ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ ഒരുക്കണമെന്നും പൊലിസ് മേധാവിയോടും സാക്ഷി അഭ്യര്‍ത്ഥിക്കുന്നുണ്ട് രണ്ടു പേരും കഴിഞ്ഞിരുന്ന ഹോട്ടലിലേക്ക് ഗുണ്ടാസംഘം എത്തിയെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഭര്‍ത്താവ് അജിത് കുമാറും പറയുന്നു. താന്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതു കൊണ്ടാണ് സാക്ഷിയുടെ കുടുംബം വേട്ടയാടുന്നതെന്നാണ് യുവാവ് പറയുന്നത്.

എന്നാല്‍ മകളുടെ ആരോപണങ്ങള്‍ പിതാവ് രാജേഷ് മിശ്ര നിരസിച്ചു. മകള്‍ക്ക് പ്രായപൂര്‍ത്തിയതെന്നും തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ബി.ജെ.പി എം.എല്‍.എ പറയുന്നത്. ഇരുവര്‍ക്കും സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് പൊലിസ് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.