2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കേന്ദ്രത്തിന്റെ അവകാശ വാദം തെറ്റ്; രാജ്യത്ത് സമൂഹവ്യാപനമുണ്ട്, മുന്നൊരുക്കം ഇല്ലാത്ത ലോക്ക്ഡൗണ്‍ പ്രധാന കാരണം’- മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധരുടെ സംഘടന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 സമൂഹ വ്യാപനം ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘടന. ഇന്ത്യയിലെ പല സ്ഥലങ്ങളിലും കൊവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യാത്രാ ഹിസ്റ്ററി പോലും ഇല്ലാത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതിന് ഉദാഹരണമായി ഇവര്‍ പറയുന്നു. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ ഉള്‍പെടെയുള്ള തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്‌റ് എന്നീ സംഘടനകള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം പറഞ്ഞത്.

‘ആരോഗ്യ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകര്‍ച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്’- പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നൊരുക്കങ്ങള്‍ ഇല്ലാതെ രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും പ്രസ്താവനയില്‍ പറയുന്നു. ലോക്ക്ഡൗണിന് മുന്‍പ് അതിഥി തൊഴിലാളികള്‍ അടക്കമുള്ളവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇത് രണ്ട് പ്രശ്ങ്ങള്‍ ഉണ്ടാക്കി. ആളുകള്‍ കുടുങ്ങി കിടക്കുകയും കാല്‍നടയായും മറ്റും പോയവര്‍ അപകടത്തില്‍ പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കി. രോഗം വ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവര്‍ രോഗവാഹകരായി.

ഇന്ത്യയില്‍ സമൂഹ വ്യാപനം ഇല്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 230 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.