2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബാബരി നിയമവിരുദ്ധമെങ്കില്‍ അദ്വാനിക്കെതിരെ എന്തിന് കേസെടുത്തു, നിയമാനുസൃതമെങ്കില്‍ തകര്‍ത്തവര്‍ക്കു തന്നെ നല്‍കിയതെന്തിന്- വീണ്ടും ഉവൈസി

ഹൈദരാബാദ്: ബാബരി മസ്ജിദ് വിധിയില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി വീണ്ടും. ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ പിന്നെ അത് തകര്‍ത്തതിന് എല്‍.കെ അദ്വാനി ഉള്‍പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തിനാണ് കേസെടുത്ത് വിചാരണ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇനി അതല്ല പള്ളി നിയമാനുസൃതമായിരുന്നെങ്കില്‍ പിന്നെ അത് തകര്‍ത്തവര്‍ക്ക് തന്നെ വിട്ടു നല്‍കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ഹൈദരാബാദില്‍ നബിദിനവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി. ഒരാളുടെ വീട് തകര്‍ത്ത ശേഷം തകര്‍ത്തയാള്‍ക്കു തന്നെ എങ്ങിനെയാണ് ആ വീട് ലഭിക്കുകയെന്ന് അദ്ദേഹം അല്‍ഭുതപ്പെട്ടു.

‘ ഒരാള്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ മധ്യസ്ഥന്റെ അടുത്ത് പോവുന്നു. അയാള്‍ നിങ്ങളുടെ വീട് തകര്‍ത്തയാള്‍ക്ക് തന്നെ നല്‍കുന്നു. എന്നിട്ട് നിങ്ങള്‍ക്ക് വീട് വെക്കാന്‍ പകരം ഒരു സ്ഥലം നല്‍കുന്നു. അത് നിങ്ങള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുക’- അദ്ദേഹം ചോദിച്ചു.

വിധി അംഗീകരിക്കാത്തതിന് തന്നെ കുറ്റപ്പെടുത്തുന്നവരേയും അദ്ദേഹം വിമര്‍ശിച്ചു. വിധിയെ എതിര്‍ക്കുക എന്നത് തന്റെ ജനാധിപത്യപരമായ അവകാശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം ഭൂമി വാഗ്ദാനം ചെയ്തതിലൂടെ മുസ്‌ലിം സമൂഹം അപമാനിക്കപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ബാബരി മസ്ജിദ് നമ്മുടെ നിയമപരമായ അവകാശമാണ്. നമ്മള്‍ ഭൂമിക്കു വേണ്ടിയല്ല പോരാടിയത്. നമുക്ക ദാനമായി ഒന്നും ആവശ്യമില്ല. ഞങ്ങളെ യാചകരെ പോലെ പരഗണിക്കരുത്. ഞങ്ങള്‍ രാജ്യത്തിലെ ബഹുമാനിക്കപ്പെടുന്ന പൗരന്‍മാരാണ്’- ഉവൈസി തുറന്നടിച്ചു. കോടതിയില്‍ മുസ് ലിങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 80 വയസ്സിലും കോടതിയില്‍ വാദിച്ച് രാജീവ് ധവാനെ അദ്ദേഹം അഭിനന്ദിച്ചു.

എല്ലാ സെക്യുലര്‍ പാര്‍ട്ടികളും മുസ് ലിങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആത്മവീര്യം കൈവിടരുതെന്ന് അദ്ദേഹം മുസ്‌ലിങ്ങളെ ഉണര്‍ത്തി. വിധിയില്‍ നിരാശരാവരുത്. ഒന്നിച്ചു നിന്ന് വെല്ലുവിളിയെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.