2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

റഫാലില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി- കേന്ദ്ര ഇടപെടലിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത് ദി ഹിന്ദു ദിനപത്രമാണ് രേഖകള്‍ പുറത്തു വിട്ടത്. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരം സുപ്രിം കോടതിയെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. അതിനാല്‍ കരാറില്‍ എന്തെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.

രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനൊപ്പം സര്‍ക്കാരിനും സി.എ.ജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കും. രാഷ്ട്രപതി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും. ബജറ്റ് സമ്മേളനം ബുധനാഴ്ച്ച അവസാനിക്കിരിക്കെ റിപ്പോര്‍ട്ട് ഏത് നിമിഷവും പാര്‍ലമെന്റിലും സമര്‍പ്പിച്ചേക്കും.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് കഴിഞ്ഞ ദിവസം ഹിന്ദു പുറത്തു വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നായിരുന്നു പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത്.

എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.