2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ദേശീയ വിദ്യാഭ്യാസ നയവും മദ്‌റസകളുടെ ഭാവിയും

ടി.സി അഹമ്മദലി ഹുദവി

 

ഒരു രാജ്യത്തിന്റെ വികസനത്തെ നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായ ഘടകമാണ് ആ രാജ്യത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റവും വളര്‍ച്ചയും. ഇവ അടയാളപ്പെടുത്തുന്നതില്‍ ആ രാജ്യത്തിന്റെ വിദ്യാഭ്യാസ നയരേഖകള്‍ക്ക് വലിയൊരു പങ്കുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍നിന്ന് വേണം പുതിയ ദേശീയ വിദ്യാഭ്യാസ കരട് രേഖയെ വിലയിരുത്താന്‍.
ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു ദേശീയ വിദ്യാഭ്യാസ കരട് നയ രേഖയാണിത്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രൂപം കൊണ്ട ഒരു സുപ്രധാന വിദ്യാഭ്യാസ നയ രേഖയില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോടുള്ള സമീപനവും നിലപാടും വിശാലമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കൃത്യമായി വരച്ച് കാട്ടിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യത്തെ ഒരു ദേശീയ വിദ്യാഭ്യാസ കരട് രേഖ എങ്ങനെയാണ് ആ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും നിര്‍ദേശങ്ങളെയും നോക്കിക്കാണുന്നതെന്നും ഏറെ പ്രസക്തിയാര്‍ജിക്കുന്ന ചോദ്യമാണ്.
2016-17 ലെ യുഡൈസ് കണക്കനുസരിച്ച് പ്രൈമറി സ്‌കൂളിലേക്ക് പ്രവേശനം ലഭിച്ച 15 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെത്തുമ്പോള്‍ 7.9 ശതമാനത്തിലേക്ക് കുറയുന്നുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ കരട് രേഖ. പക്ഷെ, മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ ഇടയിലുള്ള ഗണ്യമായ ഈ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാതെ പോകുന്നത് തികച്ചും നിരാശയാണ് സൃഷ്ടിക്കുന്നത്. സാക്ഷരതാ നിരക്കിലും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ ഇതില്‍നിന്നും വിത്യസ്തമല്ല.
വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യമില്ലായ്മ ഏറ്റവും കൂടുതലുള്ളത് മുസ്‌ലിം സമുദായത്തിലാണെന്ന് ഈ കരട് രേഖ വ്യക്തമായി പറയുന്നുണ്ടെങ്കിലും ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാത്തത് ഒരു നയ രേഖയുടെ പക്ഷപാതപരമായ സമീപനങ്ങളായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. ഇന്ത്യന്‍ മുസ്‌ലിംകളിലെ മഹാ ഭൂരിപക്ഷം ദൈനംദിന ജീവതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഉര്‍ദു ഭാഷയോടുള്ള ഈ വിദ്യാഭാസ കരട് നയ രേഖയുടെ അവഗണന ആ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഉര്‍ദു ഭാഷയെ അവഗണിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രം അനുവദിക്കുന്ന സര്‍ക്കാരിന്റെ ഈ നീക്കത്തെ ഉര്‍ദു ഭാഷയെ തന്നെ ഭാവിയില്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് വേണം വിലയിരുത്താല്‍. ഒരു പ്രത്യേക വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു ദേശീയ നയ രേഖയ്ക്ക് എങ്ങനെയാണ് ഒരു രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള വിദ്യാഭ്യാസ മുന്നേറ്റത്തെ വിഭാവനം ചെയ്യാന്‍ സാധിക്കുക.

മദ്‌റസാ വിദ്യാഭ്യാസവും ന്യൂനപക്ഷ ശാക്തീകരണവും

മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എടുത്ത് പറഞ്ഞ് പുതിയ വിദ്യാഭ്യാസ കരട് രേഖ മുന്നോട്ട് വയ്ക്കുന്ന പരിഹാരം മദ്‌റസകളെ ആധുനിക വല്‍ക്കരിക്കലും ശാക്തീകരിക്കലുമാണ്. ഇതിനായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍:
1. പാഠ്യപദ്ധതിയുടെ ഭാഗമായി ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള സാമ്പത്തിക സഹായം.
2. മദ്‌റസയില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിവിധ ബോര്‍ഡ് പരീക്ഷകള്‍ എഴുതാനുള്ള അവസരം.
3. ലൈബ്രറി, ലാബ്, പഠന ഉപകരണങ്ങള്‍ ലഭ്യമാക്കുക.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന അറുപതിനായിരത്തിലധികം മദ്‌റസകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് യു.പിയിലും കര്‍ണാടകയിലുമാണ്. 85ശതമാനം മദ്‌റസകളിലും ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലെന്ന് 2017ല്‍ സെന്റര്‍ ഫോര്‍ എജുക്കേഷനല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് എന്ന സംഘടന മാനവ വിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മദ്‌റസകളെ നവീകരിക്കാനായി ഇപ്പോള്‍ നിര്‍ദേശിച്ചതിന് സമാനമായ വിവിധ പരിശ്രമങ്ങള്‍ നടന്നിട്ടും അതൊക്കെ ഫലം കാണാതെ പോയി എന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി വിതരണം ചെയ്ത കംപ്യൂട്ടര്‍ ലാബ് 60 ശതമാനം മദ്‌റസകള്‍ക്കുമുണ്ടെങ്കിലും അതില്‍ 15 ശതമാനം മാത്രമെ നിലവില്‍ പ്രവര്‍ത്തന യോഗ്യമുള്ളൂ എന്നാണ് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഈ യാഥാര്‍ഥ്യങ്ങള്‍ മുന്‍പിലുണ്ടായിരിക്കെ തന്നെ ഒരു വശത്ത് ഇത്തരം ഫലം കാണാത പോയ നിര്‍ദേശങ്ങള്‍ വീണ്ടും മുന്നോട്ടുവയ്ക്കുകയും മറുവശത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് മദ്‌റസകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് തടിയൂരാനുള്ള ശ്രമങ്ങള്‍ നടത്തുക എന്ന സമീപനമാണ് യഥാര്‍ഥത്തില്‍ ഈ കരട് നയരേഖ സ്വീകരിച്ചിട്ടുള്ളത്.
അതിനാല്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള അവസരങ്ങളൊന്നും തന്നെ ഈ ദേശീയ വിദ്യാഭ്യാസ കരട് രേഖ മുന്നോട്ട് വയ്ക്കുന്നില്ല എന്ന് വേണം പറയാന്‍. ഒരു വശത്ത് മദ്‌റസാ വിദ്യാഭ്യാസത്തെ എതിര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഭരണഘടനാ വിരുദ്ധത, മറുവശത്ത് മദ്‌റസാ സംവിധാനത്തെ തന്നെ വികസന മുന്നേറ്റത്തിനുള്ള തടസമായി കാണുന്ന മനോഭാവം എന്നീ ഘടകങ്ങളാവണം പേരിന് വേണ്ടിയുള്ള പരാമര്‍ശത്തിലേക്കും നിര്‍ദേശത്തിലേക്കും കരട് രേഖയെ ചെന്നെത്തിച്ചതെന്ന് വിശ്വസിക്കുന്നു.
മദ്‌റസാ മേഖലയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളെ എക്കാലത്തും മുസ്‌ലിം സമുദായ നേതൃത്വം സംശയത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലായ്മ ചെയ്യപ്പെടുമെന്ന സ്വാഭാവികമായ ഭയവും മത പാഠ്യ പദ്ധതികളില്‍ ഇടപ്പെടുമെന്ന ആശങ്കകളുമാണ് പ്രധാനമായും അതിന്റെ പിന്നില്‍. ഇത്തരം യഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനും അതിന് അനുസൃതമായ നയ മാറ്റങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തയാറാവാത്ത കാലത്തോളം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണം വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണുണ്ടാവുക.
നൂറ്റാണ്ടുകളായി വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കായി പല രൂപത്തിലും ഇന്ത്യയില്‍ നിലനിന്ന വലിയ പാരമ്പര്യമുള്ള ഒരു വിദ്യാഭ്യാസ സംവിധാനമാണ് മദ്‌റസകളിലുള്ളത്. മുസ്‌ലിം വിഭാഗത്തെ വിശ്വാസത്തിലെടുത്ത്, മത പാഠ്യപദ്ധതികളെ നിലനിര്‍ത്തി, കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് വിദ്യാഭ്യാസ നയരേഖയും സര്‍ക്കാരും തയാറാവേണ്ടത്. അതിന് പുറമെ മദ്‌റസയെ പേരിന് പരാമര്‍ശിക്കുകയും സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാക്കുകയും കൂട്ടത്തില്‍ കുട്ടികളുടെ വ്യത്യസ്ത അവകാശ നിയമങ്ങളുടെ പേരില്‍ പടിപടിയായി മദ്‌റസാ വിദ്യാഭ്യാസ സംവിധാനത്തെ ഇല്ലായ്മ ചെയ്യാനുമുള്ള വിദ്യാഭ്യാസ കരട് നയരേഖയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢ ശ്രമങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.
ദേശീയ വിദ്യാഭ്യാസ കരട് നയരേഖ നിര്‍ദേശിച്ച വ്യത്യസ്ത അവകാശ നിയമങ്ങള്‍, മാര്‍ഗനിര്‍ദേശക രേഖകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ വലിയ ഭീഷണി ഉയര്‍ത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രായപരിധി മൂന്ന് മുതല്‍ പതിനെട്ട് വരെയാക്കി മാറ്റി എഴുതിയത് കേരളത്തിലടക്കമുള്ള വ്യത്യസ്ത മത വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയും ബാധിക്കുന്നതാണ്. ഔപചാരിക വിദ്യാഭ്യാസത്തിന് തടസമില്ലാത്ത വിധം കേരളത്തില്‍ നടക്കുന്ന മദ്‌റസകളെ ഇത് ബാധിക്കില്ല എങ്കിലും ഇന്ന് മുഴുസമയം മതപഠനം നടത്തുന്നതിന്റെ സൗകര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന അറബിക് കോളജുകള്‍, ഹിഫ്‌സ് കോളജുകള്‍, പ്രീ സ്‌കൂളുകള്‍, സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇതര മതപാഠ ശാലകള്‍ എന്നിവകളൊക്കെ ഇതിന്റെ പരിധിയില്‍പ്പെടുമെന്നതാണ് വസ്തുത.
വിദ്യാര്‍ഥികളുടെ അവകാശങ്ങളും മാറിവരുന്ന മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടാതെ പോകുന്ന പക്ഷം ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യചെയ്യപ്പെടുകയാണ് പുതിയ സാഹചര്യത്തില്‍. ജെ.ജെ ആക്ടിന്റെ ദുരിതങ്ങളില്‍നിന്ന് മതപാഠശാലകളും ഓര്‍ഫനേജുകളും മുക്തരായിട്ടില്ല എന്ന യാഥാര്‍ഥ്യവും കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് .
ഇത്തരം സാഹചര്യങ്ങളില്‍നിന്ന് നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും അഭിപ്രായ ഏകീകരണം രൂപീകരിക്കാനും സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്. മൂന്നു വയസ് മുതല്‍ 18 വയസു വരെ പ്രായപരിധിയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുടെയും എല്ലാ മതപാഠശാലകളുടെയും മേല്‍ വരാന്‍പോകുന്ന കുരുക്കുകളെ മുന്‍കൂട്ടി മനസിലാക്കി അതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്.
ഇത് രാഷ്ട്രീയ ആവശ്യമായി മുന്നോട്ട് വയ്ക്കാനാവശ്യമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ച്, മുഴുവന്‍ സ്ഥാപനങ്ങളെയും മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി സംരക്ഷിക്കാന്‍ മുസ്‌ലിം മത നേതൃത്വം കേരള സര്‍ക്കാരിനെ സമീപിക്കുന്നപക്ഷം വലിയ വിപ്ലവാത്മകമായ മുന്നേറ്റമായി മാറിയേക്കും. ഇത്തരം ഒരു നീക്കം കേരളത്തിന് പുറത്തേക്കും ഉപകാരപ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News