2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഒന്നിച്ചു നിന്നാല്‍ നമുക്ക് ഒത്തിരി നേടാം’-ജോര്‍ജ്ജ് ഫ്‌ളോയിഡ് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ട്രംപ് പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണയുമായി മകള്‍ രംഗത്ത്

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലിസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് നിയമ ബിരുദധാരിയായ ടിഫാനി സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധക്കാര്‍ക്ക് തന്റെ പിന്തുണ അറിയിച്ചത്.

‘ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം’ എന്ന ഹെലന്‍ കെല്ലറിന്റെ വാചകം സമരത്തെ പിന്തുണച്ച് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും അവര്‍ കുറിച്ചു. ഇതോടൊപ്പം #blackoutTuesday #justiceforgeorgefloyd എന്നീ ഹാഷ്ടാഗുകളും ബ്ലാക്ക് സ്‌ക്രീന്‍ ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയതിട്ടുണ്ട്.

ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതമായി രീതിയില്‍ പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണമെന്നും നിരവധിപേര്‍ ആവശ്യപ്പെടുന്നുണ്ട്.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു.എസ് കത്തുകയാണ്. കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ചാണ് പൊലിസ് ഇയാളെ കൊലപ്പെടുത്തിയത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പല നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മിലിട്ടറി പൊലിസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം ആയിരത്തിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

തുടക്കം മുതല്‍ക്കുതന്നെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള എല്ലാത്തരം ശ്രമങ്ങളും ട്രംപ് നടത്തുന്നുണ്ട്. അമേരിക്കയുടെ മഹത്തായ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ചുകൊല്ലുമെന്നടക്കമുള്ള പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.