2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നിസര്‍ഗ’ ഇന്ന് ആഞ്ഞടിക്കും; സുരക്ഷാ മുന്‍കരുതലുകള്‍ ശക്തം

മുംബൈ: മഹാരാഷ്ട്ര- ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും.

മുംബൈ, പാല്‍ഗര്‍, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗര്‍ഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിനോട് പൊരുതുന്ന മുംബൈ നഗരത്തില്‍ പേമാരികൂടിയെത്തുന്നത് ആശങ്കപരത്തുന്നുണ്ട്.

മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റര്‍വരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും.

കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്.) അയച്ചതായി എന്‍.ഡി.ആര്‍.എഫ്. ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന്‍ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതല്‍ സംഘങ്ങളെ തയ്യാറാക്കിനിര്‍ത്തി.

അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്രന്യൂനമര്‍ദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസര്‍ഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നര്‍ഥം. 2019ല്‍ ഒഡിഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നല്‍കിയതും ബംഗ്ലാദേശാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.