2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൗരത്വബില്‍ ഇരുസഭയും കടക്കുമെന്ന ആത്മവിശ്വാസത്തില്‍ കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ ഒരു തടസ്സവും കൂടാതെ രണ്ടു സഭയിലും പാസ്സാവുമെന്ന ആത്മവിശ്വാസത്തോടെ ബി.ജെ.പി.യും കേന്ദ്ര സര്‍ക്കാരും.

വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കല്‍ ബി.ജെ.പി.ക്ക് തലവേദനയല്ല. എന്നാല്‍, മേല്‍ക്കൈ ഇല്ലാത്ത രാജ്യസഭ കടക്കല്‍ അത്ര എളുപ്പമാവില്ല. അവിടെ 83 അംഗങ്ങളാണ് ബി.ജെ.പി.ക്കുള്ളത്. നിര്‍ണായകഘട്ടങ്ങളില്‍ ബി.ജെ.പി.യെ സഹായിക്കുന്ന ബി.ജെ.ഡി., ടി.ആര്‍.എസ്., വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നീ കക്ഷികളും ഒരംഗം വീതമുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കും. സമീപകാലത്ത് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേനയും ബില്ലിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

മൂന്ന് അംഗങ്ങളാണ് രാജ്യസഭയില്‍ ശിവസേനയ്ക്കുള്ളത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് വേറൊരു വിഷയമാണെന്നും രാജ്യതാത്പര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് സേനാ നേതാക്കള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ജനുവരിയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ലോക്‌സഭയില്‍നിന്ന് വിട്ടുനിന്ന ജെ.ഡി.യു. ഇത്തവണ അനുകൂലിച്ച് വോട്ടുചെയ്യും. അമിത് ഷായും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മില്‍നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് നിലപാടുമാറ്റം. രാജ്യസഭയില്‍ ജെ.ഡി.യു.വിന് ആറ് അംഗങ്ങളുണ്ട്. 11 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെ. നേരത്തേ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, ശക്തമായ എതിര്‍പ്പോടെ പ3തിപക്ഷം രംഗത്തുണ്ട്. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത്. ബില്‍ സെലക്ടുകമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.