2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്-19: ‘സാമൂഹിക അകലം നിര്‍ബന്ധമാണെന്ന കോമണ്‍സെന്‍സ് പോലുമില്ലേ’- വിമാനത്തില്‍ നടുവിലെ സീറ്റ് ഒഴിച്ചിടാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മിഡില്‍ സീറ്റ് ബുക്കിംഗ് ജൂണ്‍ ആറുവരെ മാത്രമേ അനുവദിക്കൂ. ജൂണ്‍ ആറു മുതല്‍ സീറ്റുകള്‍ ഒഴിച്ചിടണം

ന്യൂഡല്‍ഹി: വിദേശത്തുള്ളവരെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിമാനങ്ങളില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് സുപ്രിം കോടതി. കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് കോടതിയുടെ നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധത്തിന് സമൂഹിക അകലം പാലിക്കണമെന്ന കോമണ്‍സെന്‍സ് പോലുമില്ലേ എന്ന് കോടതി പരിഹസിച്ചു.

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മിഡില്‍ സീറ്റ് ബുക്കിംഗ് ജൂണ്‍ ആറുവരെ മാത്രമേ അനുവദിക്കൂ. വാണിജ്യ വിമാന കമ്പനികളുടെ നഷ്ടത്തേക്കാള്‍ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതെന്നും കോടതി വിലയിരുത്തി. ആഭ്യന്തര വിമാനയാത്രകളുടെ സജ്ജീകരണങ്ങള്‍ ഉള്‍പെടെ കോടതി ചൂണ്ടിക്കാട്ടി.

‘സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറ് അടി അകലമെങ്കിലും പാലിക്കണം. വിമാനത്തിനുള്ളില്‍ എങ്ങനെയാണ്’, വന്ദേഭാരത് ദൗത്യത്തിലുള്ള എയര്‍ ഇന്ത്യയുടെ വക്താക്കളോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു. മെയ് ഏഴ് മുതലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഇന്ത്യയിലേക്കെത്തിച്ചത്.

സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന മാര്‍ഗനിര്‍ദ്ദേശം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ പൈലറ്റ് ദേവന്‍ യോഗേഷ് കാനാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സീറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.