2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീലങ്കന്‍ സ്‌ഫോടനം: കര്‍ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കള്‍ കൊല്ലപ്പെട്ടു

അഞ്ചു പേരെ കാണാനില്ല

ബംഗളൂരു: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജെ.ഡി.എസ് നേതാക്കളായ രണ്ട് കര്‍ണാടക സ്വദേശികളാണ് കൊല്ലപ്പെട്ടത്. കെ.ജി ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞടുപ്പ് പ്രചാരണം കഴിഞ്ഞ് അവധി ആഘോഷിക്കാനായി പോയതായിരുന്നു ഇവര്‍. അഞ്ചു പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ശിവണ്ണ, പുട്ടരാജു, മാരെഗൗഡ, രമേഷ് എന്നിവരെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. ഇവരെകുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ചിക്കബെല്ലാപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പമൊയ്ലിക്കായി പ്രചാരണം നടത്തിയവരാണിവര്‍. സ്‌ഫോടനം നടന്നതിന് ശേഷം ഇവര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.

തുംക്കൂരിലും ചിക്ക്ബലാപൂരിലുമുള്ള ഏഴ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തനിക്ക് വ്യക്തിപരമായി അറിയുന്നവരാണ് കൊല്ലപ്പെട്ട പ്രവര്‍ത്തകരെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. പ്രവര്‍ത്തകരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോഡ് സ്വദേശിയായ റസീനയും ഷാന്‍ഗ്രില ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുണ്ട്. ഭര്‍ത്താവ് ഖാദര്‍ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് താമസിച്ചിരുന്ന ഷാന്‍ഗ്രിലാ ഹോട്ടലില്‍ മടങ്ങിയെത്തിയതായിരുന്നു റസീന. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റര്‍ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 290 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.