2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

ചുവടുമാറ്റം?; യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയുമായി എ.എ.പി ചര്‍ച്ച നടത്തുന്നു; ഡല്‍ഹിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി ബി.ജെ.പി മുന്‍നേതാവ് യശ്വന്ത് സിന്‍ഹയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തുന്നു. മുതിര്‍ന്ന എ.എ.പി നേതാക്കളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’വാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യശ്വന്ത് സിന്‍ഹയോടും ശത്രുഘ്‌നന്‍ സിന്‍ഹയോടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ രണ്ടാഴ്ച മുമ്പ് പൊതുപരിപാടിയില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ എ.എ.പി ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്.

ശത്രുഘ്‌നന്‍ സിന്‍ഹയെ വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് എ.എ.പിയുടെ ആലോചന. നിലവില്‍ ബിഹാറിലെ പട്‌ന സാഹിബില്‍നിന്നുള്ള എം.പിയാണ് സിന്‍ഹ. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍നിന്ന് രാജിവച്ചത്.

സെപ്റ്റംബര്‍ ഒമ്പതിന് എ.എ.പിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ് നടത്തിയ ദശദിന പദയാത്രയില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും കെജ്‌രിവാളിനൊപ്പം വേദി പങ്കിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.