2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പേടിഎം സ്ഥാപകനെ ബ്ലാക്ക് മെയില്‍ ചെയ്ത് 20 കോടി തട്ടാന്‍ ശ്രമിച്ച പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍

ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് 20 കോടിരൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍. സോണിയ ധവാനാണ് പിടിയിലായത്.പത്തു വര്‍ഷം ശര്‍മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇവര്‍. ശര്‍മയുടെ ലാപ്‌ടോപ്പ്, ഫോണ്‍ എന്നിവയില്‍ നിന്നാണ് സോണിയ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല.

സഹപ്രവര്‍ത്തകനായ ദേവേന്ദര്‍ കുമാര്‍, ഭര്‍ത്താവ് രൂപക് ജെയിന്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് സോണിയ ഗൂഢാലോചന നടത്തിയത്. ഇവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ നിര്‍ദേശ പ്രകാരം രോഹിത് ചോമാല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ശര്‍മയുടെ സഹോദരനെ ഫോണില്‍ വിളിച്ച് 20 കോടി രൂപ ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ സല്‍പേര് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സെപ്തംബര്‍ 20നാണ് ആദ്യ കോള്‍ വന്നത്. രോഹിത് ചോമാല്‍ കൊല്‍ക്കത്ത സ്വദേശിയാണെന്ന് പൊലിസ് കണ്ടെത്തി. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല.

ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബ്ലാക് മെയിലിന് നേതൃത്വം നല്‍കിയത് സോണിയയാണെന്ന് വ്യക്തമായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.