2018 June 22 Friday
എല്ലാ അറിവിന്റേയും ഉന്നമായിത്തീരേണ്ടത് ഗുണപൂര്‍ണമായ കര്‍മമായിരിക്കണം.
-ഫിലിപ് ഡിസ്‌നി

അംബേദ്ക്കര്‍ക്കെതിരെ പരാമര്‍ശം: ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്ക്കറിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം. പ്രത്യേക കോടതിയുടേതാണ് നിര്‍ദ്ദേശം.

ഡി ആര്‍ മേഘ്‌വാള്‍ എന്നയാളുടെ പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേനാ അംഗം കൂടിയാണ് ഡി ആര്‍ മേഘ്‌വാള്‍. അംബേദ്ക്കറെ അപമാനിച്ചതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ വികാരം കൂടിയാണ് വ്രണപ്പെടുത്തിയതെന്ന് പരാതിക്കാരനായ മേഘ്‌വാള്‍ പറയുന്നു.

പാണ്ഡ്യയെ പോലെ പ്രശസ്തനായ ഒരാള്‍ ഒരിക്കലും ഭരണഘടനയെയോ അതിന്റെ ശില്‍പ്പിയേയും അപമാനിക്കാന്‍ പാടില്ലായിരുന്നെന്നും അതിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ വികാരത്തെയാണ് താരം വ്രണപ്പെടുത്തിയതെന്നും മേഘ്‌വാള്‍ ചൂണ്ടിക്കാട്ടി. അംബേദ്ക്കറിനെ പോലെ ഒരു വ്യക്തിത്വത്തെ അപമാനിക്കുന്നത് വഴി അക്രമം പടര്‍ത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമായി കാണണമെന്ന് അഭിഭാഷകന്‍ കൂടിയായ മേഘ്‌വാള്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലെ ട്വീറ്റാണ് പാണ്ഡ്യെയെ വെട്ടിലാക്കിയത്. ‘ഏത് അംബേദ്ക്കര്‍? ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ’ എന്നായിരുന്നു 2017 ഡിസംബര്‍ 26 ന് പാണ്ഡ്യയുടെ ട്വീറ്റ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.