2017 December 11 Monday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ വീഡിയോ: അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണത്തിന് മുസ്‌ലിം വിരുദ്ധ വീഡിയോ ഉപയോഗിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വീഡിയോ ആരാണ് നിര്‍മിച്ചതെന്ന് അന്വേഷിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി സൈ്വന്‍ പോലിസിനോട് ഉത്തരവിട്ടു.

യുവതിയും അമ്മയും അഛനും അടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. വൈകീട്ട് യുവതി തനിച്ചു തെരുവിലൂടെ നടക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ബാങ്കുവിളിയുടെ ശബ്ദം മുഴങ്ങുന്ന ദൃശ്യത്തോടെയാണ് 1.15 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ തുടങ്ങുന്നത്. വൈകീട്ട് ഏഴുമണിക്കു ശേഷം ഗുജറാത്തില്‍ ഇത് സംഭവിക്കാം എന്ന് തുടക്കത്തില്‍ വിഡിയോയില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്. വളരെ ഭീതിയോടെയാണ് യുവതി നടക്കുന്നത്. ഈസമയം യുവതിയുടെ വാര്‍ധക്യത്തോടടുത്ത മാതാപിതാക്കള്‍ ആകാംക്ഷയോടെ വീട്ടില്‍ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കാണിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണന്റെ പ്രതിമയും കാണാം.

ധൃതിയില്‍നടന്നു വീട്ടിലെത്തുന്ന യുവതി കോളിംഗ് ബെല്‍ അമര്‍ത്തുന്നതോടെ അമ്മ വാതില്‍തുറയ്ക്കുന്നു. അകത്തുപ്രവേശിച്ചയുടന്‍ അവളെ അമ്മ ആശ്ലേഷിക്കുകയും അച്ഛന്‍ അവളുടെ നെറുകയില്‍ തലോടുകയും ചെയ്യുകയാണ്.

പിന്നീട് മൂവരും ചേര്‍ന്നുനിന്ന് കാമറയ്ക്കു അഭിമുഖമായി സംസാരിക്കുന്നു. ‘ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ എന്തിനാണ് ആശ്ചര്യപ്പെടുന്നത്’? എന്ന് അമ്മ പറയുന്നു. ’20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ഇങ്ങനെ സംഭവിച്ചിരുന്നു. അന്നത്തെ ആളുകള്‍ (സര്‍ക്കാര്‍) മടങ്ങിവരുകയാണെങ്കില്‍ ഇനിയും ഇതൊക്കെ സംഭവിക്കാം’ എന്നു അച്ഛനും പറഞ്ഞു. ‘പക്ഷെ ആരും ആശങ്കപ്പെടേണ്ട. ആരും വരില്ല. കാരണം മോദിജി ഇവിടെയുണ്ട്’ എന്നു പെണ്‍കുട്ടിയും പറയുന്നതോടെയാണ്  വിഡിയോ ആവസാനിക്കുന്നത്.

വീഡിയോ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.