2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

വാദ്യോപകരണം വായിച്ച് പുലിവാല് പിടിച്ച് മമത; നീറോ ചക്രവര്‍ത്തിയെന്ന് പരിഹസിച്ച് പ്രതിപക്ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് പുതിയ നിക്ഷേപകരെ ക്ഷണിക്കുന്നതിനായി നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ഒരു കൗതുകത്തിന് തെരുവ് കളിക്കാരന്റെ കയ്യിലെ വാദ്യോപകരണം വായിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി വെട്ടിലായി. മമതയുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വിദേശ സന്ദര്‍ശനത്തിനിടെ ഫ്രാങ്ക്ഫര്‍ട്ടിലെ തെരുവീഥിയില്‍ അക്കോര്‍ഡിയന്‍ എന്ന വാദ്യോപകരണം വായിക്കുന്ന മമതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്.

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചിരുന്ന നീറോ ചക്രവര്‍ത്തിയോടാണ് സി.പി.എമ്മിന്റെ നിയമസഭാംഗം സുജന്‍ ചക്രബര്‍ത്തി മമതയെ ഉപമിച്ചത്. സെപ്റ്റംബര്‍ ആറിന് കൊല്‍ക്കത്തയിലെ മജേര്‍ഹത് പാലം തകര്‍ന്ന് മൂന്നു പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ബഗ്രീ മാര്‍ക്കറ്റിലുണ്ടായ അഗ്‌നിബാധയിലും വന്‍ നാശനഷ്ടമുണ്ടായിരുന്നു. ഇതെല്ലാം നടക്കുമ്പോഴും വിദേശത്ത് കറങ്ങി നടന്ന വാദ്യോപകരണം വായിക്കുകയാണ് എന്ന് ആരോപിച്ച് ട്വിറ്ററിലൂടെ മമതയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സുജന്‍.

ഹം ഹോംഗെ കാമ് യാബ് എന്ന പ്രശസ്ത ഗാനമാണ് മമത വായിച്ചത്. സാരിയുടുത്ത് വാദ്യോപകരണം വായിക്കുന്ന മമതയെ നിരവധി തദ്ദേശവാസികള്‍ പ്രശംസിക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.