2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

തെലങ്കാന തെരഞ്ഞെടുപ്പ്: മുസ്‌ലിംകളെ അവഗണിച്ച് കോണ്‍ഗ്രസ്, 75അംഗ പട്ടികയില്‍ നാല് മുസ്‌ലിം സ്ഥാനാര്‍ഥികള്‍

ഹൈദരാബാദ്: രാജ്യമെങ്ങും മുസ്‌ലിം ദലിത് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെ പട.ാെരുക്കുന്ന കോണ്‍ഗ്രസിനകത്തും പക്ഷപാതിത്വത്തിന് കുറവില്ല. ഡിസംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തികഞ്ഞ അവഗണനയാണ് മുസ് ലിം വിഭാഗത്തോട് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നത്. പ്രഖ്യാപിച്ച 75 സ്ഥാനാര്‍ഥികളില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ലിങ്ങള്‍

12.7 ശതമാനത്തോളം മുസ്‌ലിംകള്‍ ജീവിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. (2011 സെന്‍സസ്). സംസ്ഥാനത്ത് നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ‘മതേതരപാര്‍ട്ടി’യെന്നും ‘ദേശീയപാര്‍ട്ടി’യെന്നും അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തങ്ങളുടെ സമുദായത്തോട് ചെയ്ത വലിയ അനീതിക്കതിര െപാര്‍ട്ടിയിലെ മുസ് ലിം നേതാക്കളില്‍ നിന്ന് കടുത്ത അമര്‍ഷമുയരുന്നുണ്ട്.

നിലവില്‍ സംസ്ഥാനം ഭരിക്കുന്നത് തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ് ) ആണ്. ടി.ആര്‍.എസിനെതിരെ കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.), തെലങ്കാന ജനസമിതി (ടി.ജെ.എസ്.), സി.പി.ഐ. എന്നിവ മുന്നണിയായാണ് മത്സരിക്കുന്നത്. 94 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 14 മണ്ഡലങ്ങളില്‍ ടി.ഡി.പി, എട്ടെണ്ണത്തില്‍ ടി.ജെ.എസ്, മൂന്നെണ്ണത്തില്‍ സി.പി.ഐ എന്നിങ്ങനെയാണ് സഖ്യത്തിലെ സീറ്റ് കണക്കുകള്‍.94 മണ്ഡലങ്ങളില്‍ , 75 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പഖ്യാപിച്ചത്.

‘രാഷ്ട്രീയപരമായ അവസരങ്ങള്‍ ഞങ്ങള്‍ക്ക് തരുന്നില്ല. പക്ഷേ, ഞങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് വേണം. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ എന്താണ് വ്യത്യാസം. മതേതരപാര്‍ട്ടിയാണെന്ന് പറഞ്ഞ് വര്‍ഗീയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്’- തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ആബിദ് റസൂല്‍ ഖാന്‍ പറയുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ ആബിദ് റസൂല്‍ ഖാന്‍ കോണ്‍ഗ്രസ്് മുസ്‌ലിം സമുദായത്തോട് ചെയ്ത അനീതിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയ ആബിദ് റസൂല്‍ വെള്ളിയാഴ്ച്ച പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെക്കുകയായിരുന്നു.

മുസ്‌ലിംകളോട് നീതികാണിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെക്കുകയാണെന്ന് മറ്റൊരു നേതാവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മൈനോറിറ്റി ദേശീയ കോര്‍ഡിനേറ്ററുമായ ഖലീഖ് റഹ്മാന്‍ പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയില്‍(ടി.ആര്‍.എസ്) അംഗംത്വം എടുക്കുകയാണെന്നു ഇരുവരും പ്രഖ്യാപിച്ചിട്ടുണ്ട്.

തെലങ്കാനയില്‍ മുസ്‌ലിം നേതാക്കള്‍ നിരാശയിലാണ്. യഥാര്‍ഥ പ്രവര്‍ത്തകരെ പരിഗണിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍, സംഭവിക്കുന്നത് മറിച്ചാണ്. നല്‍ഗോണ്ട, നിസാമാബാദ്, ഖമ്മം എന്നിവിടങ്ങളില്‍ ജനസംഖ്യയുടെ 30-35 ശതമാനം മുസ്‌ലിങ്ങളാണ്. മുസ്‌ലിങ്ങളുടെ വോട്ട് അനായാസം ലഭിക്കുന്നതിനാല്‍ അവിടെ സ്ഥാനമുറപ്പിച്ചിരിക്കുന്ന റെഡ്ഡി സമുദായക്കാര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന റെഡ്ഡി സമുദായക്കാര്‍ക്ക് എവിടെനിന്നുവേണമെങ്കിലും ജയിക്കാം. അതേസമയം ഈ പട്ടണങ്ങളിലെ സീറ്റ് മുസ്‌ലിങ്ങള്‍ക്കു നല്‍കണം

ആബിദ് റസൂല്‍ പറഞ്ഞു. തെലങ്കാനയിലെ 10 ജില്ലകളിലെ ഒരോ നിയോജകമണ്ഡലങ്ങളിലും ഒരു സീറ്റ് മുസ്ലിം സമുദായത്തിനു നല്‍കിയാല്‍ മാത്രമേ സാമൂഹ്യനീതി പുലരൂ എന്നാണ് ആബിദ് റസൂലിന്റെ വാദം.നിലവില്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേര്‍ ഏറ്റവും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണെന്നും ഒരാള്‍ സംഘടനയുടെ ഭാഗമല്ലെന്നും അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ നാമനിര്‍ദേശം ചെയ്യുന്ന ജനപ്രതിനിധികളില്‍ മുഴുവന്‍ മുസ്‌ലിം , ക്രിസ്ത്യന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാവുമോ എന്നും ആബിദ് റസൂല്‍ ചോദിക്കുന്നു. രാഷ്ട്രീയപരമായ അവസരങ്ങള്‍ മുസ്‌ലിം സമുദായത്തിന് നിഷേധിക്കുന്നതിന് പുറമെ നാമനിര്‍ദേശം ചെയ്യേണ്ട പദവികളിലേക്കും നിര്‍ദേശിക്കുന്നിലെന്നും ആബിദ് കുറ്റപ്പെടുത്തുന്നു.

പിന്നാക്കവിഭാഗങ്ങള്‍, മുസ്‌ലിംകള്‍ , ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയവും സാമൂഹികവുമായ പരിഗണന നല്‍കുന്നില്ലെന്നും ആബിദ് റസൂല്‍ രാജിക്കത്തില്‍ പറഞ്ഞു.
നിങ്ങളൊരു ആത്മാര്‍ത്ഥതയുള്ള മതേതരനേതാവാണെന്നും എന്നാല്‍ കോണ്‍ഗ്രസ് കാക്കി അണിഞ്ഞ സംഘികളുടെ പിടിയിലാണെന്നും അത് താങ്കളുടെ അറിവോടെയാണെന്നും ആബിദ് റസൂല്‍ പറയുന്നു.

ഒറ്റക്ക് മത്സരിക്കുന്ന അസദുദ്ദീന്‍ ഉവൈസി അധ്യക്ഷനായ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഇതുവരെ എട്ടു സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഏഴു എം.എല്‍.എമാര്‍ എം.ഐ.എമ്മിനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News